ലീഗ് വണ്ണിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ് പി.എസ്.ജി. പുതിയ സീസണില്‍ മികച്ച പ്രകടനമാണ് ടീം ഇതുവരെ കാഴ്ചവെക്കുന്നത്. ആദ്യ മൂന്ന് മത്സരത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയ ടീം നാലാം മത്സരത്തില്‍ മൊണോക്കൊക്കെതിരെ സമനില വഴങ്ങിയിരുന്നു.
അഞ്ചാം മത്സരത്തില്‍ ടൗലോസിനെ നേരിടാന്‍ ഒരുങ്ങുകയാണ് പി.എസ്.ജി. മുന്‍ സ്പാനിഷ്, റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസ് ടീമിന്റെ നായകനായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ടീമിന്റെ ക്യാപ്റ്റനായ മാര്‍ക്കിനോസും വൈസ് ക്യാപ്റ്റനായ കിംബപ്പെയുമില്ലെങ്കിലാണ് അദ്ദേഹം നായകന്റെ ആം ബാന്‍ഡ് ധരിക്കുക.
ഓഗസ്റ്റ് 31നാണ് ടൗലോസിനെതിരെയുള്ള പി.എസ്.ജിയുടെ മത്സരം. മത്സരത്തില്‍ ജയിക്കാനും വിജയ വഴിയില്‍ തിരിച്ചുവരാനുമായിരിക്കും പി.എസ്.ജി ശ്രമിക്കുക. എന്നാല്‍ പ്രധാന താരങ്ങളുടെ പരിക്ക് ടീമിനെ വേട്ടയാടുന്നുണ്ട്. സെന്റര്‍ ഡിഫന്‍ഡറായ കിംബപെയും പാബ്ലോ സറാബിയയും പരിക്ക് കാരണം കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്യാപ്റ്റന്‍ മാര്‍ക്കിനോസും ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ല എന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ക്യാപ്റ്റന്‍മാര്‍ക്ക് ഒരു ക്ഷാമമില്ലാത്ത ടീമാണ് പി.എസ്.ജി. ലയണല്‍ മെസി, സെര്‍ജിയോ റാമോസ്, നെയ്മര്‍ എന്നിവരെല്ലാം ലീഡറെന്ന നിലയില്‍ ഒരുപാട് പേരെടുത്തവരാണ്.
ഈ സീസണിലെ നാല് മത്സരത്തിലും കിംബപെയും മാര്‍ക്കിനോസും കളത്തിലിറങ്ങിയിരുന്നു. ടൗലോസിനെതിരെ ഇരുവരും കളിക്കാന്‍ ഇറങ്ങാത്തത് ടീമിന് വലിയ തിരിച്ചടി തന്നെയായിരിക്കും. മത്സരത്തില്‍ ഒരുപാട് സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള താരങ്ങളാണ് ഇരുവരും.
ഇരുവരും മത്സരത്തില്‍ ഇല്ലാത്ത സാഹചര്യത്തില്‍ പി.എസ്.ജി ഡിഫന്‍സില്‍ ആരെയൊക്കെ കളിപ്പിക്കുമെന്ന് കണ്ടറിയണം. മുന്നേറ്റ നിരയിലെ സൂപ്പര്‍താരങ്ങളായ മെസി, എംബാപെ, നെയ്മര്‍ എന്നിവരാണ് പി.എസ്.ജിയുടെ പ്രധാന ശക്തികള്‍.
Content Highlight: Sergio Ramos likely to Be captain of PSG