ഒരു സീക്വല്‍, രണ്ട് സീക്വല്‍, ചറപറ സീക്വല്‍...
Entertainment
ഒരു സീക്വല്‍, രണ്ട് സീക്വല്‍, ചറപറ സീക്വല്‍...
അമര്‍നാഥ് എം.
Monday, 12th August 2024, 5:11 pm

മലയാള സിനിമയെ സംബന്ധിച്ച് മികച്ച ഒരു വര്‍ഷമാണ് 2024. ക്വാളിറ്റി കണ്ടന്റുകള്‍ നിര്‍മിക്കുന്നതിനോടൊപ്പം അവ മലയാളത്തിന് പുറത്ത് ശ്രദ്ധിക്കപ്പെടുകയും ചെയ്ത വര്‍ഷമാണ് ഇത്. ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, പ്രേമലു എന്നീ സിനിമകള്‍ ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചചെയ്യപ്പെട്ടു. മറ്റ് ഇന്‍ഡസ്ട്രികള്‍ ക്വാളിറ്റിയുടെ കാര്യത്തില്‍ മലയാളത്തോടൊപ്പമെത്താന്‍ പരിശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്.

എന്നാല്‍ അതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ മിക്ക സിനിമകളും രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കിക്കൊണ്ടാണ് അവസാനിക്കുന്നത്. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ജയറാം ചിത്രം ഓസ്ലറാണ് സീക്വലിന് സാധ്യത നല്‍കിക്കൊണ്ട് അവസാനിച്ചത്. മമ്മൂട്ടി അതിഥിവേഷത്തിലെത്തിയ ഓസ്ലര്‍ ജയറാം എന്ന നടന്റെ തിരിച്ചുവരവായിരുന്നു.

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച മലൈക്കോട്ടൈ വാലിബനും രണ്ടാം ഭാഗമുണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് അവസാനിപ്പിച്ചത്. വിഷ്വല്‍ ക്വാളിറ്റിയില്‍ വാലിബന്‍ മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതി പലരെയും മുഷിപ്പിച്ചു. ആദ്യ ഭാഗം ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായതിനാല്‍ അണിയറപ്രവര്‍ത്തകര്‍ രണ്ടാം ഭാഗം ചെയ്യുമോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്.

ടൊവിനോ തോമസ് നായകനായ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ അന്വേഷിപ്പിന്‍ കണ്ടെത്തുമാണ് ലിസ്റ്റിലെ അടുത്ത ചിത്രം. ഒരു അന്വേഷണസംഘത്തിന്റെ രണ്ട് വ്യത്യസ്ത കേസന്വേഷണമാണ് ചിത്രം പറഞ്ഞത്. 1970-80 കാലഘട്ടം പുനഃസൃഷ്ടിക്കുന്നതില്‍ ചിത്രം വിജയിച്ചിരുന്നു. അതേ സംഘത്തിന്റെ അടുത്ത കേസ് എന്തായിരിക്കുമെന്ന ആകാംക്ഷ നല്‍കിക്കൊണ്ടാണ് അന്വേഷിപ്പിന്‍ കണ്ടെത്തും അവസാനിച്ചത്.

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത റോം കോം ചിത്രം പ്രേമലുവിനും രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍അറിയച്ചു. 130 കോടിയാണ് പ്രേമലു ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് വിതരണം ചെയ്തത് രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയായിരുന്നു. ആദ്യ ഭാഗത്തെപ്പോലെ രണ്ടാം ഭാഗവും വന്‍ വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോയും രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കിയാണ് അവസാനിച്ചത്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ വോയിസ് ഓവറിലുള്ള ടെയില്‍ എന്‍ഡിന് വന്‍ പ്രതികരണമാണ് തിയേറ്ററില്‍ ലഭിച്ചത്. ടര്‍ബോ ജോസിന്റെ രണ്ടാം വരവ് എപ്പോഴാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടില്ല.

ജിസ് ജോയ്- ആസിഫ് അലി കൂട്ടുകെട്ടിലൊരുങ്ങിയ തലവനാണ് ലിസ്റ്റിലെ അടുത്ത ചിത്രം. ഒരിടവേളക്ക് ശേഷം ആസിഫിന് ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നല്‍കിയ ചിത്രമാണ് തലവന്‍. ബിജു മേനോനും തലവനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രണ്ട് പൊലീസ് ഓഫീസര്‍മാര്‍ തമ്മിലുള്ള ഈഗോ ക്ലാഷും കേസന്വേഷണവും പറഞ്ഞ ചിത്രത്തിന്റെ ടെയില്‍ എന്‍ഡും ഗംഭീരമായിരുന്നു. രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാകുമെന്ന് സംവധായകന്‍ ജിസ് ജോയ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

വലിയ സ്റ്റാര്‍ കാസ്റ്റ് ഒന്നുമില്ലാതെ വന്ന മികച്ചൊരു ചിത്രമായിരുന്നു ഗോളം. രഞ്ജിത് സജീവി നായകനായ ചിത്രം ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഗംഭീര ത്രില്ലറാണ്. ആര് കൊന്നു എന്നതിനെക്കാള്‍ എങ്ങനെ കൊന്നു എന്ന് അറിയാന്‍ വേണ്ടി പ്രേക്ഷകന്‍ ആകാംക്ഷയോടെ കണ്ട സിനിമയാണ് ഗോളം. രണ്ടാം ഭാഗത്തിനുള്ള സൂചന തന്നിട്ടാണ് ഗോളവും അവസാനിച്ചത്.

ബാഹുബലി സീരീസിലുടെ രാജമൗലി തുടങ്ങിവെച്ച സീക്വല്‍ ട്രെന്‍ഡ് ഇപ്പോള്‍ മലയാളത്തിലും സ്ഥിരം കാഴ്ചയാണ്. ചില സീക്വലുകള്‍ക്ക് വേണ്ടി കാത്തിരിക്കാന്‍ തോന്നുമ്പോള്‍ മറ്റ് ചില സിനിമകള്‍ക്ക് എന്തിനാണ് സീക്വല്‍ എന്ന് തോന്നിപ്പോകാറുണ്ട്. ഇത്തരം ട്രെന്‍ഡ് അധികം വൈകാതെ പ്രേക്ഷകര്‍ക്ക് മടുക്കും എന്ന സൂചനയും സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നുണ്ട്.

Content Highlight: Sequel of films becomes trend in Malayalam cinema

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം