ഇംഗ്ലീഷ് വമ്പന്‍മാരായ ലിവര്‍പൂളിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇതിഹാസവും അര്‍ജന്റീനന്‍ മുന്‍ താരവുമായ സെര്‍ജിയോ അഗ്യൂറോ.
താന്‍ ലിവര്‍പൂളിന്റെ വലിയ ആരാധകനായിരുന്നുവെന്നും മൈക്കല്‍ ഓവനില്‍ നിന്നും പ്രചോദനം ലഭിച്ചിരുന്നുവെന്നുമാണ് അഗ്യൂറോ പറഞ്ഞത്.
‘എനിക്ക് ചെറുപ്പത്തില്‍ ലിവര്‍പൂളിനെ വലിയ ഇഷ്ടമായിരുന്നു. ചെറുപ്പകാലത്തില്‍ ഞാന്‍ മൈക്കല്‍ ഓവനെപ്പോലെ കളിക്കാന്‍ ശ്രമിച്ചു. പത്ത് വര്‍ഷക്കാലം മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിക്കുന്നതിനിടയില്‍ ഞങ്ങള്‍ ലിവര്‍പൂളിനെതിരെ നിരവധി ആവേശകരമായ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഞങ്ങള്‍ പ്രീമിയര്‍ ലീഗില്‍ മുഖാമുഖം വരുന്നു. ഞാന്‍ ലിവര്‍പൂളിനെതിരെ പല മത്സരങ്ങളിലും ഗോളുകള്‍ നേടിയിട്ടുണ്ട് എന്നാല്‍ എനിക്ക് ഒരിക്കലും ആന്‍ഫീല്‍ഡില്‍ ഗോള്‍ നേടാന്‍ സാധിച്ചിട്ടില്ല,’ അഗ്യൂറോ സ്റ്റേക്കിനോട് പറഞ്ഞു.
അവിസ്മരണീയമായ കരിയറാണ് അഗ്യൂറോ സിറ്റിയില്‍ കെട്ടിപ്പടുത്തുയര്‍ത്തിയത്. സിറ്റിക്കായി 390 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ അഗ്യൂറോ 260 ഗോളുകളാണ് നേടിയത്.
2011ല്‍ സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റികോ മാഡ്രിഡില്‍ നിന്നുമാണ് അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തുന്നത്. സിറ്റിക്കൊപ്പം അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങളും, എഫ്.എ കപ്പ് ആറ് ലീഗ് കപ്പുകളും ആണ് അഗ്യൂറോ നേടിയത്.
തന്റെ കരിയറില്‍ ലിവര്‍പൂള്‍ ചേരാമായിരുന്നില്ലേ എന്ന ചോദ്യത്തിനെതിരെയും താരം പ്രതികരിച്ചു.
‘ലിവര്‍പൂളില്‍ ചേരാന്‍ സാധിക്കുമോ എന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ ചെറുപ്പകാലം ആയതിനാല്‍ അവര്‍ ഒരു ഓഫറുമായി എന്റെ അടുത്ത് വന്നിട്ടില്ലെന്ന് ഞാന്‍ കരുതുന്നു,’ അഗ്യൂറോ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗല്‍ 12 മത്സരങ്ങളില്‍ നിന്നും 28 പോയിന്റുമായി സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. അതേസമയം അത്രതന്നെ മത്സരങ്ങളില്‍ നിന്നും 27 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നവംബര്‍ 26നാണ് ലിവര്‍പൂള്‍- മാഞ്ചസ്റ്റര്‍ സിറ്റി ആവേശകരമായ പോരാട്ടം നടക്കുക. സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദില്‍ ആണ് മത്സരം.
Content Highlight: Sergio Aguero talks about Liverpool team.