2021ൽ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് അർജന്റൈൻ സൂപ്പർതാരം സെർജിയോ അഗ്വേറോ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ബാഴ്സലോണക്ക് വേണ്ടി കളിക്കുന്ന സമയത്ത് താരത്തിന് ശ്വാസ തടസം അനുഭവപ്പെടുകയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
പിന്നീട് നടത്തിയ പരിശോധനയിലാണ് താരത്തിന് അസുഖം സ്ഥിരീകരിച്ചത്. 2021ൽ തന്നെ അഗ്വേറോ ഫുട്ബോളിൽ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു. സ്പാനിഷ് ക്ലബ്ബായ ബാഴ്സക്ക് വേണ്ടി വളരെ കുറഞ്ഞ മത്സരങ്ങളിൽ മാത്രമായിരുന്നു അഗ്വേറോ കളിച്ചിരുന്നത്.
ഖത്തർ വേൾഡ് കപ്പിൽ വിശ്വകിരീടം ഉയർത്തിയ അർജന്റീന ദേശീയ ടീമിനോടൊപ്പം സെർജിയോ അഗ്വേറോയും ഉണ്ടായിരുന്നു. അദ്ദേഹം അർജന്റീനയുടെ പരിശീലന സെഷനുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്.
ഇപ്പോൾ ആരാധകരെ ആവേശം കൊള്ളിച്ച് കൊണ്ട് അഗ്വേറോ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ജനുവരിയിൽ നടക്കുന്ന ഒരു സൗഹൃദ മത്സരത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്.
ഇക്വഡോറിലെ പ്രശസ്ത ക്ലബ്ബായ എസ്.സി ബാഴ്സലോണക്ക് വേണ്ടിയാണ് അഗ്വേറോ സൗഹൃദ മത്സരം കളിക്കുക. നോഷെ അമറിയ്യ എന്ന് പേരുള്ള സൗഹൃദ മത്സരത്തിലാണ് അഗ്വേറോ പങ്കാളിയാവുക.
ഇക്കാര്യം അഗ്വേറോ തന്നെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു. ഈ മാസം 28നാണ് സൗഹൃദ മത്സരം നടക്കുക. അഗ്വേറോയുടെ തിരിച്ചുവരവിൽ ഏറെ ആവേശഭരിതരായിരിക്കുകയാണ് ആരാധകർ.
കഴിഞ്ഞ മെയ് മാസത്തിൽ മാഞ്ചസ്റ്റർ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തിന് പുറത്ത് സെർജിയോ അഗ്വേറോയുടെ ഒരു പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. ക്വീൻസ് പാർക്ക് റേഞ്ചേഴ്സിനെതിരെ 3-2ന് വിജയിച്ച മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ അഗ്വേറോ നേടിയ ഗോളിന്റെ ഓർമ്മയിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 44 വർഷത്തിനിടെ സിറ്റിയുടെ ആദ്യ ലീഗ് കിരീടം ആയിരുന്നു ആ ഗോൾ അന്ന് ഉറപ്പിച്ചത്.
മാഞ്ചസ്റ്റർ സിറ്റിയിൽ ഒരു ദശാബ്ദത്തിലേറെയായി കളിച്ച അഗ്വേറോ 390 മത്സരങ്ങളിൽ നിന്ന് 260 ഗോളുകൾ നേടി അവരുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായാണ് ക്ലബ് വിട്ടത്.