ലോകമൊട്ടുക്കും കാല്‍പ്പന്തിന്റെ തമ്പുരാക്കന്മാര്‍ ആരെന്ന് കണ്ണ് നട്ട് കാത്തിരിക്കുന്ന ഈ ഫുട്‌ബോള്‍ മാമാങ്ക രാവുകളില്‍ ഖത്തറില്‍ ആ വിശ്വ കിരീടത്തില്‍ ആര് മുത്തമിടും എന്നതിനെ ശാസ്ത്രീയമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍ പ്രവചിച്ചിരിക്കുകയാണ് സെറാസാ എക്‌സ്പീരിയന്‍സ് ഡാറ്റ ലാബിലെ (Serasa Experian’s DataLab) ഡാറ്റ സയന്റിസ്റ്റുകള്‍.
2022ലെ ഫുട്‌ബോള്‍ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം ബ്രസീല്‍ ആണെന്നാണ് മെഷീന്‍ ലേര്‍ണിങ് വഴി ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.
ഡാറ്റ ലാബിന്റെ കണക്കുകളെ ഉദ്ധരിച്ച് മിന്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബ്രസീല്‍ ലോകകപ്പ് ട്രോഫിയില്‍ മുത്തമിടാന്‍ 20.9% സാധ്യതയും സെമി ഫൈനല്‍ വരെ എത്താന്‍ 53.4% ശതമാനം സാധ്യതയുമാണ് സെറാസയിലെ ഡാറ്റ സയന്റിസ്റ്റുകള്‍ കണ്ടെത്തിയിരിക്കുന്നത്.
മൂന്ന് വര്‍ഷത്തെ ഫുട്‌ബോള്‍ ലോകകപ്പ് ഡാറ്റ ഉപയോഗിച്ച് കൃത്യമായി തയാറാക്കപ്പെട്ട മെഷീന്‍ ലേര്‍ണിങ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞര്‍ ബ്രസീലിന് വിജയം പ്രവചിച്ചത്.
ബ്രിട്ടീഷ് ചൂതാട്ട കമ്പനികളും ബ്രസീലിനാണ് ലോകകപ്പ് കിരീടം പ്രവചിച്ചിട്ടുള്ളത്. ഫ്രാന്‍സ് ആണ് അവരുടെ പ്രവചനത്തില്‍ രണ്ടാം സ്ഥാനം നേടാന്‍ സാധ്യതയുള്ള ടീം.
സ്‌പെയ്ന്‍, അര്‍ജന്റീന, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കും ചൂതാട്ട വെബ്‌സൈറ്റുകളുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ കിരീട സാധ്യതയുണ്ട്.
സെറാസാ എക്‌സ്പീരിയന്‍സ് ഡേറ്റാ ലാബില്‍ നിന്നും പുറത്തുവിട്ട വിവരം പ്രകാരം ഗ്രൂപ്പ് ഘട്ടം കടക്കാന്‍ ബ്രസീലിന്റെ സാധ്യത 97.48 ശതമാനവും അര്‍ജന്റീനയുടേത് 96.1 ശതമാനവുമാണ്. ഫ്രാന്‍സ് 93.4%, സ്‌പെയിന്‍ 89.6%, ജര്‍മനി 69.6% എന്നിങ്ങനെയാണ് മറ്റു ടീമുകള്‍ക്ക് കല്‍പിക്കുന്ന സാധ്യത.
നിലവില്‍ അഞ്ച് ലോകകപ്പുകള്‍ നേടി കിരീടനേട്ടത്തില്‍ ഏറ്റവും മുന്നിലുള്ള കാനറികള്‍ 2002ലാണ് അവസാനമായി ലോകകിരീടത്തില്‍ മുത്തമിട്ടത്. ഇത്തവണ ലോകകപ്പുകളില്‍ നിലവില്‍ മത്സരിക്കുന്ന മറ്റു ടീമുകളെ താരതമ്യം ചെയ്താല്‍ വളരെ മികച്ച സ്‌ക്വാഡ് ഡെപ്ത് ഉള്ള ടീം തന്നെയാണ് ബ്രസീല്‍.
ഡാറ്റ സയന്റിസ്റ്റുകളുടെ പ്രവചനം സത്യമാകട്ടെ എന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ബ്രസീല്‍ ആരാധകര്‍.