ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയുടെ വിരമിക്കല്‍ ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്.
ലാ ലിഗ മത്സരത്തിനിടയില്‍ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്നും പിന്‍വലിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട താരത്തിന് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിരമിക്കല്‍ തീരുമാനമെന്ന് ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് ജെറാര്‍ഡ് റൊമേരോ റിപ്പോര്‍ട്ട് ചെയ്തു.
അടുത്തയാഴ്ച വിരമിക്കല്‍ വിവരം മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിരമിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും അതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നായിരുന്നു അഗ്യൂറോ പ്രതികരിച്ചത്.
കഴിഞ്ഞ മാസം ലാ ലിഗയില്‍ അലാവസുമായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ താരത്തിന് മൂന്നുമാസം കളത്തിലിറങ്ങാന്‍ സാധിക്കില്ലെന്ന് ബാഴ്സലോണ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
അലാവസുമായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട അഗ്യൂറോ തന്നെ പിന്‍വലിക്കണമെന്ന് ബാഴ്‌സ ബെഞ്ചിനെ അറിയിക്കുകയായിരുന്നു.
ഇതിനുപിന്നാലെ താരം നെഞ്ചില്‍ കൈവെച്ച് മൈതാനത്ത് കിടന്നു. ഉടന്‍ തന്നെ ബാര്‍സയുടെ മെഡിക്കല്‍ ടീം ഗ്രൗണ്ടിലിറങ്ങി അര്‍ജന്റീന താരത്തെ പരിശോധിച്ചു.
സ്ട്രെച്ചര്‍ കൊണ്ടുവന്നെങ്കിലും അതില്‍ കിടന്ന് മൈതാനത്തിനു പുറത്തുപോകാന്‍ വിസമ്മതിച്ച താരം മെഡിക്കല്‍ സംഘത്തിനൊപ്പം പതിയെ നടന്ന് പുറത്തേക്ക് പോകുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Sergio Aguero set to announce his retirement from amid health concerns