തന്റെ 39ാം വയസിലും തന്റെ തളരാത്ത കാലുകള്‍ കൊണ്ട് ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റൊണാള്‍ഡോയുടെ ഗോള്‍ സ്‌കോറിങ്ങിനെക്കുറിച്ച് മുന്‍ അര്‍ജന്റൈന്‍ താരം സെര്‍ജിയോ അഗ്യൂറോ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരുന്നു.
റൊണാള്‍ഡോയേക്കാള്‍ മികച്ച രീതിയില്‍ ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ റയല്‍ മാഡ്രിഡിന്റെ മുന്‍ താരങ്ങളായ റൗളിനും കരിം ബെന്‍സിമക്കും സാധിക്കുമെന്നാണ് അഗ്യൂറോ പറഞ്ഞത്. 2023 ഏപ്രിലില്‍ നൈസിനെതിരയുള്ള മത്സരത്തില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് വേണ്ടി അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ഗോള്‍ നേടിയതിന് പിന്നാലെയായിരുന്നു അഗ്യൂറോ ഇക്കാര്യം പറഞ്ഞത്.
‘അദ്ദേഹം എവിടെ നിന്നാണ് ഗോള്‍ നേടിയതെന്ന് നോക്കൂ. മെസിയുടെ എല്ലാം മികച്ച ആംഗിളുകളിലാണ് ഗോളുകള്‍ നേടിയത്. എന്നാല്‍ റൊണാള്‍ഡോ ഫ്രീ കിക്കുകളിൽ നിന്നും ഗോള്‍ കീപ്പര്‍മാരുടെ പിഴവുകളില്‍ നിന്നുമാണ് ഗോളുകള്‍ നേടുന്നത്. റയല്‍ താരം റൗളിന് മികച്ച ലക്ഷ്യങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു. ബെന്‍സിമക്കും മികച്ച ടാര്‍ഗറ്റുകളുണ്ട്,’ മുന്‍ അര്‍ജന്റീന താരം ട്വിച്ചിലിലൂടെ പറഞ്ഞു.
അടുത്തിടെ റൊണാള്‍ഡോ തന്റെ ഫുട്ബോള്‍ കരിയറില്‍ 900 ഒഫീഷ്യല്‍ ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് നടന്നു കയറിയിരുന്നു. യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെയാണ് റൊണാള്‍ഡോ ഈ ചരിത്രനേട്ടം കൈപ്പിടിയിലാക്കിയത്.
റയല്‍ മാഡ്രിഡിന് വേണ്ടി 450 ഗോളുകള്‍ നേടിയ റൊണാള്‍ഡോ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 145 ഗോളുകളും ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനായി 101 ഗോളുകളും നേടി. അല്‍ നസറിനായി 68 ഗോളുകളും തന്റെ ബാല്യകാല ക്ലബ്ബായ സ്പോര്‍ട്ടിങ് ലിസ്ബണിന് വേണ്ടി അഞ്ച് ഗോളുകളും റൊണാള്‍ഡോ നേടി. പോര്‍ച്ചുഗലിനൊപ്പം 132 തവണയും ലക്ഷ്യം കണ്ടു.
ഇനി റൊണാള്‍ഡോയുടെ മുന്നിലുള്ളത് അല്‍ നസറിനൊപ്പമുള്ള മത്സരങ്ങളാണ്. കിങ് കപ്പ് ഓഫ് ചാമ്പ്യന്‍ഷിപ്പില്‍ സെപ്റ്റംബര്‍ 23ന് അല്‍ ഹസാമിനെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും അടുത്ത മത്സരം. കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയമാണ് വേദി.