| Friday, 16th June 2023, 6:46 pm

മെസിയോ എംബാപ്പെയോ ഹാലണ്ടോ അല്ല; ഏറ്റവും മികച്ച കളിക്കാരന്‍ ആരെന്ന് വെളിപ്പെടുത്തി അഗ്വേറോ

സ്പോര്‍ട്സ് ഡെസ്‌ക്

ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങള്‍ ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലണ്ട് എന്നിവരാണെന്ന് അര്‍ജന്റൈന്‍ സൂപ്പര്‍താരം സെര്‍ജിയോ അഗ്വേറോ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ തന്നെ അതിശയിപ്പിച്ച് കൊണ്ടിരിക്കുന്നത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് താരം ഫില്‍ ഫോഡന്‍ ആണെന്ന് പറയുകയാണ് അദ്ദേഹം.

ഫോഡന്റെ വേഗതയും തന്ത്രങ്ങളും തന്നെ ആകര്‍ഷിക്കുകയായിരുന്നെന്നും അദ്ദേഹമാണ് നിലവില്‍ തന്റെ ഇഷ്ടതാരമെന്നുമാണ് അഗ്വേറോ പറഞ്ഞത്. ഒരു ബ്രോഡ്കാസ്റ്റ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഫില്‍ ഫോഡന്‍ ആണ് നിലവില്‍ എന്റെ ഇഷ്ടതാരം. ഫോഡന്‍ ഇടംകയ്യനാണ്. ലെഫ്റ്റ് ഹാന്‍ഡേഴ്‌സായ താരങ്ങളെ എനിക്ക് ഒരുപാടിഷ്ടമാണ്. അദ്ദേഹത്തിന്റേത് വളരെ ഭ്രാന്തമായ കളിയാണ്. അതെല്ലാവരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ളതാണ്,’ അഗ്വേറോ പറഞ്ഞു.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാനോട് പൊരുതി ഫോഡന്റെ മാഞ്ചസ്റ്റര്‍ സിറ്റി കന്നി കിരീടം തങ്ങളുടെ തട്ടകത്തിലെത്തിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെയും സംഘത്തിന്റെയും ജയം. ഈ സീസണില്‍ പ്രീമിയര്‍ ലീഗ് ടൈറ്റിലും എഫ്.എ കപ്പും പേരിലാക്കിയ മാന്‍ സിറ്റി ഇതോടെ ട്രെബിള്‍ എന്ന അപൂര്‍വ നേട്ടം കൊയ്തിരിക്കുകയാണ്.

അതേസമയം, ഇസ്താന്‍ബുളിലെ അറ്റാത്തുര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സജീവ സാന്നിധ്യമായിരുന്നു അഗ്വേറോ. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഒരു ദശാബ്ദത്തിലേറെയായി കളിച്ച അഗ്വേറോ 390 മത്സരങ്ങളില്‍ നിന്ന് 260 ഗോളുകള്‍ നേടി അവരുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററായാണ് ക്ലബ് വിട്ടത്.

കഴിഞ്ഞ മെയ് മാസത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തിന് പുറത്ത് സെര്‍ജിയോ അഗ്വേറോയുടെ ഒരു പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്സിനെതിരെ 3-2ന് വിജയിച്ച മത്സരത്തില്‍ ഇഞ്ച്വറി ടൈമില്‍ അഗ്വേറോ നേടിയ ഗോളിന്റെ ഓര്‍മ്മയിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 44 വര്‍ഷത്തിനിടെ സിറ്റിയുടെ ആദ്യ ലീഗ് കിരീടം ആയിരുന്നു ആ ഗോള്‍ അന്ന് ഉറപ്പിച്ചത്.

Content Highlights: Sergio Aguero praises Phil Foden

We use cookies to give you the best possible experience. Learn more