ബാഴ്‌സയിലേക്കോ ഇന്റര്‍ മിയാമിയിലേക്കോ അല്ല, മെസിയുടെ പുതിയ ക്ലബ്ബിന്റെ പേര് വെളിപ്പെടുത്തി അഗ്വേറോ; റിപ്പോര്‍ട്ട്
Football
ബാഴ്‌സയിലേക്കോ ഇന്റര്‍ മിയാമിയിലേക്കോ അല്ല, മെസിയുടെ പുതിയ ക്ലബ്ബിന്റെ പേര് വെളിപ്പെടുത്തി അഗ്വേറോ; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th February 2023, 1:55 pm

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ ക്ലബ്ബ് ഫുട്ബോളിലെ ഭാവി അനിശ്ചിതത്വത്തിലാണ്.

2021ലാണ് ബാഴ്സലോണയില്‍ നിന്നും ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിലേക്ക് മെസി കൂടുമാറ്റം നടത്തുന്നത്. വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കുക.

ലോകകപ്പിന് മുമ്പ് തന്നെ പി.എസ്.ജി മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വേള്‍ഡ് കപ്പിന് ശേഷം മതിയെന്നായിരുന്നു മെസിയുടെ നിലപാട്. എന്നാല്‍ ലോകകപ്പ് കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും താരം തന്റെ തീരുമാനം അറിയിക്കാത്തതിന്റെ ആശങ്കയിലാണ് പി.എസ്.ജി.

ഇതിനിടെ മെസി മുന്‍ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തിരിച്ചുപോകുമെന്നുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ബാഴ്സ പ്രസിഡന്റ് ജോണ്‍ ലപോര്‍ട്ടയുമായി പിരിഞ്ഞാണ് മെസി ക്ലബ്ബ് വിട്ടതെന്നതിനാല്‍ ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അഭ്യൂഹങ്ങള്‍ക്കെതിരെ പ്രതികരിച്ച് താരത്തിന്റെ പിതാവും സഹോദരനും രംഗത്തെത്തിയിരുന്നു. ബാഴ്സ പ്രസിഡന്റിനോടുള്ള അടങ്ങാത്ത അമര്‍ഷവും മെസിയുടെ സഹോദരന്‍ പ്രകടിപ്പിച്ചിരുന്നു. താരം ഇനി ബാഴ്സയിലേക്ക് തിരിച്ചുപോകില്ലെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

ഇതോടൊപ്പം, മെസിയെ സൈന്‍ ചെയ്യിക്കാന്‍ ഇന്റര്‍ മിയാമി രംഗത്തുണ്ടെന്നും താരം പി.എസ്.ജി വിട്ട് പുതിയ ക്ലബ്ബിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഏറ്റവും പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് മുന്‍ അര്‍ജന്റൈന്‍ താരവും മെസിയുടെ ഉറ്റ സുഹൃത്തുമായ സെര്‍ജിയോ അഗ്വേറോ. മെസി ന്യൂവല്‍സുമായി സൈന്‍ ചെയ്യുന്നതിനെ പറ്റി കാര്യമായി ആലോചിക്കുന്നുണ്ടെന്നാണ് അഗ്വേറോയുടെ വെളിപ്പെടുത്തല്‍. യു.ഒ.എല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം വരുന്ന ജൂണില്‍ മെസി റൊസാരിയോയിലെ ന്യൂവെല്ലില്‍ മാക്‌സി റോഡ്രിഗസിന്റെ ടെസ്റ്റിമോണിയല്‍ ഗെയ്മില്‍ പങ്കെടുക്കും. എന്നാല്‍ വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

മെസിയുടെ ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ ഒന്നും പറയാനായിട്ടില്ലെന്നും നിലവില്‍ കെട്ടുകണക്കിന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നുമാണ് റോഡ്രിഗസിന്റെ പ്രതികരണം. എന്തൊക്കെ സംഭവിക്കുമെന്ന് കാത്തിരുന്ന് കാണണമെന്നും അദ്ദേഹം പറഞ്ഞു.

മെസിയുടെ അടുത്ത സുഹൃത്തായതിനാല്‍ അഗ്വേറോയുടെ വാക്കുകളില്‍ കാര്യമുണ്ടാകുമെന്നും മെസി റൊസാരിയോയിലേക്ക് മടങ്ങാനാണ് സാധ്യതയെന്നുമാണ് ആരാധകരുടെ വിലയിരുത്തല്‍.

അതേസമയം, പി.എസ്.ജിയില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. 27 മത്സരങ്ങളില്‍ നിന്ന് 16 ഗോളും 14 അസിസ്റ്റുകളുമാണ് താരം അക്കൗണ്ടിലാക്കിയത്.

Content Highlights: Sergio Aguero accidentally hints at Lionel Messi’s next club