ബാഴ്‌സലോണ സൂപ്പര്‍താരം സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് ഈ സീസണിന്റെ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് റിപ്പോര്‍ട്ട്. ഈ സീസണോടെ ബാഴ്‌സലോണയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ 34കാരനായ താരത്തെ റിലീസ് ചെയ്യാനാണ് ബാഴ്‌സയുടെ തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശസ്ത ഫുട്‌ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ബുസ്‌ക്വെറ്റ്‌സിന് പകരക്കാരനായുള്ള അന്വേഷണത്തിലാണ് കോച്ച് സാവിയെന്നും ചില താരങ്ങളെ നോട്ടമിട്ട് വെച്ചിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മൊറോക്കയുടെ മിഡ്ഫീല്‍ഡ് താരം സോഫിയാന്‍ അംറബാത് ആണ് പട്ടികയില്‍ ആദ്യം. വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ലെന്നും ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റയല്‍ ബെറ്റിസ് താരം ഗുയിഡോ റോഡ്രിഗസ് ആണ് സാവി ഷോര്‍ട്‌ലിസ്റ്റ് ചെയ്ത ബുസ്‌ക്വെറ്റ്‌സിന്റെ പകരക്കാരില്‍ രണ്ടാമത്തെയാള്‍. അര്‍ജന്റൈന്‍ താരത്തിന്റെ ലാ ലിഗയിലെയും അന്താരാഷ്ട്ര മത്സരങ്ങളിലെയും പെര്‍ഫോമന്‍സില്‍ ആകൃഷ്ടനായാണ് താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ബാഴ്‌സ പദ്ധതിയിട്ടത്.
ബുസ്‌ക്വെറ്റ്‌സിന്റെ ബൂട്ടില്‍ ശക്തനായ കളിക്കാരനാകാന്‍ റോഡ്രിഗസിന് സാധിക്കുമെന്നാണ് സാവിയുടെ വിശ്വാസം.
ലയണല്‍ മെസി ബാഴ്‌സയിലുണ്ടായിരുന്ന സമയത്ത് ക്ലബ്ബിലെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു ബുസ്‌ക്വെറ്റ്‌സ്. താരത്തിന്റെ വിടവാങ്ങല്‍ ടീം ബ്ലൂഗ്രാനയുടെ മധ്യ നിരയുടെ താളം തെറ്റിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിക്കുന്നത്.
അതേസമയം, ലാ ലിഗയില്‍ ഇതുവരെ കളിച്ച 33 മത്സരങ്ങളില്‍ നിന്ന് 26 ജയവും മൂന്ന് തോല്‍വിയുമായി 82 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. 13 പോയിന്റ് വ്യത്യാസത്തില്‍ അത്‌ലെറ്റികോ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത്.
മെയ് 15ന് എസ്പന്യോളിനെതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.
Content Highlights: Sergio Busquets will leave Barcelona in the end of the season