Football
മെസി മാത്രമല്ല, താരത്തിനൊപ്പം ബാഴ്‌സലോണ ഇതിഹാസങ്ങളും അറേബ്യന്‍ മണ്ണില്‍ ബൂട്ടുകെട്ടും; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2023 May 27, 10:10 am
Saturday, 27th May 2023, 3:40 pm

അടുത്ത സീസണില്‍ ലയണല്‍ മെസിക്കൊപ്പം ബാഴ്‌സലോണ ഇതിഹാസങ്ങളും സൗദി അറേബ്യയിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട്. വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റാകുന്ന മെസി സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

താരത്തോടൊപ്പം ബാഴ്‌സലോണ ഇതിഹാസങ്ങളായ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സും ജോര്‍ധി ആല്‍ബയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളിലാണ് സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സും ജോര്‍ധി ആല്‍ബയും ബാഴ്‌സലോണയില്‍ നിന്ന് പടിയിറങ്ങുന്ന വിവരം പുറത്തുവിട്ടത്. ഈ സീസണിന്റെ അവസാനത്തോടെയാണ് ഇരുതാരങ്ങളും ക്ലബ്ബ് വിടുന്നത്.

നീണ്ട 15 വര്‍ഷക്കാലം ബാഴ്‌സയില്‍ ചെലവഴിച്ച ബുസ്‌ക്വെറ്റ്‌സ് ബാഴ്‌സ വിടുന്നെന്ന വിവരം ആദ്യം അറിയിക്കുകയായിരുന്നു. ആരാധകരുടെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പായിരുന്നു ആല്‍ബയുടെ പ്രഖ്യാപനം. 11 വര്‍ഷമാണ് ആല്‍ബ ക്യാമ്പ് നൗവില്‍ ചെലവഴിച്ചത്.

ബാഴ്‌സയില്‍ മെസിയുടെ സഹതാരങ്ങളായിരുന്ന ഇരുവരെയും പ്രശംസിച്ച് താരം സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. മെസിക്കൊപ്പം ബുസ്‌ക്വെറ്റ്‌സും ആല്‍ബയും സൗദിയിലേക്ക് ചേക്കേറുമെന്നും മൂവരും തങ്ങളുടെ കരിയര്‍ അവിടെ അവസാനിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്നും ബാഴ്‌സലോണയുടെ മുന്‍ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

ബാഴ്സലോണ വലിയ പണം മുടക്കി സ്റ്റേഡിയം പുതുക്കുന്നത് കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നെന്നും മെസി ബാഴ്സലോണയില്‍ തിരികെയെത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. മെസിയും ബുസ്‌ക്വെറ്റ്സും ജോര്‍ധി ആല്‍ബയും ഉറ്റ ചങ്ങാതിമാരാണെന്നും അവര്‍ ഒരുമിച്ച് സൗദി അറേബ്യയിലേക്കോ ഇന്റര്‍ മിയാമിയിലേക്കോ പോയാല്‍ താന്‍ ആശ്ചര്യപ്പെടില്ലെന്നും കോമാന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Sergio Busquets, Jordi Alba will move to Saudi Arabia along with Lionel Messi