| Monday, 25th July 2022, 9:34 pm

'ഒരു നിമിഷം ഞാന്‍ എല്‍-ക്ലാസിക്കോ ഓര്‍ത്തുപോയി' ; പരിശീലനത്തിനിടെ കൊമ്പുകോര്‍ത്ത് മെസിയും റാമോസും

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകത്തെ എക്കാലത്തേയും വലിയ പോരാട്ടങ്ങളിലൊന്നാണ് എല്‍-ക്ലാസിക്കോ മത്സരങ്ങള്‍ സ്പാനിഷ് ക്ലബ്ബുകളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയുമാണ് ആ പോരാട്ടത്തില്‍ ഏറ്റുമുട്ടാറുള്ളത്. ഫുട്‌ബോളിന്റെ എല്ലാ വീറും വാശിയും ഈ മത്സരങ്ങളില്‍ കാണാന്‍ സാധിക്കും.

ഇതില്‍ തന്നെ ബാഴ്‌സയുടെ ലയണല്‍ മെസിയുടെയും റയലിന്റെ സെര്‍ജിയോ റാമോസിന്റെയും ഏറ്റുമുട്ടലുകള്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. മത്സരത്തിന്റെ എല്ലാ ആവേശവും ഇരുവരുടെയും പോരാട്ടത്തില്‍ കാണാന്‍ സാധിച്ചിരുന്നു.

കീരിയും പാമ്പും എന്നറിയപ്പെട്ടിരുന്ന ഇരുവരും കഴിഞ്ഞ സീസണില്‍ ലീഗ് വണ്‍ ടീമായ പി.എസ്.ജിയില്‍ എത്തിയിരുന്നു. അതിന് ശേഷം ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ചിലതൊന്നും അങ്ങനെ എത്ര തേച്ചാലും മാച്ചാലും മായില്ലെല്ലോ? അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

അനാവശ്യമായി ടാക്കിള്‍ ചെയ്തതിന്റെ പേരില്‍ പി.എസ്.ജി പരിശീലന സെഷനില്‍ സെര്‍ജിയോ റാമോസിനോടു തര്‍ക്കിക്കുന്ന ലയണല്‍ മെസിയുടെ വീഡിയോയാണ് വൈറലാകുന്നത്. നിലവില്‍ പ്രീ സീസണ്‍ മത്സരങ്ങള്‍ കളിച്ചു കൊണ്ടിരിക്കുന്ന പി.എസ്.ജി അതിനു മുന്നോടിയായി നടത്തിയ പരിശീലന സെഷനിലായിരുന്നു സംഭവം.

പരിശീലനത്തിനിടെ പന്തുമായി മുന്നേറാന്‍ ശ്രമിച്ച മെസിയെ റാമോസ് ടാക്കിള്‍ ചെയ്തിരുന്നു. എന്നാല്‍ താരത്തെ മറികടന്നു മുന്നോട്ടു പോയ മെസി ഗോള്‍ നേടി. എന്നാല്‍ റാമോസിന്റെ അനാവശ്യ ഫൗളില്‍ താരം ഒട്ടും തൃപ്തനല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പടരുന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഗോള്‍ നേടിയതിനു ശേഷം റാമോസിന്റെ അടുത്തേക്ക് പോയ മെസി തന്റെ അതൃപ്തി താരത്തോട് വ്യക്തമാക്കുന്നുണ്ട്. സ്പാനിഷ് പ്രതിരോധതാരം മെസിയെ തോളില്‍ തട്ടി സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തന്റെ അതൃപ്തി വ്യക്തമാക്കി അര്‍ജന്റീന താരം വീണ്ടും റാമോസിനോട് സംസാരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഒരുകാലത്ത് റയലിന്റെയും ബാഴ്‌സയുടെ നായകന്‍മാരായിരുന്നു ഇരുവരും. ചില കാര്യങ്ങള്‍ക്ക് ഒരിക്കലും മാറ്റം സംഭവിക്കില്ല എന്നാണ് ഒരുപാട് പേര്‍ വീഡിയോയെ കുറിച്ച് പറയുന്നത്.

കഴിഞ്ഞ സീസണിലെ ഫോമൗട്ട് മാറ്റാനായിരിക്കും ഇത്തവണ ഇരുവരും ശ്രമിക്കുക.

Content Highlights: Sergio Ramos and Lionel Messi Fights At practice session

We use cookies to give you the best possible experience. Learn more