കറുത്തവളായതിന്റെ പേരില്‍ പരിഹാസവും കുത്തുവാക്കുകളും നേരിട്ട എനിക്ക് വേണ്ടി അമ്മ എങ്ങനെ പൊരുതിയെന്ന് ഇന്നും അറിയില്ല; ചര്‍ച്ചയായി സെറീന വില്യംസിന്റെ കത്ത്
Sports News
കറുത്തവളായതിന്റെ പേരില്‍ പരിഹാസവും കുത്തുവാക്കുകളും നേരിട്ട എനിക്ക് വേണ്ടി അമ്മ എങ്ങനെ പൊരുതിയെന്ന് ഇന്നും അറിയില്ല; ചര്‍ച്ചയായി സെറീന വില്യംസിന്റെ കത്ത്
ആദര്‍ശ് എം.കെ.
Thursday, 11th August 2022, 3:22 pm

കഴിഞ്ഞ ദിവസമായിരുന്നു ലോകം കണ്ട എക്കാലത്തേയും മികച്ച ടെന്നീസ് താരം സെറീന വില്യംസ് തന്റെ ഐതിഹാസികമായ കരിയറിനോട് വിട പറഞ്ഞത്. 23 സിംഗിള്‍ ഗ്രാന്റ് സ്ലാം കിരീടമടക്കം ഒരു ടെന്നീസ് താരത്തിന് പോലും എത്തിപ്പിടിക്കാന്‍ പോലുമാകാത്ത കരിയറിനോട് ഗുഡ് ബൈ പറഞ്ഞ സെറീനയ്ക്ക് കായിക ലോകമൊന്നാകെ തങ്ങളുടെ ആദരവ് നല്‍കിയിരുന്നു.

വിരമിച്ചതിന് ശേഷം സെറീനയുടെ ജെന്‍ഡര്‍ ഇക്വാലിറ്റിയെ കുറിച്ചുള്ള പരാമര്‍ശം വ്യാപകമായ ചര്‍ച്ചകള്‍ക്കായിരുന്നു വഴിവെച്ചത്.

‘ഞാന്‍ ഒരു പുരുഷന്‍ ആയിരുന്നെങ്കില്‍ ടെന്നീസിനും കുടുംബത്തിനും ഇടയില്‍ നിന്നുകൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വരുമായിരുന്നില്ല. ഞാന്‍ ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുകയും വിജയിച്ചുകൊണ്ടിരിക്കുകയും എന്റെ ഭാര്യ കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി വീട്ടില്‍ വെച്ചുവിളമ്പുകയും ചെയ്യുമായിരുന്നു,’ എന്നായിരുന്നു സെറീന പറഞ്ഞത്.

കരിയറിലുടനീളം സെറീനയും സഹോദരി വീനസും കേട്ട അധിക്ഷേപങ്ങള്‍ ചില്ലറയല്ല. വംശീയപരമായി മാത്രമല്ല, സെറീനയും വീനസും വനിതകളല്ല എന്ന തരത്തില്‍ പോലും അധിക്ഷേപങ്ങള്‍ നീണ്ടു പോയിരുന്നു.

വംശീയമായ അധിക്ഷേപങ്ങളും സെറീനയുടെ കരിയറില്‍ താരത്തിന് അനുഭവിക്കേണ്ടതായി വന്നിരുന്നു. സെറീനയെ മാനസികമായി തളര്‍ത്താന്‍ എതിരെ കളിക്കുന്ന താരങ്ങളായിരുന്നു ഇതില്‍ മുമ്പില്‍.

ലോകം കണ്ട ഏറ്റവും മികച്ച ടെന്നീസ് താരമായ മരിയ ഷറപ്പോവയും ഇതില്‍ മുമ്പില്‍ തന്നെയായിരുന്നു. തന്റെ ആത്മകഥയിലായിരുന്നു ഷറപ്പോവയുടെ അധിക്ഷേപം.

തന്റെ കാലത്തെ ഏറ്റവും മികച്ച താരമായ സെറീന വില്യംസിെന്റ പേര് നൂറിലേറെ തവണയാണ് ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. തന്റെ കാലഘട്ടത്തിലെ ഏറ്റവും വലിയ എതിരാളിയോടുള്ള ബഹുമാനം കൊണ്ടോ, എക്കാലത്തെയും മികച്ച ടെന്നിസ് താരമായതുകൊണ്ടോ അല്ല സെറീനയുടെ പേര് ആവര്‍ത്തിച്ചിട്ടുള്ളത്. പലപ്പോഴും ആ പേര് ഉച്ഛരിക്കുമ്പോള്‍ ഷറപ്പോവയുടെ വാക്കുകളില്‍ നിറഞ്ഞുനിന്നത് വെറുപ്പ് മാത്രമായിരുന്നു.

 

ഷറപ്പോവ എന്ന പത്രമാധ്യമ കോര്‍പ്പറേറ്റുകളുടെ കടലാസിലെ സൂപ്പര്‍ താരത്തിന് ‘കറുത്ത സെറീന’യോട് ഏറ്റുമുട്ടി വിജയിക്കാന്‍12ലേറെ വര്‍ഷം കഴിഞ്ഞിട്ടും 19 മത്സരങ്ങള്‍ കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. തന്റെ ആത്മകഥയില്‍ എക്കാലത്തെയും മികച്ച ടെന്നീസ് താരത്തിന്റെ കളിമികവിനേക്കാളും ഷറപ്പോവ പ്രാധാന്യം നല്‍കിയത് സെറീനയുടെ നിറത്തിലായിരുന്നു.

തികച്ചും വംശീയമായ, വെറുപ്പിന്റെ വാക്കുകളാണ് സെറീനയെ കുറിച്ച് പറയുമ്പോള്‍ ഷറപ്പോവ ഉപയോഗിച്ചത്.

നേരത്തെ, സെറീന തന്റെ അമ്മയ്‌ക്കെഴുതിയ കത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കരിയറില്‍ താന്‍ നേരിട്ട വിഷമതകളും ഒരു സ്ത്രീയെന്ന നിലയില്‍ എങ്ങനെയാണ് താന്‍ അതെല്ലാം മറികടന്നതെന്നുമാണ് സെറീന കത്തില്‍ എഴുതിയിരുന്നത്.

സെറീന അമ്മയ്‌ക്കെഴുതിയ കത്തിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട അമ്മയ്ക്ക്,

എന്റെ അറിവിലെ ഏറ്റവും കരുത്തുറ്റ സ്ത്രീകളിലൊരാള്‍ നിങ്ങളാണ്. എന്റെ കുഞ്ഞിന്, അവള്‍ക്ക് ലഭിച്ചിരിക്കുന്നത് എന്റെ കൈകളും കാലുകളും തന്നെയാണ്. എന്റെ അതേ കരുത്തുറ്റ ദൃഢകായമായ, സവിശേഷമായ ഉണര്‍വുള്ള കൈകളും ശരീരവുമാണ് അവള്‍ക്കുള്ളത്.

എന്റെ പതിനഞ്ചാം വയസ്സ് തൊട്ടിങ്ങോട്ട്, ഈ നിമിഷം വരെയുള്ള അനുഭവങ്ങള്‍ എന്റെ മകള്‍ക്ക് നേരിടേണ്ടി
വന്നാല്‍ അതിനോട് ഞാന്‍ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല. പുറമേയുള്ള എന്റെ ശരീരപ്രകൃതി നോക്കി ആളുകള്‍ എന്നെ പുരുഷന്‍ എന്ന് വിളിച്ചിരുന്നു. ഞാന്‍ ഉത്തേജകമരുന്ന് കഴിക്കാറുണ്ട് എന്നും ആരോപിക്കുകയുണ്ടായി. (ഇല്ല കളിയില്‍ മുന്‍തൂക്കം കിട്ടുവാന്‍ വഞ്ചന പ്രവര്‍ത്തിക്കാന്‍ എന്റെ ആത്മാര്‍ത്ഥതയും സത്യസന്ധതയും ഒരിക്കലും എന്നെ അനുവദിച്ചിരുന്നില്ല.)

ഞാന്‍ വനിതകളുടെ കൂടെയല്ല മറിച്ച് പുരുഷന്മാരോടൊപ്പം കളിക്കണം എന്ന് വിളിച്ചുപറഞ്ഞവര്‍ ഉണ്ടായിരുന്നു. കാരണം ഞാന്‍ മറ്റ് വനിത അത്‌ലറ്റുകളേക്കാള്‍ കരുത്തയാണത്രേ. (എന്തു ചെയ്യാന്‍, ഞാന്‍ ഇങ്ങനെയാണ് ജനിച്ചത്. എന്റെ ശരീരം ഇങ്ങനെയാണ്, അതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന് മാത്രമല്ല എന്നാലാവും വിധം കഠിനാധ്വാനം ചെയ്യാറുമുണ്ട് )

കറുത്ത സ്ത്രീയുടെ കരുത്ത് മനസ്സിലാക്കാതെ പരിഹാസ ചോദ്യശരം എറിയുന്ന, കുത്തുവാക്ക് പറയുന്ന ഓരോ വ്യക്തികളുടെയും പത്രക്കാരുടെയും അവതാരകരുടെയും മുന്നില്‍ ‘അമ്മ’ എനിക്കു വേണ്ടി പൊരുതി നിന്ന് രക്ഷാകവചം തീര്‍ത്തത് എങ്ങനെയാണെന്ന് എനിക്കിന്നും അറിയില്ല. ചില സ്ത്രീകള്‍ ഇങ്ങനെയാണെന്ന് അവരെ പഠിപ്പിക്കാന്‍ നമുക്ക് പറ്റിയല്ലോ എന്നതില്‍ എനിക്ക് അഭിമാനമുണ്ട്.

നമ്മളെല്ലാവരും ഒരുപോലെയല്ലല്ലോ. നീളമുള്ളവരുണ്ട്, കുറിയവരുണ്ട് അങ്ങനെ പലരും. അഭിമാനത്തോടെ പറയാം നാമെല്ലാവരും സ്ത്രീകളാണെന്ന്.

കുലീനമായ നിങ്ങളുടെ അതേ വഴിയില്‍ പോകുവാന്‍ മാത്രമാണ് എന്റെ ആഗ്രഹം. ഒരുപാട് ദൂരം ഇനിയും താണ്ടാനുണ്ടെങ്കിലും. അമ്മയോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. ഞാന്‍ കടന്നു വന്ന പ്രതിസന്ധികളെല്ലാം താണ്ടി കരുത്തയാവാന്‍ എന്നെ പ്രാപ്തയാക്കിയതിന്.

ആ വെല്ലുവിളികള്‍ ഞാനിപ്പോഴും ആസ്വദിക്കാറുണ്ട്. എന്റെ മകള്‍ ‘അലക്‌സി ഒളിമ്പിയ’യ്ക്കും അമ്മയുടെ അതേ മാര്‍ഗം തന്നെയാണ് എനിക്ക് പഠിപ്പിക്കാനുള്ളത്. ഒപ്പം അവള്‍ക്ക് അമ്മയുടെ അതേ ഉള്‍ക്കരുത്ത് ഉണ്ടാകട്ടെ എന്ന ആശയും.

എന്നെ സഹായിക്കാന്‍ ഇനിയും കൂടെയുണ്ടാകുമെന്ന് എനിക്ക് വാക്ക് തരൂ… അമ്മയുടെ അത്രയും ശാന്തയും കരുത്തയുമാകാന്‍ ഇനിയും എനിക്ക് പറ്റിയിട്ടില്ല എന്ന് എനിക്കറിയാം.

ഒരുനാള്‍ ഞാനവിടെ എത്തും എന്ന് മാത്രം പറഞ്ഞുകൊണ്ട്,
അമ്മയുടെ അഞ്ചാമത്തവള്‍.

 

Content Highlight: Serena Williams’s letter to her mother

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.