യു.എസ് ഓപ്പണ്‍; ഹാട്രിക് കീരിടവുമായി സെറീനയുടെ 18ാം ഗ്രാന്‍സ്ലാം നേട്ടം
Daily News
യു.എസ് ഓപ്പണ്‍; ഹാട്രിക് കീരിടവുമായി സെറീനയുടെ 18ാം ഗ്രാന്‍സ്ലാം നേട്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th September 2014, 10:44 am

serina2
[] ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിതാ വിഭാഗം കിരീടം തുടര്‍ച്ചയായ മൂന്നാം തവണയും അമേരിക്കയുടെ സെറീനാ വില്യംസിന്.  ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ കരോളിന്‍ വോസ്‌നിയാക്കിയെ തോല്‍പിച്ചാണ് സെറീന കിരീടം നിലനിര്‍ത്തിയത്. സ്‌കോര്‍ 6-3, 6-3. വെറും 75 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിലാണ് സെറീനയുടെ വിജയം.

യു.എസ് ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തിനിടെ സെറീന വില്യംസ് തമാശയായി പറഞ്ഞൊരു കാര്യമുണ്ട്. 18 എന്ന സംഖ്യ പലതിനും തുടക്കമിടാനുള്ളതാണ്. ഒപ്പം ഐതിഹാസിക നേട്ടത്തിനും. 18-ാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമാക്കി തന്നെയായിരുന്നു സെറീന ഫൈനലിനിറങ്ങിയത്. തുടക്കം മുതല്‍ ഒന്നാം നമ്പര്‍ താരത്തിന്റെ തലയെടുപ്പോടെ സെറീന കളത്തില്‍ നിറഞ്ഞുനിന്നു.

കരോളിന്‍ വോസ്‌നിയാക്കിയെ കരുത്തുറ്റ സര്‍വുകളിലൂടെ സെറീന സമ്മര്‍ദ്ദത്തിലാക്കി. ചെറിയ പിഴവുകള്‍ വരുത്തിയെങ്കിലും എതിരാളിക്ക് ഒരുവിധത്തിലും അവസരം തുറന്നുകൊടുക്കാന്‍ ലോക ഒന്നാം നമ്പര്‍ താരം തയ്യാറായില്ല. അവസാനം 6-3ന് ഒന്നാം സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റിലും അതേ വീറോടെയായിരുന്നു സെറീന. ചെറിയ റാലികളിലൂടെ വോസ്‌നിയാക്കിയ്ക്ക് മേല്‍ ആധിപത്യം ഉറപ്പിച്ചു. പിന്നീട് തുടര്‍ച്ചയായി നടത്തിയ ഫോര്‍ഹാന്‍ഡ് ഷോട്ടുകളില്‍ ഡാനിഷ് താരം പതറി. ഒടുവില്‍ രണ്ടാം സെറ്റും 6-3ന് നേടി തന്റെ 18-ാം ഗ്രാന്‍സ്ലാം കിരീടത്തിലേയ്ക്ക്.

17-ാം വയസ്സില്‍ ആദ്യമായി നേടിയ യു.എസ് ഓപ്പണിന്റെ എണ്ണം 15 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ താരം ആറായി ഉയര്‍ത്തി. 32കാരിയായ സെറീന 18 ഗ്രാന്‍സ്ലാം കിരീട നേട്ടത്തോടെ ക്രിസ് എവര്‍ട്ടിന്റെയും മാര്‍ട്ടീന നവരത്‌ലോവയുടെയും റെക്കോര്‍ഡിനൊപ്പമെത്തി. ക്രിസ് എവര്‍ട്ടിന് ശേഷം മൂന്ന് തവണ തുടര്‍ച്ചയായി യു.എസ് ഓപ്പണ്‍ നേടുന്ന ആദ്യ വനിതാതാരവുമായി സെറീന.

അതേസമയം പുരുഷവിഭാഗം സിംഗിള്‍സില്‍ ഫൈനല്‍ പോരാട്ടം ഇന്ന് നടക്കും. ജപ്പാന്റെ കെയ് നിഷികോരിയും ക്രെയേഷ്യയുടെ മാരിന്‍ സിലിക്കും തമ്മിലാണ് മത്സരം. ഇരുവരുടെയും ആദ്യ ഗ്രാന്‍സ്ലാം ഫൈനലാണിത്.