ഇവിടെ എല്ലാവരും മെസിയെ രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറായിരിക്കുകയാണെന്നാണ് റോബേര്‍ട്ടോ പറഞ്ഞത്. താരം ക്ലബ്ബിലേക്ക് തിരിച്ചുവരുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പ്രസിഡന്റും കോച്ചുമൊക്കെയാണെന്നും എന്നാല്‍ ക്ലബ്ബിലെ കളിക്കാര്‍ എന്ന നിലയില്‍ മെസി തിരിച്ചുവരാന്‍ തങ്ങള്‍ ഒത്തിരി ആഗ്രഹിക്കുന്നുണ്ടെന്നും റോബേര്‍ട്ടോ പറഞ്ഞു. മുണ്ടോ ഡിപോര്‍ട്ടീവയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ആരാണിവിടെ മെസിയുടെ തിരിച്ചുവരവ് ആഗ്രഹിക്കാത്തത്. താരം തിരിച്ചുവരുമ്പോള്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് മെസിയും ബാഴസലോണ പ്രസിഡന്റുമൊക്കെയാണ്. പക്ഷെ കളിക്കാരെന്ന നിലയില്‍ മെസി ബാഴ്സയിലേക്ക് തിരിച്ചുവരാന്‍ ഞങ്ങള്‍ ഒത്തിരി ആഗ്രഹിക്കുന്നുണ്ട്,’ റോബേര്‍ട്ടോ പറഞ്ഞു.
പി.എസ്.ജിയില്‍ മെസിയുടെ കരാര്‍ വരുന്ന ജൂണില്‍ അവസാനിക്കാനിരിക്കേ താരം സ്പെയ്നിലേക്കോ ഇന്റര്‍മിയാമിയിലേക്കോ ചേക്കേറാനാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലും താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, വരുന്ന ജൂണ്‍ മാസത്തില്‍ മെസിയുടെ പാരിസ് ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുകയാണ്. ഇതോടെ ഫ്രീ ഏജന്റായി മാറുന്ന മെസി ഇനി എങ്ങോട്ട് ചേക്കേറുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.
ജൂണിന് മുമ്പ് മെസിയുമായുള്ള കരാര്‍ പുതുക്കിയില്ലെങ്കില്‍ ഫ്രീ ഏജന്റ് എന്ന നിലയിലേക്ക് മാറുന്ന മെസിയെ സ്വന്തമാക്കാനായി ഇന്റര്‍ മിയാമി, ബാഴ്‌സലോണ, അല്‍ ഹിലാല്‍ അടക്കമുള്ള ക്ലബ്ബുകള്‍ രംഗത്തുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും താരം വിഷയത്തില്‍ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. പി.എസ്.ജിയുമായി കരാര്‍ പുതുക്കാന്‍ മെസി താത്പര്യപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.