| Sunday, 3rd June 2018, 9:16 am

ഫ്രഞ്ച് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ തീപാറും പോരാട്ടം; സെറീനയും ഷറപ്പോവയും നേര്‍ക്കുനേര്‍, നദാല്‍ മുന്നോട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം പ്രീക്വാര്‍ട്ടറില്‍ കരുത്തരുടെ പോരാട്ടത്തിന് കളമൊരുങ്ങുന്നു. നാളെ നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ റഷ്യയുടെ മരിയ ഷറപ്പോവ അമേരിക്കയുടെ സെറീന വില്യംസിനെ നേരിടും.

ആറാം സീഡ് കരോലിമ പ്ലിസ്‌കോവയെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്താണ് ഷറപ്പോവ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2,6-1. ജൂലിയ ജിയോര്‍ജിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെറീന പ്രീക്വാര്‍ട്ടര്‍ ടിക്കറ്റുറപ്പിച്ചത്. സ്‌കോര്‍ 6-3,6-4.

പ്രസവത്തെതുടര്‍ന്ന് കളിക്കളത്തില്‍ 16 മാസം വിട്ടുനിന്ന സെറീന വില്യംസും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോര്‍ട്ടില്‍ തിരിച്ചുവന്ന ഷറപ്പോവയും മികച്ച പ്രകടനം പുറത്തെടുത്ത് അവസാന എട്ടിലെത്താനായിരിക്കും ശ്രമിക്കുക.

തീര്‍ത്തും വ്യത്യസ്തമായ കാരണങ്ങളാല്‍ ഞങ്ങള്‍ കോര്‍ട്ടിനു പുറത്തായിരുന്നു. ഞങ്ങള്‍ രണ്ടുപേരും തിരിച്ചുവരവിന്റെ പാതയിലാണെന്നും പുതുമയുള്ളതും വ്യത്യസ്തവുമായ അനുഭവമാണിതെന്നും സെറീന പറഞ്ഞു.

നീണ്ട ഇടവേളയ്ക്കുശേഷം ടെന്നീസ് കോര്‍ട്ടിലേക്ക് വന്ന ഇരുവരില്‍ ആരു വാഴുമെന്നും ആര് വീഴുമെന്നും നാളെയറിയാം.

അതേസമയം പുരുഷന്‍മാരുടെ വിഭാഗത്തില്‍ സ്‌പെയിന്റെ തന്നെ റിച്ചാര്‍ഡ് ഗാസ്‌കയ്‌ക്കെതിരെ ആധികാരികമായാണ് നദാല്‍ ജയിച്ചുകയറിയത്. സ്‌കോര്‍ 6-3, 6-2, 6-2.

മൂന്നാം റൗണ്ടില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ എട്ടാം സീഡ് പെട്ര ക്വിറ്റോവയെ 7-6, 7-6 ന് അട്ടിമറിച്ച് 25ാം സീഡ് അനേത് കോണ്‍ടാവേയിറ്റും പ്രീക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിച്ചു. ഓസ്‌ട്രേലിയയുടെ സാമന്തസ്റ്റോസറെ 6-0, 6-2 ന് തകര്‍ത്ത് മുന്‍ ചാമ്പ്യന്‍ ഗാര്‍ബൈന്‍ മുരുഗുസയും മുന്നേറി.

We use cookies to give you the best possible experience. Learn more