മെസിയോ റൊണാള്‍ഡോയോ? ഇവരില്‍ മികച്ചതാര്? ഈ തര്‍ക്കം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഫുട്ബോള്‍ ഉള്ളിടത്തോളം കാലം അന്ത്യമില്ലാതെ തുടരും എന്നുറപ്പുള്ള ചര്‍ച്ചയാണിത്.
ഇവരില്‍ ഏറ്റവും മികച്ച താരമാര് എന്ന ചോദ്യം മിക്ക പ്രൊഫഷണല്‍ താരങ്ങളും പരിശീലകരും കരിയറിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഈ ചോദ്യം നേരിട്ടിട്ടുണ്ടാകും.
സ്പാനിഷ് ഇതിഹാസ മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ ബുസ്‌ക്വെറ്റസും ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയിരുന്നു. അഞ്ച് വര്‍ഷം മുമ്പ് ഒരു അഭിമുഖത്തില്‍ ബുസി പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയിലേക്കുയരുകയാണ്.
മുണ്ടോ ഡി പോര്‍ട്ടീവോക്ക് നല്‍കിയ അഭിമുഖത്തിലാണ് ബുസ്‌ക്വെറ്റ്‌സ് ഇക്കാര്യം പറഞ്ഞത്. കംപ്ലീറ്റ് താരമായി മെസിയെ തെരഞ്ഞെടുത്ത ബുസ്‌ക്വെറ്റ്‌സ് മറ്റാര്‍ക്കും ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളാണ് മെസി ചെയ്യുന്നതെന്നും അഭിപ്രായപ്പെട്ടു.
‘എന്നെ സംബന്ധിച്ച് ലിയോ ആണ് മികച്ച താരം. അവനാണ് കംപ്ലീറ്റ് പ്ലെയര്‍. മത്സരങ്ങളില്‍ കൂടുതലായി ഇടപെടുന്നു. മറ്റാര്‍ക്കും ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളാണ് മെസി ചെയ്യുന്നത്,’ ബുസ്‌ക്വെറ്റ്‌സ് പറഞ്ഞു.
അഭിമുഖത്തില്‍ റൊണാള്‍ഡോയെ കുറിച്ചും താരം സംസാരിച്ചു.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വളരെ മികച്ച താരമാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. മത്സരത്തിന്റെ ഗോള്‍ സ്‌കോറിങ് എന്ന വശമെടുത്താല്‍ അദ്ദേഹത്തിന് സാധിക്കുന്നതെന്ത് എന്ന് ആര്‍ക്കും അറിയാത്തതല്ല.
ഒരുപക്ഷേ അദ്ദേഹത്തിന് അത്രയും നിലവാരമില്ലായിക്കാം. എന്നാല്‍ കളിയോടുള്ള അഭിനിവേശവും ഗോള്‍ സ്‌കോറിങ്ങും ജയിക്കാനുള്ള വാശിയും കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം മികച്ച താരങ്ങളില്‍ ഒരാളാണ്,’ ബുസ്‌ക്വെറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.
ബ്രസീല്‍ ഇതിഹാസ താരം റൊമാരിയോയും മുമ്പ് ഒരു അഭിമുഖത്തില്‍ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു.
മികച്ച താരമായി മെസിയെയാണ് റൊമാരിയോ തെരഞ്ഞെടുത്തത്. മെസി മികച്ച ടെക്നിക്കല്‍ താരമാണെന്ന് അഭിപ്രായപ്പെട്ട റൊമാരിയോ റൊണാള്‍ഡോയുടെ പ്രകടനത്തെ കുറിച്ചും വിശദമായി സംസാരിച്ചു. ബ്രസീല്‍ മാധ്യമമായ ടോര്‍സെഡോറെസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ക്രിസ്റ്റ്യാനോ കളിക്കളത്തില്‍ ഏറെ ശ്രദ്ധാലുവായ താരമാണ്. റൊണാള്‍ഡോ വളരെ മികച്ച, കഴിവേറിയ താരം തന്നെയാണ്. ഒരിക്കലും നിഷേധിക്കാന്‍ സാധിക്കത്ത വസ്തുതയാണിത്. മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ വല്ലാത്ത അഭിനിവേശമാണ് അയാള്‍ക്കുള്ളത്.
പരിശീലനം നടത്തരുത് എന്നാവശ്യപ്പെടുന്ന സമയത്ത് പോലും അവന്‍ കഠിനമായി പരിശ്രമിക്കുന്നു എന്നാണ് അവനൊപ്പമുള്ള ആളുകള്‍ പറയാറുള്ളത്. അവന്റെ വളര്‍ച്ചയുടെയും നേട്ടങ്ങളുടെയുമെല്ലാം കാരണം ഇതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം അവന്‍ അത് അര്‍ഹിക്കുന്നുണ്ട്, അതിനായി കഠിന പരിശ്രമം നടത്തുന്നുമുണ്ട്,’ റൊമാരിയോ പറഞ്ഞു.
എന്നാല്‍ മെസിയോ റൊണാള്‍ഡോയോ എന്ന ചോദ്യത്തിന് മെസി എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.
‘മെസിയോ റൊണാള്‍ഡോയോ? ഉറപ്പായും മെസി. അവന്‍ കൂടുതല്‍ ബ്രില്യന്റാണ്, കൂടുതല്‍ മികച്ച ടെക്നിക്കല്‍ പ്ലെയറാണ്. മെസിയുടെ മത്സരങ്ങള്‍ കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ക്രിസ്റ്റ്യാനോ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളില്‍ ഒരാളാണ്, സംശയം വേണ്ട,’ റൊമാരിയോ കൂട്ടിച്ചേര്‍ത്തു.
Content highlight: Sergio Busquets picks Lionel Messi as more complete player