ക്രിസ്റ്റ്യാനോയുടേതെല്ലാം കളിച്ചുനേടിയ നേട്ടങ്ങള്‍, ആരുടേയും ദാനമല്ല: സെര്‍ബിയന്‍ താരം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരിയറില്‍ സ്വന്തമാക്കിയ എല്ലാ അവാര്‍ഡുകളും കളിച്ച് നേടിയതാണെന്നും ആരുടേയും ദാനമല്ലെന്നും ഇറ്റാലിയന്‍ സീരി എ ക്ലബ്ബായ ടൊറീനോയുടെ സെര്‍ബിയന്‍ താരം നെമാഞ്ച റഡോണ്‍ജിക്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്ക് ബാലണ്‍ ഡി ഓര്‍ ലഭിച്ചതിന് പിന്നാലെയായിരുന്നു റഡോണ്‍ജിക്കിന്റെ വിമര്‍ശനം.
മെസി ബാലണ്‍ ഡി ഓര്‍ നേടിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പുരസ്‌കാരം മെസി അര്‍ഹിക്കുന്നില്ലെന്നും എര്‍ലിങ് ഹാലണ്ടിനോ കിലിയന്‍ എംബാപ്പെക്കോ അവാര്‍ഡ് നല്‍കണമായിരുന്നെന്നും അഭിപ്രായങ്ങളുണ്ട്.
അതേസമയം, മെസിയെ പ്രശംസിച്ച് പ്രമുഖ താരങ്ങളടക്കം നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. ഒരിക്കല്‍ കൂടി ലോകത്തിലെ ഏറ്റവും മികച്ച താരമായി മെസി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണെന്ന് റൊണാള്‍ഡീഞ്ഞോ എക്സില്‍ കുറിക്കുകയായിരുന്നു.
‘അഭിനന്ദനങ്ങള്‍, ലിയോ മെസി ഒരിക്കല്‍ കൂടി ലോകത്തിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഒരുപാട് സന്തോഷം തോന്നുന്നു, ബ്രദര്‍… എ ബിഗ് ഹഗ്,’ റൊണാള്‍ഡീഞ്ഞോ എക്സില്‍ കുറിച്ചു.
കരിയറിലെ എട്ടാമത്തെ ബാലണ്‍ ഡി ഓറാണ് മെസിയെ തേടിയെത്തിയിരിക്കുന്നത്. കോപ്പ അമേരിക്കയും ഫൈനലിസിമയും ഫിഫ ലോകകപ്പുമുള്‍പ്പെടെ അര്‍ജന്റൈന്‍ ദേശീയ ടീമിനെ ട്രിപ്പിള്‍ ക്രൗണ്‍ ജേതാക്കളാക്കിയതാണ് മെസിക്ക് ബാലണ്‍ ഡി ഓര്‍ നേടിക്കൊടുത്തത്.
മെസിക്ക് ശക്തമായ പോരാട്ടം നല്‍കിയിരുന്നത് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയ നോര്‍വീജന്‍ ഗോളടി യന്ത്രം എര്‍ലിങ് ഹാലണ്ട് ആണ്. ദേശീയ ടീമിന് വേണ്ടി മെസി നേടിയ നേട്ടങ്ങളെല്ലാം തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഹാലണ്ട് നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേട്ടത്തിന്റെ കിരീടം ഇതിനോടകം സ്വന്തമാക്കിയ ഹാലണ്ട് സിറ്റിക്ക് ക്വാഡ്രാപ്പിള്‍ കിരീടവും നേടിക്കൊടുത്തിട്ടുണ്ട്.
ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അര്‍ജന്റീനക്കായി കിരീടമുയര്‍ത്തിയതിന് പുറമെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിക്കായി 20 ഗോളുകളും 21 അസിസ്റ്റുകളും മെസി അക്കൗണ്ടിലാക്കിയിട്ടുണ്ട്. പാരീസിയന്‍സിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയ മെസി ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു.
Content Highlights: Serbian International player Nemanja Radonjic on a post about Messi’s Ballon d’Or