| Saturday, 29th June 2019, 1:27 pm

സെപ്‌റ്റേജ് മാലിന്യ ശേഖരണത്തിന് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനവുമായി തിരുവനന്തപുരം നഗരസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെപ്‌റ്റേജ് മാലിന്യം വീടുകളില്‍ നിന്നും ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിനായി പുതിയ സംവിധാനമൊരുക്കി കോര്‍പറേഷന്‍. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് കോര്‍പറേഷന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ മാലിന്യം കൊണ്ടുപോകുന്നതാണ് രീതി. സ്വകാര്യ ഏജന്‍സികള്‍ മാലിന്യം ശേഖരിച്ചശേഷം പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ തള്ളുന്ന സാഹചര്യമൊഴിവാക്കാനാണ് പരിഹാരമെന്ന നിലയില്‍ നഗരസഭാ പരിധിയ്ക്കുള്ളില്‍ ഈ സംവിധാനം കൊണ്ടു വന്നിരിക്കുന്നത്.

ഓണ്‍ലൈന്‍ വഴി മാത്രമാണ് കോര്‍പറേഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഈ വാഹനങ്ങളുടെ സേവനം ലഭിക്കുകയുള്ളൂ. നഗരസഭയുടെ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്ലിക്കേഷനിലാണ് ബുക്കിങ്ങിനുള്ള സംവിധാനമുള്ളത്. ലൊക്കേഷന്‍ കൂടി കിട്ടുന്നതിനാണ് മൊബൈല്‍ ആപ്പ് വഴി ബുക്ക് ചെയ്യാന്‍ നിര്‍ദേശിക്കുന്നതെന്ന് കോര്‍പറേഷന്‍ അധികൃതര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇത്തരത്തില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മാലിന്യം എടുക്കാനുള്ള തിയ്യതിയും സമയവും നിശ്ചയിക്കാനും ബുക്ക് ചെയ്യുന്നവര്‍ക്ക് അവസരമുണ്ട്.

സെപ്റ്റേജ് മാലിന്യങ്ങള്‍ ശേഖരിക്കുന്ന ടാങ്കര്‍ ലോറികളെ കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയാണ് ആദ്യഘട്ടമെന്ന് പദ്ധതിയെ കുറിച്ച് വിശദീകരിച്ച് കൊണ്ട് ആരോഗ്യ പ്രവര്‍ത്തകനായ ടി.സി രാജേഷ് പറയുന്നു.

രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് മാത്രമേ സെപ്റ്റേജ് മാലിന്യം ശേഖരിക്കാന്‍ അനുമതിയുള്ളു. അനധികൃതമായി മാലിന്യം ശേഖരിച്ചാല്‍ അത് പിടികൂടാനും വന്‍തുകതന്നെ പിഴയായി ഈടാക്കാനും തുടങ്ങുകയും ചെയ്തു. ഇതോടെ ഒട്ടേറെ ടാങ്കറുകള്‍ നഗരസഭയുടെ പൂളിലേക്കെത്തി. നിലവില്‍ 15 ടാങ്കറുകളാണ് ഇതനുസരിച്ച് പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്ക് പ്രത്യേക കളര്‍ പാറ്റേണ്‍ നല്‍കിയിട്ടുണ്ട്. ടാങ്കറില്‍ സെപ്റ്റേജ് കളക്ഷന്‍ വെഹിക്കിള്‍ എന്ന് എഴുതിയിട്ടുമുണ്ടാകും. ടാങ്കറിലെ തൊഴിലാളികള്‍ക്ക് യൂണിഫോമും ഉണ്ട്.

മാലിന്യമെടുക്കുന്നതിന് 5000 ലിറ്റര്‍ വരെയുള്ള മാലിന്യത്തിന് 3,000 രൂപയും നികുതിയും അടയ്ക്കണം. അതിനു മുകളില്‍ 7000 ലിറ്റര്‍ വരെ 4,000 രൂപയും നികുതിയും അടയ്ക്കണം. വാഹനമെത്തുന്ന സ്ഥലത്തുനിന്ന് 50 മീറ്റര്‍ വരെ ദൂരത്തിനുള്ളിലായിരിക്കണം ടാങ്ക്. അതിനു മുകളില്‍ 120 വരെയാണ് ദൂരമെങ്കില്‍ 1,000 രൂപയും നികുതിയും കൂടി അധികമായി നല്‍കണം. 18 ശതമാനമാണ് നികുതി.

പണം ആപ്പ് വഴിയാണ് അടയ്‌ക്കേണ്ടത്. ഇതില്‍ ബാങ്ക് ഡീറ്റെയില്‍സ് ചോദിക്കുന്നുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ റീഫണ്ടിങ് ആവശ്യമായി വരുമെന്ന് കണ്ടാണ് വിവരങ്ങള്‍ ചോദിക്കുന്നത്.

ബുക്ക് ചെയ്യുന്നതിനനുസരിച്ച് ഊഴമനുസരിച്ചുള്ള രജിസ്റ്റേഡ് വാഹനത്തിന്റെ ഡ്രൈവര്‍ക്ക് സന്ദേശം ചെല്ലും. ഒപ്പം പണമടച്ച ആളിന് ഒരു ഒടിപി മൊബൈലില്‍ ലഭിക്കുകയും ചെയ്യും. മൂന്നു മിനിട്ടിനുള്ളില്‍ ആ ഡ്രൈവര്‍ സന്ദേശം സ്വീകരിച്ചില്ലെങ്കില്‍ അത് അടുത്തയാളിലേക്ക് കൈമാറപ്പെടും. സന്ദേശം ലഭിക്കുന്ന ഡ്രൈവര്‍ പണമടച്ചയാളെ വിളിച്ച് സംസാരിക്കുകയും ബുക്ക് ചെയ്തിരിക്കുന്ന സമയത്ത് വീടുകളിലോ സ്ഥാപനങ്ങളിലോ എത്തി മാലിന്യം ശേഖരിക്കുകയും ചെയ്യും. ആ സമയം ഉപയോക്താവ് ഫോണില്‍ ലഭിച്ച ഒടിപി ഡ്രൈവര്‍ക്ക് കൈമാറണം. ഈ ഒടിപി ഡ്രൈവര്‍ തങ്ങളുടെ ആപ് വഴി എന്റര്‍ ചെയ്യണം. സെപ്റ്റേജ് ശേഖരണ വാഹനത്തിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ വൈദ്യുതിയും മറ്റു സൗകര്യങ്ങളും വീട്/ സ്ഥാപന ഉടമ ലഭ്യമാക്കണം. മാലിന്യശേഖരണത്തിനുള്ള പ്രതിഫലം മാസംതോറും വാഹന ഉടമയുടെ രജിസ്റ്റേഡ് അക്കൗണ്ടിലേക്ക് കൈമാറും.

മാലിന്യം സ്വീകരിക്കുന്നതിന് ഈടാക്കുന്ന തുകയുടെ നല്ലൊരു ശതമാനം വാഹനങ്ങള്‍ക്കാണ് നല്‍കുന്നതെന്ന് കോര്‍പറേഷന്‍ പറയുന്നു. കോര്‍പറേഷന് കീഴില്‍ ഈ സംവിധാനം ആരംഭിച്ചതിന് ശേഷം സെപ്‌റ്റേജ് മാലിന്യം വഴിയില്‍ തള്ളിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മൊബൈല്‍ ആപ്പ് വഴിയല്ലാതെ നേരിട്ട് പണമടച്ച് ഈ സേവനം ലഭ്യമാക്കാനാകില്ല. കോര്‍പ്പറേഷന്റെ പരിധിക്കു വെളിയിലും സേവനം ലഭിക്കില്ല. ജി.പി.എസ് വഴി ബന്ധിപ്പിച്ചിരിക്കുന്ന ശൃംഖലയാണ് ഇതിലുള്ളത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ഡ്രൈവര്‍മാര്‍ക്കും തടസ്സമുണ്ടായാല്‍ വിളിക്കുന്നതിനായി കണ്‍ട്രോള്‍ റൂമില്‍ പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വീടുകള്‍ക്കൊപ്പം ഹോട്ടലുകള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. മലിനജലവും ഈ രീതിയില്‍ ശേഖരിക്കുന്നുണ്ട്. മുട്ടത്തറയിലെ പ്ലാന്റിലെത്തിച്ച് സെപ്‌റ്റേജ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് കോര്‍പ്പറേഷന്‍ ചെയ്യുന്നത്.

അപേക്ഷ പ്രകാരം സെപ്‌റ്റേജ് കളക്ഷന്‍ വാഹനം സ്ഥലത്തെത്തുകയും നഗരസഭയുടെയോ ലൈസന്‍സിയുടേയോ അല്ലാത്ത കാരണങ്ങളാല്‍
സെപ്‌റ്റേജ് ശേഖരിക്കാന്‍ കഴിയാതെ വരുന്ന പക്ഷം ഓണ്‍ലൈനായി അടച്ച യൂസര്‍ ഫീയില്‍ നിന്നും 1000 രൂപ നഷ്ട പരിഹാരമായി ഈടാക്കും. ശേഷം ബാക്കി തുക ഗുണഭോക്താവിന്റെ ബാങ്ക്അക്കൗണ്ടിലേയ്ക്ക് ഇലക്‌ട്രോണിക്ക് ട്രാന്‍സ്ഫറിലൂടെ തിരികെ നല്കുന്നതാണ്

ഒരുപാട് പേര്‍ ദിവസേന സംവിധാനത്തെ കുറിച്ച് വിളിച്ച് ചോദിക്കുന്നുണ്ടെന്നും വിജയകരമായാണ് പദ്ധതി മുന്നോട്ടു പോകുന്നതെന്നും കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു.

സ്വകാര്യ ഏജന്‍സികള്‍ മാലിന്യം എടുക്കുകയും വഴിയില്‍ തള്ളുകയും ചെയ്യുന്നത് കൊണ്ടാണ് സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍പ് പല വാഹനങ്ങളും കോര്‍പറേഷന്‍ പിടികൂടിയിരുന്നു. ഇത്തരത്തില്‍ പിടിക്കപ്പെട്ട വാഹനങ്ങള്‍ക്ക് അടക്കം ലൈസന്‍സ് നല്‍കിയാണ് സംവിധാനമൊരുക്കിയിരിക്കുന്നത്. ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ബുക്ക് ചെയ്യുന്നതിന് വേണ്ടിയാണ് ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

സെപ്‌റ്റേജ് മാലിന്യങ്ങളുടെ പരിപാലനം സംബന്ധിച്ച പ്രവൃത്തികള്‍ മോണിറ്റര്‍ ചെയ്യുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിച്ച് പരിഹാരം കാണുന്നതിനുമുള്ള സംവിധാനം കോര്‍പറേഷന്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

ചിത്രം കടപ്പാട്: ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്

We use cookies to give you the best possible experience. Learn more