യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സെറീന വില്യംസിന്
DSport
യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സെറീന വില്യംസിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th September 2012, 9:28 am

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സെറീന വില്യംസിന്. ലോക ഒന്നാം നമ്പര്‍ താരം വിക്‌ടോറിയ അസരങ്കെയെ തോല്‍പിച്ചാണ് സെറീന നാലാം കിരീടം സ്വന്തമാക്കിയത്.

ആദ്യകിരീടം മോഹിച്ച് ഇറങ്ങിയ റഷ്യയുടെ വിക്‌ടോറിയ അസരങ്കെയെ 6-2, 2-6, 7-5 എന്ന സ്‌കോറിനാണ് സെറീന പരാജയപ്പെടുത്തിയത്. നാലാം യു.എസ് ഓപ്പണ്‍ കിരീടം നേടുന്ന സെറീനയുടെ 15ാം ഗ്രാന്റ്സ്ലാം കിരീടം കൂടിയാണിത്.[]

അത്യന്തം ആവേശകരമായിരുന്നു സെറീന- അസരങ്കെ പോരാട്ടം. എങ്കിലും അവസാനം സെറീനയുടെ പോരാട്ട മികവിന് മുന്നില്‍ ലോക ഒന്നാം നമ്പര്‍ താരം കീഴടങ്ങുകയായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതലേ സെറീനയുടെ ആധിപത്യമായിരുന്നു കണ്ടുവന്നത്. ആദ്യ സെറ്റ് 6-2ന് അമേരിക്കന്‍ താരം സ്വന്തമാക്കുകയും ചെയ്തു.
എന്നാല്‍ രണ്ടാം സെറ്റില്‍ അസരങ്കെയുടെ പ്രകടനം സെറീനയ്ക്ക് വെല്ലുവിളിയുയര്‍ത്തി.

മികച്ച റിട്ടേണുകളിലൂടെയും സര്‍വ്വുകളിലൂടെയും ബലാറസ് താരം ശക്തമായ മുന്നേറ്റം നടത്തി. 6-2ന് അസരങ്കെ രണ്ടാം സെറ്റ് നേടി. എന്നാല്‍ മൂന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്. അവസാനം ടൈബ്രേക്കറിലേക്ക് നീണ്ട സെറ്റ് 7-5ന് സ്വന്തമാക്കി സെറീന നാലാം തവണ യു.എസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു. രണ്ട് മണിക്കൂര്‍ 18 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ജയം.

കഴിഞ്ഞ വര്‍ഷം യു.എസ് ഓപ്പണ്‍ ഫൈനലില്‍ സാമന്ത സ്‌ട്രോസിനോട് പരാജയപ്പെട്ട സെറീന ഇത്തവണ കിരീടം തിരിച്ചുപിടിക്കുകയായിരുന്നു.

ഇന്ന് നടക്കുന്ന പുരുഷവിഭാഗം ഫൈനലില്‍ ബ്രിട്ടന്റെ ആന്റിമുറെ സെര്‍ബിയയുടെ നൊവാക് ദ്യോക്യോവിച്ചിനെ നേരിടും. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ സ്‌പെയിനിന്റെ ഡേവിഡ്‌ ഫെറററെയാണ് ദ്യോക്യോവിച്ച് പരാജയപ്പെടുത്തിയത്.