ലാ ലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റയല്‍ സോസിഡാഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെവിയ്യയെ തോല്‍പ്പിച്ചു. മത്സരത്തില്‍ സ്പാനിഷ് സൂപ്പര്‍ താരം സെര്‍ജിയോ റാമോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു.
ഈ ചുവപ്പ് കാര്‍ഡോടെ ഒരു മോശം റെക്കോഡും റാമോസിനെ തേടിയെത്തിയിരിക്കുകയാണ്. ലാ ലിഗ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റെഡ് കാര്‍ഡുകള്‍ കണ്ട താരമെന്ന റെക്കോഡാണ് റാമോസിന്റെ പേരിലായത്. സ്പാനിഷ് ലീഗില്‍ 29 തവണയാണ് റാമോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്.
ലാ ലിഗയില്‍ റാഫേല്‍ മാര്‍ക്വാസ് 21 റെഡ് കാര്‍ഡും ഫിലിപ്പെ മെലൊ 20 തവണയുമാണ് റെഡ് കാര്‍ഡ് കണ്ട് പുറത്തായത്. ലാ ലിഗയില്‍ 20ന് മുകളില്‍ ചുവപ്പുകാര്‍ഡ് കണ്ട താരങ്ങള്‍ ഇവര്‍ മൂന്ന് പേര്‍ മാത്രമാണ്.
ഫ്രഞ്ച് വമ്പന്‍മാരായ പാരീസില്‍ നിന്നും തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തിയതിനുശേഷമുള്ള റാമോസിന്റെ ആദ്യ ചുവപ്പ് കാര്‍ഡ് ആയിരുന്നു ഇത്.
മത്സരത്തിന്റെ 88ാം മിനിട്ടില്‍ ആയിരുന്നു റാമോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. റയല്‍ സോസിഡാഡ് താരം ബ്രെയ്സ് മെന്‍ഡെസിനെ ടാക്കിള്‍ ചെയ്തതിനായിരുന്നു റാമോസ് ചുവപ്പ് കാര്‍ഡിന്റെ ശിക്ഷ നേരിട്ടത്.
അതേ മിനിട്ടില്‍ തന്നെ ജീസസ് നവാസും ചുവപ്പ് കാര്‍ഡ് കണ്ടുപുറത്തായി. നവാസിന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയറിലെ ആദ്യ റെഡ് കാര്‍ഡ് ആയിരുന്നു ഇത്. ഈ രണ്ട് താരങ്ങളും ഇല്ലാതെയായിരിക്കും സെവിയ്യ അടുത്ത മത്സരത്തിനിറങ്ങുക. പ്രധാന താരങ്ങളുടെ അഭാവം വലിയ തിരിച്ചടിയായിരിക്കും ടീമിന് നല്‍കുക.
മത്സരത്തിന്റെ മൂന്നാം മിനിട്ടില്‍ മാര്‍കോ ഡിമിട്രൊവിച്ചിന്റെ ഓണ്‍ ഗോളിലൂടെ റയല്‍ സോസിഡാഡ് ആണ് ആദ്യം മുന്നിലെത്തിയത്.
22ാം മിനിട്ടില്‍ ഉമര്‍ സാദിക്ക് സോസിഡാഡിനായി രണ്ടാം ഗോളും നേടി. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ 2-0ത്തിന് റയല്‍ സോസിഡാഡ് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ 60ാം മിനിട്ടില്‍ യൂസഫ് എന്‍ നെസെയ്‌റിയാണ് സെവിയ്യയുടെ ആശ്വാസ ഗോള്‍ നേടിയത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 2-0ത്തിന് റയല്‍ സോസിഡാഡ് ജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Sergio ramos have create record most red cards in La Liga.