| Wednesday, 22nd February 2023, 3:12 pm

മെസിയെക്കൊണ്ടുവന്നാൽ ബാഴ്സയിൽ തുടരാം; ഇല്ലെങ്കിൽ ക്ലബ്ബ്‌ വിടും; ബാഴ്സലോണയോട് രണ്ട് താരങ്ങൾ

സ്പോര്‍ട്സ് ഡെസ്‌ക്

സ്പാനിഷ് ടോപ്പ് ടയർ ഫുട്ബാൾ ലീഗായ ലാ ലീഗയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് ബാഴ്സലോണ. ലോക ഫുട്ബോളിലെ തന്നെ മികച്ച ക്ലബ്ബുകളിലൊന്നായി കണക്കാക്കപ്പെടുന്ന റയൽ മാഡ്രിഡിനെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബാഴ്സയുടെ മുന്നോട്ടുള്ള ജൈത്രയാത്ര.

എന്നാലിപ്പോൾ കനത്ത സാമ്പത്തിക പ്രതിസന്ധികളിൽ പെട്ട് ഉലഞ്ഞ ബാഴ്സ അതിൽ നിന്നും കരകയറി വരുന്നതിന് പിന്നാലെ മെസിയെ ബാഴ്സയിലേക്ക് തിരികെയെത്തിക്കണമെന്ന ആവശ്യങ്ങൾ ക്ലബ്ബിനുള്ളിൽ നിന്നും ഉയർന്ന് വരുന്നുണ്ട്.

മെസിയെ ബാഴ്സയിലേക്ക് തിരികേയെത്തിക്കുകയാണെങ്കിൽ തങ്ങൾ ബാഴ്സയിൽ തുടരാമെണ് സെർജിയോ ബുസ്ക്കറ്റ്സും ജോർഡി ആൽബയും ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. മാധ്യമ പ്രവർത്തകനായ ജെറാർദ് റൊമേറൊയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മെസിയെ തിരിച്ചുകൊണ്ട് വരാനായി തങ്ങളുടെ ശമ്പളത്തിൽ വെട്ടിക്കുറച്ചിൽ നടത്താൻ വരെ ഈ താരങ്ങൾ തയ്യാറാണെന്ന് റൊമേറോ അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ അവകാശപ്പെടുന്നുണ്ട്.

ജൂണിൽ കരാർ അവസാനിക്കുന്നതോടെ മെസി ഫ്രീ ഏജന്റ് ആയി മാറും. ഇതോടെ താരത്തിന് ഏത് ക്ലബ്ബിലേക്ക് വേണമെങ്കിലും ചേക്കേറാൻ സാധിക്കും.
എന്നാൽ മെസിയുടെ കരാർ അവസാനിക്കുന്നതോടെ താരത്തെ സ്വന്തമാക്കാൻ ഇന്റർ മിയാമി, അൽ ഹിലാൽ എന്നീ ക്ലബ്ബുകളും ശ്രമം നടത്തും എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ബാഴ്സലോണക്കൊപ്പം 34 ട്രോഫികൾ സ്വന്തമാക്കിയ മെസി 2021ലാണ് നീണ്ട 20 വർഷത്തെ ബന്ധം ഉപേക്ഷിച്ച് സ്പെയ്നിൽ നിന്നും പാരീസിലുള്ള പി.എസ്.ജിയിലേക്ക് ചേക്കേറിയത്.

എന്നാൽ മെസിയെ പി.എസ്.ജി ബാഴ്സയിലേക്ക് വിടാൻ സാധ്യതയില്ല. താരത്തെ 2024 വരെയെങ്കിലും ക്ലബ്ബിൽ പിടിച്ചു നിർത്തണമെന്ന് പി.എസ്.ജി മാനേജ്മെന്റ് തീരുമാനമെടുത്തതായി നേരത്തെ ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്തിരുന്നു. മെസി ക്ലബ്ബിൽ ഉണ്ടെങ്കിൽ മാത്രമേ ഫ്രഞ്ച് ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയൂ എന്നാണ് പി.എസ്.ജി മാനേജ്മെന്റിന്റെ വിലയിരുത്തൽ.

അതേസമയം ലീഗ് വണ്ണിൽ 24 മത്സരങ്ങളിൽ നിന്നും 18 വിജയങ്ങളോടെ 57 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
ഫെബ്രുവരി 27ന് മാഴ്സലെക്കെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights: Sergio Busquets and Jordi Alba ready to stay at Camp Nou if Lionel Messi is signed from PSG – Reports

We use cookies to give you the best possible experience. Learn more