സൂപ്പർ കോപ്പ റയലിനും ബാഴ്‌സക്കും വേണ്ടി മാത്രം നടത്തുന്ന ടൂർണമെന്റ്; കടുത്ത വിമർശനവുമായി സ്പാനിഷ് താരം
Football
സൂപ്പർ കോപ്പ റയലിനും ബാഴ്‌സക്കും വേണ്ടി മാത്രം നടത്തുന്ന ടൂർണമെന്റ്; കടുത്ത വിമർശനവുമായി സ്പാനിഷ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th January 2024, 5:08 pm

സൂപ്പര്‍ കോപ്പ ബാഴ്‌സലോണക്കും റയല്‍ മാഡ്രിഡിനും വേണ്ടി ഒരുക്കിയിട്ടുള്ളതാണെന്ന് വിമര്‍ശനവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഒസാസുന ഗോള്‍ കീപ്പര്‍ സെര്‍ജിയോ ഹെരേര.

സൂപ്പര്‍ കോപ്പ സെമിഫൈനലില്‍ ബാഴ്സലോണയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഒസാസുന പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഒസാസുന ഗോള്‍ കീപ്പറുടെ വിമര്‍ശനം.

‘ഈ ടൂര്‍ണമെന്റ് ബാഴ്‌സലോണ റയല്‍ മാഡ്രിഡിനോ വിജയിക്കാന്‍ വേണ്ടി മാത്രം രൂപകല്പന ചെയ്തിട്ടുള്ള ഒന്നാണ്. ഇതു വളരെ വ്യക്തമായിട്ടുള്ള ഒരു കാര്യമാണ്. കാരണം ഈ രണ്ടു ടീമുകളാണ് ഏറ്റവും കൂടുതല്‍ പണം ഉണ്ടാക്കുന്നത് അതുകൊണ്ടുതന്നെ അവര്‍ക്ക് ഈ കിരീടം നല്‍കുന്നു. ഫുട്‌ബോള്‍ കാണുന്ന ആരും ഇതിനെ എതിര്‍ക്കില്ല,’ മത്സരശേഷം സെര്‍ജിയോ ഹെരേര മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം അല്‍ അവാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് ബാഴ്‌സലോണ കളത്തില്‍ ഇറങ്ങിയത്. അതേസമയം മറുഭാഗത്ത് 5-3-2 എന്ന ശൈലിയും ആയിരുന്നു ഒസാസുന പിന്തുടര്‍ന്നത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ 59ാം മിനിട്ടില്‍ പോളിഷ് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌ക്കിയിലൂടെ ബാഴ്‌സലോണയാണ് ആദ്യം മുന്നിലെത്തിയത്. ഗോള്‍ തിരിച്ചടിക്കാന്‍ ഒസാസുന മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും കറ്റാലന്‍ ഡിഫന്‍സ് മറികടക്കാന്‍ സാധിച്ചില്ല.

ഒടുവില്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ലാമിനെ യമാല്‍ ബാഴ്‌സലോണയുടെ ലീഡ് രണ്ടാക്കി മാറ്റി. ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടവും സ്പാനിഷ് യുവതാരത്തെ തേടിയെത്തി. സൂപ്പര്‍ കോപ്പയുടെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് ലാമിനെ യമാല്‍ സ്വന്തമാക്കിയത്.

ടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബാഴ്സലോണ ജയം സ്വന്തമാക്കുകയായിരുന്നു. സൂപ്പര്‍ കോപ്പ ഫൈനലില്‍ ജനുവരി 15ന് റയല്‍ മാഡ്രിഡിനെ ബാഴ്സ നേരിടും.

Content Highlight: Sergio Herrera criticize Real Madrid and Barcelona in super copa.