സൗദി അറേബ്യന്‍ ക്ലബ്ബില്‍ നിന്ന് ഞെട്ടിക്കുന്ന ഓഫറുകള്‍ ഉണ്ടായിട്ടും ലയണല്‍ മെസി എന്തിന് ഇന്റര്‍ മയാമി തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് പ്രതികരണവുമായി മെസിയും അടുത്ത സുഹൃത്തും മുന്‍ അര്‍ജന്റൈന്‍ താരവുമായ സെര്‍ജിയോ അഗ്വേറോ.
തന്റെ കുടുംബത്തിന്റെ സൗകര്യം കൂടി കണക്കിലെടുത്താണ് മെസി അമേരിക്കയിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചതെന്നാണ് അഗ്വേറോ പറഞ്ഞത്. മയാമി വളരെ മികച്ച സ്ഥലമാണെന്നും അവിടെ കൂടുതല്‍ ലാറ്റിനോസ് ഉണ്ടെന്നും അഗ്വേറോ പറഞ്ഞു. സ്റ്റെയ്ക് ഡോട്ട് കോമിനോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
‘എനിക്ക് തോന്നുന്നത് ലിയോ മറ്റ് ഓഫറുകള്‍ വേണ്ടെന്ന് വെച്ച് ഇന്റര്‍ മയാമി തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സൗകര്യം കണക്കിലെടുത്താണ്. അവിടെയാകുമ്പോള്‍ ലിയോക്ക് റിലാക്‌സ് ചെയ്ത് കളിക്കാം.
ഇനി യൂറോപ്പിലാണ് കളിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ വിചാരിച്ചത് പോലെയായിരിക്കില്ല. കരിയറിന്റെ അവസാന ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം കളിച്ച് വിരമിക്കുന്നതിന് ഇതായിരിക്കണം മെസി കണ്ട മാര്‍ഗം.
മയാമിയും അറേബ്യയും മുന്നില്‍ ഉണ്ടായപ്പോള്‍ കൂടുതല്‍ സൗകര്യം മയാമിയാണെന്ന് തോന്നിയത് കൊണ്ടായിരിക്കണം അത് തെരഞ്ഞെടുത്തത്. മയാമി വളരെ നല്ല സ്ഥലമാണ്. അവിടെ കൂടുതല്‍ ലാറ്റിനോസ് ഉണ്ട്. മാത്രമല്ല അദ്ദേഹം കുടുംബത്തിന്റെ സൈഡില്‍ നിന്ന് ചിന്തിച്ചത് കൊണ്ടായിരിക്കണം അങ്ങനെ ചെയ്തത്.
മയാമിയുമായി അവര്‍ക്ക് പെട്ടെന്ന് ഇണങ്ങാന് സാധിക്കും. അറേബ്യയില്‍ കാര്യങ്ങള്‍ കുറച്ച് സങ്കീര്‍ണമായിരിക്കും അല്ലേ? കൂടുതലൊന്നും അദ്ദേഹം ചിന്തിച്ച് കാണില്ലെന്നാണ് ഞാന്‍ വിചാരിക്കുന്നത്,’ അഗ്വേറോ പറഞ്ഞു.
അതേസമയം, എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്കായി അരങ്ങേറ്റ നടത്തിയതോടെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മെസി ഗോള്‍ നേടിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകളാണ് മെസി വലയിലെത്തിച്ചത്. ഇതോടെ മയാമിക്കായി കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളും ഒരു അസിസ്റ്റുമാണ് മെസിയുടെ സമ്പാദ്യം.