റയൽ വേണ്ട; പി.എസ്.ജി മതി; പാരിസ് ക്ലബ്ബിൽ നിന്നും റയലിലേക്കില്ലെന്ന് സൂപ്പർ താരം
football news
റയൽ വേണ്ട; പി.എസ്.ജി മതി; പാരിസ് ക്ലബ്ബിൽ നിന്നും റയലിലേക്കില്ലെന്ന് സൂപ്പർ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th March 2023, 11:51 am

ഫ്രഞ്ച് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലീഗ് വണ്ണിൽ മികവോടെ കളിച്ച് മുന്നേറുകയാണ് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി.
ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായെങ്കിലും ലീഗിൽ തങ്ങൾക്ക് വെല്ലുവിളിയുയർത്താൻ മറ്റാരുമില്ലെന്ന തോന്നൽ ഉളവാക്കിയാണ് പാരിസ് ക്ലബ്ബിന്റെ ജൈത്രയാത്ര.

ഞായറാഴ്ച നടന്ന മത്സരത്തിൽ ബ്രെസ്റ്റ് എഫ്.സിക്കെതിരെ നടന്ന മത്സരത്തിൽ വിജയിക്കാൻ സാധിച്ചതോടെ ലീഗ് ടേബിളിലെ തങ്ങളുടെ ഒന്നാം സ്ഥാനം സുരക്ഷിതമായി നിലനിർത്താനും ഫ്രഞ്ച് ക്ലബ്ബിന് സാധിച്ചു.

എന്നാലിപ്പോൾ പി.എസ്.ജിയിൽ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും പാരിസ് ക്ലബ്ബ്‌ വിട്ട് റയൽ മാഡ്രിഡിലേക്കില്ലെന്നും സെർജിയോ റാമോസ് പറഞ്ഞു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എൽ നാഷണലാണ് റയൽ മാഡ്രിഡിൽ നിന്നും വന്ന ഓഫർ റാമോസ് നിഷേധിച്ചു എന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2021ലാണ് റയലിൽ നിന്നും പാരിസിലേക്ക് സെർജിയോ റാമോസ് ചേക്കേറിയത്.

പി.എസ്.ജിയിലേക്ക് എത്തിയതിന് പിന്നാലെ ഫ്രഞ്ച് ക്ലബ്ബിന്റെ ഒഴിച്ചുകൂടാൻ കഴിയാത്ത ഘടകമായി മാറിയ റാമോസ് പി.എസ്.ജിയുടെ പ്രതിരോധ നിരക്കായി കണക്കറ്റ സംഭാവനകളാണ് നൽകിയിട്ടുള്ളത്. റാമോസിന്റെ നേതൃത്വത്തിൽ മൊത്തം 36 മത്സരങ്ങളിൽ നിന്നും 11 ക്ലീൻ ഷീറ്റുകളാണ് പി.എസ്.ജി സ്വന്തമാക്കിയിരിക്കുന്നത്.

671 മത്സരങ്ങളിൽ റയലിനായി ജേഴ്സിയണിഞ്ഞ റാമോസിനെ ക്ലബ്ബ് പ്രസിഡന്റായ പെരസാണ് ക്ലബ്ബിലേക്ക് തിരികെ വിളിച്ചത്. എന്നാൽ പി.എസ്.ജിയിൽ തന്നെ തുടരാൻ റാമോസ് തീരുമാനിക്കുകയായിരുന്നു എന്നാണ് എൽ നാഷണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം ലീഗ് വണ്ണിൽ നിലവിൽ 27 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 66 പോയിന്റുകളോടെ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.


മാർച്ച് 19ന് റെന്നെസിനെതിരെയാണ് ഫ്രഞ്ച് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Sergio Ramos has rejected a stunning offer from Real Madrid reports