തോറ്റാലെന്താ! തകര്‍പ്പന്‍ റെക്കോഡ് പോക്കറ്റിലാക്കി; ഇതിഹാസത്തിന്റെ നേട്ടത്തിനൊപ്പമെത്തി റാമോസ്
Football
തോറ്റാലെന്താ! തകര്‍പ്പന്‍ റെക്കോഡ് പോക്കറ്റിലാക്കി; ഇതിഹാസത്തിന്റെ നേട്ടത്തിനൊപ്പമെത്തി റാമോസ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th November 2023, 11:59 am

ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.വി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സെവിയ്യയെ തോല്‍പ്പിച്ചു. ടീം പരാജയപ്പെട്ടെങ്കിലും ഒരു റെക്കോഡ് നേട്ടം സ്വന്തം പേരിലാക്കിയിരിക്കുകയാണ് സെവിയ്യയുടെ സ്പാനിഷ് സൂപ്പര്‍ താരം സെര്‍ജിയോ റാമോസ്.

മത്സരത്തില്‍ റാമോസ് ഒരു ഗോള്‍ നേടിയിരുന്നു. ഈ ഗോളോടെ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഡിഫന്‍ഡര്‍ എന്ന നേട്ടത്തിലേക്കാണ് റാമോസ് നടന്നുകയറിയത്. 16 ഗോളുകളാണ് ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് താരം നേടിയത്.

ബ്രസീലിയന്‍ താരം റോബര്‍ട്ടോ കാര്‍ലോസ്, ബാഴ്സയുടെ മുന്‍ സ്പാനിഷ് താരമായ ജെറാഡ് പിക്വ എന്നിവരുടെ റെക്കോഡിനൊപ്പമാണ് റാമോസ് എത്തിയത്.

116 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും, പിക്വ 128 മത്സരങ്ങളില്‍ നിന്നും 16 ഗോളുകള്‍ നേടിയപ്പോള്‍ റാമോസ് 141 മത്സരങ്ങളില്‍ നിന്നുമാണ് ഈ നാഴികകല്ലിലെത്തിയത്.

സെവിയ്യയുടെ ഹോം ഗ്രൗണ്ടായ റാമോണ്‍ സാഞ്ചസ് പിസ്ജുവാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 24ാം മിനിട്ടിലായിരുന്നു റാമോസിന്റെ റെക്കോഡ് ഗോള്‍ പിറന്നത്.

47ാം മിനിട്ടില്‍ യൂസഫ് എന്‍ നെസ്യറി സെവിയ്യയുടെ രണ്ടാം ഗോള്‍ നേടി. എന്നാല്‍ മത്സരത്തിന്റെ 66ാം മിനിട്ടില്‍ സെവിയ്യ താരം ലൂക്കാസ് ഒക്കബോസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ബാക്കിയുള്ള സമയങ്ങളില്‍ പത്ത് പേരുമായാണ് സെവിയ്യ കളിച്ചത്.

ഈ അവസരം കൃത്യമായി മുതലാക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചു. ഇഞ്ചുറി ടൈമില്‍ സെവിയ്യ താരം ഫെര്‍ണാണ്ടോയും ചുവപ്പുകാര്‍ഡ് കണ്ടതോടെ പൂര്‍ണമായും സെവിയ്യ തകരുകയായിരുന്നു.

തുടര്‍ന്നുള്ള നിമിഷങ്ങളില്‍ ഇസ്മയില്‍ സൈബരി (68′), നെമഞ്ജ ഗുഡെല്‍ജ് (81′ ഓണ്‍ ഗോള്‍), റിക്കാര്‍ഡോ പെപ്പി (90+2′) എന്നിവര്‍ പി.എസ്.വിക്കായി ഗോള്‍ നേടികൊണ്ട് തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

തോല്‍വിയോടെ ഗ്രൂപ്പ് എയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ട് സമനില മാത്രമായി രണ്ട് പോയിന്റുമായി അവസാന സ്ഥാനത്താണ് സെവിയ്യ.

ലാ ലിഗയില്‍ ഡിസംബര്‍ മൂന്നിന് വിയ്യാറയലിനെതിരെയാണ് സെവിയ്യയുടെ അടുത്ത മത്സരം.

Content Highlight: Sergio Ramos have create record most gaols as a defender in UCL.