ന്യൂയോര്‍ക്ക് : യു.എസ് ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ ടോപ് സീഡ് ബലാറസിന്റെ വിക്‌ടോറിയ അസരങ്കയും അമേരിക്കന്‍ താരം സെറീന വില്യംസും ഫൈനലില്‍. ഇന്ന് പുലര്‍ച്ചെ നടന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ അസരങ്ക റഷ്യയുടെ മരിയാ ഷറപ്പോവയേയും സെറീന ഇറ്റലി താരം സാറ ഇറാനിയേയുമാണ് തോല്‍പ്പിച്ചത്.
ആദ്യ സെമിയില്‍ മൂന്നാം സീഡ് മരിയാ ഷറപ്പോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഒന്നാം സീഡുകാരിയായ അസരങ്ക തോല്‍പ്പിച്ചത്. ഒരു സെറ്റിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു മത്സരത്തിലേക്ക് അസരങ്കയുടെ തിളക്കമാര്‍ന്ന തിരിച്ചുവരവ്. സ്‌കോര്‍: 3-6, 6-2, 6-4.[]
ഈ വര്‍ഷം ഇതുവരെ മൂന്ന് സെറ്റ് നീണ്ട മത്സരങ്ങളില്‍ 12-0 എന്ന ഷറപ്പോവയുടെ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു അസരങ്കയുടെ മുന്നേറ്റം.
ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ 6-3, 6-0 എന്ന സ്‌കോറിനായിരുന്നു അസരങ്ക തന്റെ കന്നി ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയത്. ആദ്യ സെറ്റുകള്‍ പങ്കിട്ട ശേഷം നിര്‍ണായക മൂന്നാം സെറ്റില്‍ തന്റെ ഏക സര്‍വീസ് ബ്രേക്കോടെയാണ് അസരങ്ക യു.എസ് ഓപ്പണ്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. ഇന്നത്തെ ജയത്തില്‍ തീര്‍ച്ചയായും സന്തോഷിക്കുന്നു. മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞെന്നാണ് തോന്നുന്നതെന്നും അസരങ്ക പ്രതികരിച്ചു.
കരിയറില്‍ നാല് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകള്‍ നേടിയതിലൂടെ കരിയര്‍ സ്ലാമിനൊപ്പം ഇക്കഴിഞ്ഞ ഒളിമ്പിക്‌സില്‍ സ്വര്‍ണനേട്ടത്തോടെ ഗോള്‍ഡന്‍ സ്ലാമും തികച്ച ആത്മവിശ്വാസത്തോടെ യു.എസ് ഓപ്പണിനെത്തിയ സെറീന ഈ വര്‍ഷത്തെ അവസാന ഗ്രാന്‍ഡ് സ്ലാം ജയിച്ച് ഈ സീസണ്‍ ഗോള്‍ഡന്‍ സമ്മറാക്കാനുള്ള പുറപ്പാടിലാണെന്ന സൂചനയാണ് യു.എസ് ഓപ്പണ്‍ സെമി ഫൈനലില്‍ നല്‍കിയത്.
പത്താം സീഡ് സാറാ ഇറാനിയെ 6-1, 6-2 എന്ന തികച്ചും ഏകപക്ഷീയമായ സ്‌കോറിനാണ് നാലാം സീഡുകാരി സെറീന സെമിയില്‍ തകര്‍ത്തത്. പതിനാല് തവണ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയിട്ടുള്ള സെറീന ഈ വര്‍ഷം വിമ്പിള്‍ഡണ്‍ കിരീടവും ഒളിമ്പിക്‌സില്‍ സിംഗിള്‍സ്, ഡബിള്‍സ് സ്വര്‍ണ മെഡലുകളും നേടി മികച്ച ഫോമിലാണ്.
അതേസമയം ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്- സ്‌റ്റെഫാനക് (ചെക്ക്) സഖ്യത്തെ തോല്‍പ്പിച്ച് അമേരിക്കന്‍ ജോഡി ബ്രയാന്‍ സഹോദരന്‍മാര്‍ യു.എസ്. ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം നേടി.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പെയ്‌സ് സഖ്യത്തെ അമേരിക്കന്‍ ജോഡി തോല്‍പിച്ചത്. സ്‌കോര്‍: 63, 64. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലും പെയ്‌സ് സഖ്യത്തെ ബ്രയാന്‍ സഹോദരങ്ങള്‍ പരാജയപ്പെടുത്തിയിരുന്നു.