ബെൽഗ്രേഡ്: സെർബിയയിൽ ഈയിടെ നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഭരണകക്ഷി വിജയിച്ചത് കൃത്രിമം നടത്തിയതാണെന്ന് ആരോപിച്ച് ബെൽഗ്രേഡിലെ സിറ്റി കൗൺസിൽ കെട്ടിടത്തിൽ അതിക്രമിച്ചു കയറി പ്രതിഷേധക്കാർ.
സ്ഥാപനങ്ങളെ മോചിപ്പിക്കാനാണ് തങ്ങൾ വന്നതെന്ന് അവകാശപ്പെട്ട പ്രതിഷേധക്കാർ കെട്ടിടത്തിന്റെ ചില്ല് വാതിലുകൾ തകർക്കുകയും ‘ഇറങ്ങി പോകൂ’ എന്നും ‘ഇത് സെർബിയ’ ആണെന്നും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ഭരണം അട്ടിമറിക്കാനുള്ള വിദേശ ഇടപെടലുകളുടെ ഭാഗമാണ് ആക്രമണങ്ങളെന്നും ‘വർണ വിപ്ലവ’മാണെന്നും (Color Revolution) സെർബിയൻ പ്രസിഡന്റ് അലെക്സാൻഡർ വൂച്ചിക് ആരോപിച്ചു. വർണ വിപ്ലവം സംബന്ധിച്ച് റഷ്യ തങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ബെൽ ഗ്രേറ്റ് സിറ്റി അസംബ്ലിയിൽ പ്രസിഡന്റ് വൂച്ചിക്കിന്റെ സെർബിയൻ പ്രോഗ്രസീവ് പാർട്ടിയാണ് കൂടുതൽ സീറ്റുകളും നേടിയത്. തുടർന്ന് പ്രതിപക്ഷം ബെൽ ഗ്രേഡ് വിവിധ ഭാഗങ്ങളിലായി റാലികൾ സംഘടിപ്പിച്ചിരുന്നു.
1990കളിലും 2000ത്തിന്റെ തുടക്കത്തിലും ജനാധിപത്യ വാദികളായ രാഷ്ട്രീയ ശക്തികൾ നടത്തി വന്ന ജനകീയ പ്രക്ഷോഭങ്ങളെയാണ് വർണ്ണ വിപ്ലവം എന്ന് വിളിക്കുന്നത്.
എൻ.ജി.ഒകളെയും മാധ്യമങ്ങളെയും യു.എസും കൂട്ടാളികളും ഫണ്ട് ചെയ്യുന്ന പാർട്ടികളെയും കൂട്ടുപിടിച്ച് തങ്ങളുടെ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ പാശ്ചാത്യ രാജ്യങ്ങളാണ് ഇത്തരം പ്രസ്ഥാനങ്ങൾക്ക് പിന്നിലെന്ന് റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിശ്വസിക്കുന്നു.
നിലവിൽ യൂറോപ്പ്യൻ യൂണിയനിൽ അംഗത്വം നേടാൻ ശ്രമിക്കുകയാണ് സെർബിയ. അതിനായി സെർബിയയുടെ വിദേശ നയങ്ങളിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.
എന്നാൽ റഷ്യയുമായുള്ള ബന്ധങ്ങൾ അവസാനിപ്പിക്കാനും യു.എസിന്റെ നേതൃത്വത്തിലുള്ള ഉപരോധങ്ങൾ നടപ്പാക്കാനും സെർബിയ വിസമ്മതിച്ചിരുന്നു.
Content Highlight: Serbian president accuses of an attempted ‘color revolution’ in Serbia