യു.എസ് ഓപ്പണിലൂടെയാണ് ടെന്നീസന്റെ ഇതിഹാസ താരം സെറീന വില്യംസ് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ടൂര്‍ണമെന്റില്‍ തോല്‍വി വഴങ്ങിയ സെറീന ഇത് തന്റെ അവസാന മത്സരമായിരിക്കുമെന്ന് പ്രഖ്യാപിച്ച് കണ്ണീരോടെ കോര്‍ട്ട് വിടുകയായിരുന്നു. ആരാധകരെ ഏറെ വേദനിപ്പിച്ച മുഹൂര്‍ത്തമായിരുന്നു അത്.
എന്നാല്‍ താരം കോര്‍ട്ടിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. താന്‍ വിരമിച്ചിട്ടില്ലെന്നും തിരിച്ചുവരാനുള്ള സാധ്യതകള്‍ കൂടുതലാണെന്നും സെറീന വോഗിന് നല്‍കിയ അഭിമുഖത്തിനിടെ പറയുകയും ചെയ്തിരുന്നു.
യു.എസ് ഓപ്പണ്‍ വിരമിക്കലിനെ കുറിച്ച് താൻ ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും അടുത്ത ദിവസം ഉറക്കം ഉണര്‍ന്ന് കോര്‍ട്ടിലേക്ക് പോയ സമയം ഇനി ഞാന്‍ മത്സരിക്കുന്നില്ല എന്ന ചിന്ത വന്നത് വിചിത്രമായി തോന്നി എന്നുമാണ് വോഗിന് നല്‍കിയ അഭിമുഖത്തില്‍ സെറീന പറഞ്ഞത്.
”കോര്‍ട്ടിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ വീട്ടിലേക്ക് വരാം. അവിടെയൊരു ടെന്നീസ് കോര്‍ട്ടുണ്ട്. വിരമിക്കലിനെക്കുറിച്ച് ഇപ്പോഴും ഞാന്‍ ചിന്തിക്കുന്നില്ല.
ഒരു ദിവസം എഴുന്നേല്‍ക്കുമ്പോള്‍ ഇനി ടെന്നീസ് കോര്‍ട്ടിലേക്ക് പോകേണ്ടെന്ന തോന്നല്‍ എന്നെ അസ്വസ്ഥയാക്കി. ജീവിതത്തിലാദ്യമായാണ് ഞാന്‍ ഒരു മത്സരം കളിക്കാതിരിക്കുന്നത്.
ഇനിയുള്ള എന്റെ ജീവിതത്തിലെ ആദ്യ ദിവസം പോലെയാണ് എനിക്കത് തോന്നിയത്. അത് ഉള്‍ക്കൊള്ളാനുള്ള ശ്രമത്തിലാണ് ഞാനിപ്പോഴും,” സെറീന പറഞ്ഞു.
27 വർഷത്തെ ടെന്നിസ് കോർട്ട് ജീവിതത്തിന് വിരാമമിടുന്നെന്ന തീരുമാനം ഈ വർഷമാദ്യമാണ് സെറീന ആരാധകരെ അറിയിച്ചത്
ലോക ടെന്നിസിന് നൽകിയ സംഭാവനകൾക്ക് നന്ദിയറിയിച്ചായിരുന്നു യു.എസ് ഓപ്പൺ സെറീനയുടെ വിരമിക്കൽ ടൂർണമെന്റിൽ ആദരമർപ്പിച്ചത്.
അതേസമയം താൻ ഓസ്‌ട്രേലിയയെ എക്കാലവും ഇഷ്ടപ്പെട്ടിരുന്നുവെന്ന് അഭിമുഖത്തിനിടെ സെറീന എടുത്ത് പറഞ്ഞത് അടുത്ത വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പണിൽ താരം കളിക്കുമെന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ.
41 വയസ്സുകാരിയായ സെറീന പ്രസവത്തിനായി നേരത്തെ ടെന്നിസ് വിട്ടെങ്കിലും പിന്നീട് തിരിച്ചെത്തിയിരുന്നു.
23 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള സെറീന ഓപ്പണ്‍ യുഗത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ ടെന്നീസ് താരമാണ്.
24 ഗ്രാന്‍സ്ലാംം കിരീടങ്ങള്‍ നേടിയിട്ടുള്ള മാര്‍ഗരറ്റ് കോര്‍ട്ട് മാത്രമാണ് സെറീനക്ക് മുന്നിലുള്ള ഏക താരം.
Content Highlights: Serena Williams reveals that she is coming back to the court soon