ഞാന്‍ നെയ്മറോട് സംസാരിച്ചിരുന്നു; അദ്ദേഹം തിരിച്ചുവരുന്നതിലുള്ള ആകാംക്ഷയിലാണ്: ബാഴ്‌സലോണ സൂപ്പര്‍ താരം
Football
ഞാന്‍ നെയ്മറോട് സംസാരിച്ചിരുന്നു; അദ്ദേഹം തിരിച്ചുവരുന്നതിലുള്ള ആകാംക്ഷയിലാണ്: ബാഴ്‌സലോണ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 12th August 2023, 8:59 am

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്സയിലേക്ക് മടങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. വിഷയത്തില്‍ പ്രതികരണമറിയിച്ചിരിക്കുകയാണ് ബാഴ്‌സലോണ എഫ്.സിയുടെ ക്യാപ്റ്റന്‍ സെര്‍ജി റോബേര്‍ട്ടോ. നെയ്മര്‍ തന്റെ സുഹൃത്താണെന്നും അദ്ദേഹം ബാഴ്‌സയിലേക്ക് തിരിച്ചുവരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റോബേര്‍ട്ടോ പറഞ്ഞു. സ്പാനിഷ് ഔട്‌ലെറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ഞാന്‍ നെയ്മറോട് സംസാരിച്ചിരുന്നു. അദ്ദേഹം തിരിച്ചുവരുന്ന കാര്യത്തില്‍ ആകാംക്ഷാഭരിതനാണ്. ഞാനും അദ്ദേഹം തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ട്. കാരണം നെയ്മര്‍ എന്റെ സുഹൃത്തും മുന്‍ സഹതാരവുമാണ്. മാത്രവുമല്ല, അദ്ദേഹം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായ കളിക്കാരനാണ്.

നെയ്മര്‍ ഇവിടെ ഉണ്ടായിരുന്നപ്പോള്‍ ഞാനെന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടം അദ്ദേഹത്തോടൊപ്പം ചെലവഴിച്ചിട്ടുണ്ട്. നെയ്മര്‍ തിരിച്ചുവരേണ്ട കാര്യം തീരുമാനിക്കേണ്ടത് ഞാനല്ല. പക്ഷെ ഇപ്പോള്‍ നമുക്ക് സാധ്യമായ ഒരു ടീമാണ് ആവശ്യം,’ റോബേര്‍ട്ടോ പറഞ്ഞു.

ട്രാന്‍സ്ഫര്‍ വിന്‍ഡോ ക്ലോസ് ചെയ്യാനിരിക്കെ ക്ലബ്ബ് വിടുന്നതിനെ കുറിച്ച് നെയ്മര്‍ പി.എസ്.ജിയെ അറിയിച്ചിട്ടുണ്ടെന്ന് ടെലഗ്രാഫ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പി.എസ്.ജിയില്‍ നെയ്മര്‍ക്ക് രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. എന്നാല്‍ കരാര്‍ തീരുന്നത് വരെ ക്ലബ്ബില്‍ തുടരില്ലെന്നും ഈ മാസം തന്നെ ക്ലബ്ബ് വിടണമെന്നാണ് ആഗ്രഹമെന്നും നെയ്മര്‍ പി.എസ്.ജിയോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കിലിയന്‍ എംബാപ്പെ പി.എസ്.ജിയില്‍ തുടരണമെങ്കില്‍ നെയ്മറെ പുറത്താക്കണമെന്ന വ്യവസ്ഥ മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തുടര്‍ന്നാണ് നെയ്മര്‍ പാരീസിയന്‍സുമായി പിരിയുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒസ്മാന്‍ ഡെംബെലയുടെ വിടവ് നികത്താനാണ് ബ്രസീല്‍ സൂപ്പര്‍ താരത്തെ കറ്റാലന്മാര്‍ തിരികെയെത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlights: Sergi Roberto wants Neymar to rejoin at Barcelona