കൊവിഡ് 19 രോഗികള്‍ക്കായി പ്രത്യേക ബൂത്തുകള്‍, റാലികള്‍ക്കായി പ്രത്യേക ഗ്രൗണ്ടുകള്‍; കൊവിഡിനിടെ തെരഞ്ഞെടുപ്പ് നടത്താന്‍ ഉറപ്പിച്ച് ബീഹാര്‍
India
കൊവിഡ് 19 രോഗികള്‍ക്കായി പ്രത്യേക ബൂത്തുകള്‍, റാലികള്‍ക്കായി പ്രത്യേക ഗ്രൗണ്ടുകള്‍; കൊവിഡിനിടെ തെരഞ്ഞെടുപ്പ് നടത്താന്‍ ഉറപ്പിച്ച് ബീഹാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st August 2020, 10:49 am

പറ്റ്‌ന: കൊവിഡിനിടെ നടക്കുന്ന ബീഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും നിര്‍ദേശങ്ങളും പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കൊവിഡ് രോഗികള്‍ക്ക് വോട്ട് രേഖപ്പെടുത്താനായി പ്രത്യേക ബൂത്തുകളും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് റാലികള്‍ നടത്താനായി പ്രത്യേക ഗ്രൗണ്ടുകളും അനുവദിക്കാനാണ് തീരുമാനം.

സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമേ ഇത്തരം റാലികള്‍ക്കും മറ്റും അനുമതി നല്‍കുകയുള്ളൂ. സെപ്റ്റംബര്‍ 20 ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് തെരഞ്ഞെടുപ്പ് തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ സംസ്ഥാനത്ത് 1.15 ലക്ഷം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 574 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ടത്. വോട്ടിങ്ങിനിടെ സാമൂഹ്യ അകലം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ പോളിങ് ബൂത്തുകളുടെ എണ്ണം 50 ശതമാനത്തിലേറെ ഉയര്‍ത്താനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. 1,06000 ആക്കി പോളിങ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് കമ്മീഷന്റെ തീരുമാനം.

കൊവിഡ് രോഗികള്‍ക്കായി ഒരുക്കുന്ന പ്രത്യേക ബൂത്തുകളില്‍ പരിശീലനം നല്‍കിയ സ്റ്റാഫുകളെയായിരിക്കും നിയോഗിക്കുക. പി.പി.ഇ കിറ്റുകള്‍ ഉള്‍പ്പെടെ നല്‍കിയാവും എല്ലാ ഉദ്യോഗസ്ഥരേയും ഇവിടെ നിയോഗിക്കുക.

റാലികള്‍ നടത്താനായി ഗ്രൗണ്ടുകള്‍ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക നേതൃത്വങ്ങളുമായും തെരഞ്ഞെടുപ്പു കമ്മീഷന്‍ ചര്‍ച്ച നടത്തും. അതേസമയം തന്നെ വിര്‍ച്വല്‍ കാമ്പയിന്‍ നടത്തുന്നതിന്റെ സാധ്യതയും പരിശോധിക്കും. രണ്ടോ മൂന്നോ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയാണ് കമ്മീഷന്‍ പരിശോധിക്കുന്നത്. നേരത്തെ ആറ് ഘട്ടങ്ങളിലായായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് രണ്ടോ മൂന്നോ മാസം നീട്ടിവെക്കുന്നതുകൊണ്ട് ഒരു നഷ്ടവും ഇല്ലെന്നും അത്തരമൊരു തീരുമാനം എടുക്കാനുള്ള വിവേകം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിക്കണമെന്നും മുന്‍ കേന്ദ്രമന്ത്രിയും യുനൈറ്റഡ് ഡെമോക്രാറ്റ് അലൈയ്ന്‍സ് കണ്‍വീനറുമായ യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു.

നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ബി.ജെ.പിയും ഒഴികെയുള്ള പാര്‍ട്ടികളെല്ലാം തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന ആവശ്യമാണ് ഉയര്‍ത്തുന്നത്. നവംബര്‍ 29നാണ് ബീഹാര്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുക.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight; Separate Booths for Covid-19 Patients, Select Grounds For Rallies Likely as EC Readies Guidelines for Bihar Polls