| Friday, 24th February 2023, 10:15 am

'കളത്തില്‍ ഒത്തിരി കഷ്ടപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം'; മെസി-റൊണാള്‍ഡോ ഫാന്‍ ഡിബേറ്റില്‍ റാമോസ്

സ്പോര്‍ട്സ് ഡെസ്‌ക്

ലയണല്‍ മെസി-ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഫാന്‍ ഡിബേറ്റില്‍ പങ്കെടുത്ത് പി.എസ്.ജിയുടെ സ്പാനിഷ് താരം സെര്‍ജിയോ റാമോസ്.

മെസിക്കും റൊണാള്‍ഡോക്കുമൊപ്പം മത്സരിക്കന്‍ അവസരം ലഭിച്ച് അപൂര്‍വം താരങ്ങളില്‍ ഒരാളാണ് റാമോസ്. ആധുനിക ഫുട്‌ബോളില്‍ ആരാണ് ഗോട്ട് എന്നുള്ളതിന് മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ താരം.

മെസിക്കെതിരെ കളിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ കളി ആസ്വദിക്കുകയാണെന്നും റാമോസ് പറഞ്ഞു. ലോകത്തെ ഫുട്‌ബോള്‍ താരങ്ങളില്‍ ഏറ്റവും മികച്ചത് മെസിയാണെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.ജി ടി.വിയോട് സംസാരിക്കുന്നതിനിടെയാണ് റാമോസ് ഇക്കാര്യം സംസാരിച്ചത്.

‘മെസിക്കെതിരെ കളിക്കുമ്പോള്‍ ഒത്തിരി കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ പി.എസ്.ജിയില്‍ ഞാന്‍ അദ്ദേഹത്തിന്റെ കളി ആസ്വദിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളറില്‍ ഒരാളാണ് മെസി,’ റാമോസ് പറഞ്ഞു.

റൊണാള്‍ഡോക്കൊപ്പം റയല്‍ മാഡ്രിഡില്‍ കളിച്ചിട്ടുള്ള താരമാണ് റാമോസ്. മെസി ബാഴ്‌സലോണക്കായി കളിക്കുമ്പോള്‍ റാമോസ് മെസിക്കെതിരെ കളത്തിലിറങ്ങിയിട്ടുണ്ട്. 2010ല്‍ റയലിനെ ബാഴ്‌സ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പിച്ച മത്സരത്തില്‍ മെസിക്കെതിരെ അപകടകരമായ ഫൗള്‍ നടത്തി റാമോസ് ചുവപ്പ് കാര്‍ഡ് വാങ്ങിയിരുന്നു.

അതേസമയം, റാമോസ് സ്പാനിഷ് ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്പെയിനിനായി 18 വര്‍ഷം ബൂട്ടുകെട്ടിയ റാമോസ് മുന്‍ ക്യാപ്റ്റന്‍ കൂടിയാണ്. ദേശീയ ജേഴ്സിയില്‍ 180 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. 2010ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമില്‍ റാമോസ് അംഗമായിരുന്നു.

നീണ്ട ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയായിരുന്നു റാമോസിന്റെ വിരമിക്കല്‍ പ്രഖ്യാപനം. പോകാന്‍ സമയമായെന്നും ഇന്ന് രാവിലെ നിലവിലെ സ്പാനിഷ് കോച്ചില്‍ നിന്ന് കോള്‍ വന്നതോടുകൂടിയാണ് വിരമിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിരമിക്കല്‍ കുറിപ്പില്‍ അര്‍ജന്റൈന്‍ മെസിയെ കുറിച്ചും റാമോസ് പരാമര്‍ശിച്ചിരുന്നു. മെസിയെയും മോഡ്രിച്ചിനെയും പെപ്പെയെയും പോലുള്ള താരങ്ങളോട് തനിക്ക് അസൂയയും ആരാധനയുമാണെന്നും അദ്ദേഹം പറഞ്ഞു.

ഫുട്ബോളില്‍ പ്രായം ഒരു പ്രശ്നമല്ലെന്നും അത് പ്രകടനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്റെ കാര്യത്തില്‍ ഭാഗ്യം തുണച്ചില്ലെന്നും റാമോസ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Sergio Ramos chooses Lionel Messi from the goat debate

We use cookies to give you the best possible experience. Learn more