അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയുടെ പത്താം നമ്പര്‍ ജേഴ്‌സി ധരിക്കാന്‍ താന്‍ വിസമ്മതിച്ചുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ താരം സെര്‍ജിയോ അഗ്യൂറോ.
മെസിയുടെ പത്താം നമ്പര്‍ ജേഴ്‌സി അണിയാന്‍ തനിക്ക് അര്‍ഹതയില്ലെന്നാണ് മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം പറഞ്ഞത്. ക്ലാങ്ക് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഗ്യൂറോ.
‘മെസി ബാഴ്സലോണ വിട്ടപ്പോള്‍ അവര്‍ എനിക്ക് പത്താം നമ്പര്‍ ജേഴ്‌സി വാഗ്ദാനം ചെയ്തു. എന്നാല്‍ ഞാന്‍ അത് വേണ്ടെന്ന് പറയുകയായിരുന്നു. എനിക്കത് വേണ്ടാത്തത് കൊണ്ടല്ല, മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരും എന്ന് ഞാന്‍ കരുതി. തനിക്കു മാത്രമേ ആ ജേഴ്‌സി ഉപയോഗിക്കാന്‍ കഴിയുമെന്ന് അവര്‍ എന്നോട് പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം പത്താം നമ്പര്‍ ജേഴ്‌സി മെസിയുടേതാണ്. അതുകൊണ്ടുതന്നെ അവന്‍ ബാഴ്‌സലോണയില്‍ ഇല്ലെങ്കിലും അത് ഉപയോഗിക്കുന്നത് ശരിയല്ല,’ അഗ്യൂറോ പറഞ്ഞു.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും നീണ്ടകാലത്തെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ച് 2021 ലാണ് സെര്‍ജിയോ ആഗ്യൂറോ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ എത്തുന്നത്. എന്നാല്‍ കറ്റാലന്‍മാര്‍ക്ക് വേണ്ടി അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു ഗോള്‍ മാത്രമാണ് അര്‍ജന്റീനന്‍ താരത്തിന് നേടാന്‍ സാധിച്ചത്.
ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് അഗ്യൂറോക്ക് ബാഴ്സലോണക്കൊപ്പം കൂടുതല്‍ മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് താരം ഫുട്‌ബോളില്‍ നിന്നും വിരമിക്കുകയായിരുന്നു.
അതേസമയം മെസിക്കൊപ്പം ബാഴ്സയില്‍ പന്തു തട്ടാന്‍ അഗ്യൂറോക്ക് സാധിച്ചിരുന്നില്ല. മെസി അപ്പോഴേക്കും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനിലേക്ക് ചേക്കേറുകയായിരുന്നു.
അര്‍ജന്റീനന്‍ ദേശീയ ടീമിനുവേണ്ടി 90 മത്സരങ്ങളിലാണ് മെസിയും അഗ്യൂറോയും ഒരുമിച്ചു കളിച്ചിട്ടുള്ളത്. ഇരുവരും ചേര്‍ന്ന് 18 ഗോളുകളാണ് അര്‍ജന്റീനക്കായി നേടിയത്.
Content Highlight: Sergio Aguero talks about Lionel Messi Jersey number 10.