സെന്റര്‍ കോര്‍ട്ടില്‍ 7 അഴക്: സെറീനക്ക് 22
Daily News
സെന്റര്‍ കോര്‍ട്ടില്‍ 7 അഴക്: സെറീനക്ക് 22
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th July 2016, 10:44 pm

sereenafnl

ലണ്ടന്‍: ലണ്ടനിലെ വിംബിള്‍ഡണ്‍ മത്സരവേദിയായ സെന്റര്‍ കോര്‍ട്ടില്‍ ഏഴഴക് വിടര്‍ന്നപ്പോള്‍ അമേരിക്കയുടെ സെറീന വില്യംസിന് 22 ന്റെ നിറവ്. ലോക ഒന്നാം നമ്പര്‍ താരമായ സെറീന വില്യംസിന് വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം. സെന്റര്‍ കോര്‍ട്ടില്‍ ഇത് ഏഴാം തവണയാണ് സെറീന കിരീടമുയര്‍ത്തുന്നത്. ഇതോടെ സെറീനയുടെ മൊത്തം ഗ്രാന്‍സ്ലാം നേട്ടം 22 ആയി ഉയര്‍ന്നു. ഓപ്പണ്‍ ഇറയില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടമെന്ന നേട്ടത്തിന്റെ റെക്കോര്‍ഡിന് നേരെ ജര്‍മ്മന്‍കാരിയായ സ്‌റ്റെഫിഗ്രാഫിനൊപ്പം ഇനി സെറീനയുടെ പേരു കൂടി കാണാം. ശനിയാഴ്ച നടന്ന വനിതാ സിംഗിള്‍സ് ഫൈനലില്‍ ജര്‍മനിയുടെ തന്നെ ആംഗലിക് കെര്‍ബറെ പരാജയപ്പെടുത്തിയാണ് സെറീന ചരിത്രനേട്ടം സ്വന്തമാക്കിയത്. സ്‌കോര്‍: 7-6, 6-3.

കെര്‍ബര്‍ക്കെതിരായ ഫൈനല്‍ ജയം സെറീനക്ക് മധുരപ്രതികാരം കൂടിയായി. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലും ഇരുവരും തമ്മിലായിരുന്നു ഏറ്റ് മുട്ടയിത്. പക്ഷെ അന്ന് സെറീനയുടെ ചരിത്രം നേട്ടം തടഞ്ഞ് കെര്‍ബര്‍ ജയിച്ചുകയറി. അതിന് കണക്ക് തീര്‍ക്കുന്ന പ്രകടനമാണ് ഇത്തവണ ഫൈനലില്‍ അമേരിക്കന്‍ താരം പുറത്തെടുത്തത്. വെറും രണ്ട് സെറ്റില്‍ കളി തീര്‍ത്തു. ആദ്യ സെറ്റില്‍ മാത്രമാണ് സെറീനയ്ക്ക് അല്‍പ്പം വിയര്‍ക്കേണ്ടി വന്നത്. ആദ്യ സെറ്റ് 7-6ന് സ്വന്തമാക്കിയ സെറീന രണ്ടാം സെറ്റ് 6-3ന് ഏറെക്കുറെ നിഷ്പ്രയാസം സ്വന്തമാക്കി ഏഴാം വിംബിള്‍ഡണ്‍ കിരീടവും ചരിത്ര നേട്ടവും കൈക്കലാക്കുകയായിരുന്നു.

ഏഴാം കിരീടനേട്ടത്തോടെ ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ കിരീടം നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ രണ്ടാമതെത്തി സെറീന. 9 കിരീട നേട്ടവുമായി മാര്‍ട്ടീന നവരതിലോവയാണ് മുന്നില്‍. കരിയറില്‍ മൊത്തം നേടുന്ന കിരീട നേട്ടങ്ങളുടെ എണ്ണം 71 ആയി. ഗ്രാന്‍സ്ലാം കിരീടത്തിലെ സര്‍വ്വകാല റെക്കോര്‍ഡിന് ഒപ്പമെത്താന്‍ സെറീനക്കിനി രണ്ട് ഗ്രാന്‍സ്ലാം ടൈറ്റില്‍ ജയം കൂടി മതി. 24 കിരീടങ്ങള്‍ സ്വന്തമായുള്ള മാര്‍ഗര്റ്റ് കോര്‍ട്ടിന്റെ പേരിലാണ് നിലവില്‍ ഈ റെക്കോര്‍ഡ്.