'അദ്ദേഹം തിരിച്ചുവരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല, അന്തിമ തീരുമാനം മെസിയുടേതായിരിക്കും'; മനസുതുറന്ന് ബാഴ്‌സലോണ താരം
Football
'അദ്ദേഹം തിരിച്ചുവരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല, അന്തിമ തീരുമാനം മെസിയുടേതായിരിക്കും'; മനസുതുറന്ന് ബാഴ്‌സലോണ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th April 2023, 3:24 pm

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ബാഴ്സലോണയിലേക്ക് തിരിച്ചുവരണമെന്ന് സൂപ്പര്‍താരം സെര്‍ജി റോബേര്‍ട്ടോ. ബാഴ്സലോണയില്‍ മെസിയുടെ മുന്‍ സഹതാരമായിരുന്ന റോബേര്‍ട്ടോ താരത്തോടൊപ്പം ക്ലബ്ബില്‍ ഒരിക്കല്‍ കൂടി കളിക്കണമെന്ന ആഗ്രഹം അറിയിക്കുകയായിരുന്നു.

ഇവിടെ എല്ലാവരും മെസിയെ രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറായിരിക്കുകയാണെന്നാണ് റോബേര്‍ട്ടോ പറഞ്ഞത്. താരം ക്ലബ്ബിലേക്ക് തിരിച്ചുവരുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പ്രസിഡന്റും കോച്ചുമൊക്കെയാണെന്നും എന്നാല്‍ ക്ലബ്ബിലെ കളിക്കാര്‍ എന്ന നിലയില്‍ മെസി തിരിച്ചുവരാന്‍ തങ്ങള്‍ ഒത്തിരി ആഗ്രഹിക്കുന്നുണ്ടെന്നും റോബേര്‍ട്ടോ പറഞ്ഞു. മുണ്ടോ ഡിപോര്‍ട്ടീവയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ആരാണിവിടെ മെസിയുടെ തിരിച്ചുവരവ് ആഗ്രഹിക്കാത്തത്. താരം തിരിച്ചുവരുമ്പോള്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് മെസിയും ബാഴസലോണ പ്രസിഡന്റുമൊക്കെയാണ്. പക്ഷെ കളിക്കാരെന്ന നിലയില്‍ മെസി ബാഴ്സയിലേക്ക് തിരിച്ചുവരാന്‍ ഞങ്ങള്‍ ഒത്തിരി ആഗ്രഹിക്കുന്നുണ്ട്,’ റോബേര്‍ട്ടോ പറഞ്ഞു.

പി.എസ്.ജിയില്‍ മെസിയുടെ കരാര്‍ വരുന്ന ജൂണില്‍ അവസാനിക്കാനിരിക്കേ താരം സ്പെയ്നിലേക്കോ ഇന്റര്‍മിയാമിയിലേക്കോ ചേക്കേറാനാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലും താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, മെസിയുടെ ക്ലബ്ബ് ഫുട്ബോള്‍ ഭാവി അനിശ്ചിതത്വത്തിലാണ്. വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക. കരാര്‍ പുതുക്കുന്നതിനുള്ള കടലാസുകള്‍ പി.എസ്.ജി പലതവണ മേശപ്പുറത്ത് വെച്ചിരുന്നെങ്കിലും മെസി സൈന്‍ ചെയ്യാന്‍ തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സഹതാരങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ആ രണ്ട് പേരാണ് രക്ഷകരാകാറ്: അര്‍ജന്റൈന്‍ ഫിസിക്കല്‍ ട്രെയ്നര്‍
ഇതിനകം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ മോഹവില കൊടുത്ത് മെസിയെ ക്ലബ്ബിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. 400 മില്യണ്‍ യൂറോയുടെ ഓഫറാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ വെച്ച് നീട്ടിയത്. എന്നാല്‍ താരം ഓഫര്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മെസി തിരിച്ച് പോകാനാണ് സാധ്യതയെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ ഫുട്ബോളില്‍ തന്നെ തുടരുമെന്നും ബാഴ്സലോണയില്‍ കരിയര്‍ അവസാനിപ്പിക്കാനാണ് മെസി പദ്ധതിയിടുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Content Highlights: Sergi Roberto wants Lionel Messi back in Barcelona