തടി കൂടിയിരുന്നു എന്ന കാരണത്താല്‍ ഒരിക്കല്‍ തന്നെ പ്ലെയിങ് ഇലവനില്‍ നിന്നും കോച്ച് പെപ് ഗ്വാര്‍ഡിയോള പുറത്താക്കിയിരുന്നുവെന്ന് വെളിപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇതിഹാസ താരം സെര്‍ജിയോ അഗ്യൂറോ.
2011 മുതല്‍ സിറ്റിയുടെ വിശ്വസ്തനായ താരമായിരുന്നു അഗ്യൂറോ. അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്നും എത്തിഹാഡ് സ്‌റ്റേഡിയത്തിലെത്തിയ അഗ്യൂറോ ടീമിന്റെ ഭാഗ്യമായി മാറുന്ന കാഴ്ചയായിരുന്നു ആരാധകര്‍ കണ്ടത്.
അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങളടക്കം നേടിക്കൊടുത്ത് ടീമിന്റെ ജൈത്രയാത്രയില്‍ നിര്‍ണായകമായ സ്ഥാനമായിരുന്നു അര്‍ജന്റൈന്‍ ടോര്‍പിഡോക്ക് ഉണ്ടായിരുന്നത്.
ടീമിന്റെ എക്കാലത്തേയും മികച്ച ഗോള്‍ സ്‌കോറര്‍ കൂടിയായിരുന്നു അഗ്യൂറോ. സിറ്റിക്കായി 390 മത്സരത്തില്‍ ബൂട്ടുകെട്ടിയ താരം 260 ഗോളുകള്‍ ഇതുവരെ തന്റെ പേരിലാക്കിയിട്ടുണ്ട്.
എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഒരിക്കല്‍ തനിക്ക് ഫിറ്റ്‌നെസ് ടെസ്റ്റ് പാസാവാന്‍ സാധിച്ചില്ലെന്നും ഓവര്‍ വെയ്റ്റായതിന്റെ പേരില്‍ ടീമില്‍ നിന്നും പുറത്തായിരുന്നുവെന്നും താരം പറയുന്നു.
എല്‍ ചിരിംഗ്വിറ്റോക്ക് നല്‍കിയ അഭിമുഖത്തിലാണ് അഗ്യൂറോ ഇക്കാര്യം പറയുന്നത്.
‘നിങ്ങള്‍ക്ക് അനുയോജ്യമായ ഭാരം 79-80 കിലോഗ്രാം ആണെന്നിരിക്കെ ഒരു നൂറ് ഗ്രാം കൂടിയാല്‍ പോലും, അതായത് 80 കിലോയും നൂറ് ഗ്രാമും ആണെങ്കില്‍ പോലും കളിക്കാന്‍ അനുവദിക്കില്ല, പിഴ ചുമത്തും. ഉദാഹരണത്തിന് ഒരല്‍പം ചിക്കന്‍ അധികം കഴിച്ചാല്‍ 50 ഗ്രാം കൂടിയേക്കാം.
ഒരിക്കല്‍, ഞാന്‍ നിന്നെ പുറത്തുനിര്‍ത്തിയത് തടി കൂടിയതുകൊണ്ടാണ് എന്ന് പെപ് ഗ്വാര്‍ഡിയോള എന്നോട് പറഞ്ഞിരുന്നു. അദ്ദേഹം ചെയ്തത് ശരിയാണ്. ഇതെല്ലാം സംഭവിക്കാം.
അദ്ദേഹം നല്ല രീതിയിലാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. ആ സമയത്ത് എനിക്ക് അദ്ദേഹത്തിന്റെ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. എല്ലായ്‌പ്പോഴും എനിക്ക് പരിശീലകരോട് ബഹുമാനം മാത്രമായിരുന്നു,’ അഗ്യൂറോ പറഞ്ഞു.
കഴിഞ്ഞ വര്‍ഷമായിരുന്നു താരം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ബാഴ്‌സയിലേക്ക് കൂടുമാറിയത്. എന്നാല്‍ അധികകാലം താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം 2021 ഡിസംബറില്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
Content highlight: Sergio Aguero says Pep Guardiola kept him out because he was fat