| Wednesday, 28th November 2018, 1:34 pm

സെന്റനല്‍ ദ്വീപിലെ ഗോത്രവിഭാഗക്കാരെ ഇനിയെങ്കിലും വെറുതെ വീടൂ; മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം അങ്ങേയറ്റം അപകടകരം: മുന്നറിയിപ്പുമായി സര്‍വൈവല്‍ ഇന്റര്‍നാഷണല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ യു.എസ് മതപ്രചാരകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ പേരില്‍ വംശനാശഭീഷണി നേരിടുന്ന ആദിവാസി സമൂഹമായ സെന്റിനല്‍സിനെ ഇനിയും ഉപദ്രവിക്കരുതെന്ന് ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ സര്‍വൈവല്‍ ഇന്റര്‍നാഷണല്‍. മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ഇരുകൂട്ടരെയും സംബന്ധിച്ച് “അങ്ങേയറ്റം അപകടകരമാണ്” എന്നാണ് സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ മുന്നറിയിപ്പു നല്‍കുന്നത്.

“ഇവരുമായി ബന്ധം സ്ഥാപിക്കുന്നത് ഇവര്‍ക്കിടയില്‍ ജ്വരം, ചിക്കന്‍പോക്‌സ് പോലുള്ള മാരകമായ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകും.” സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ കോറി പ്രസ്താവനയില്‍ അറിയിച്ചു.

“കൊല്ലപ്പെട്ട അലന്‍ ചൗവിന്റെ മൃതദേഹം അവിടെ കിടക്കട്ടെ. അതുപോലെ സെന്റിനലീസും.” അദ്ദേഹം വ്യക്തമാക്കി.

സമാനമായ പ്രസ്താവന കഴിഞ്ഞദിവസം ഒരു കൂട്ടം ഇന്ത്യന്‍ നരവംശശാസ്ത്രജ്ഞരും, എഴുത്തുകാരും ആക്ടിവിസ്റ്റുകളും തിങ്കളാഴ്ച പുറപ്പെടുവിച്ചിരുന്നു. “സെന്റിനലീസിന്റെ അവകാശങ്ങളും ആഗ്രഹങ്ങളും മാനിക്കേണ്ടതുണ്ട്. സംഘര്‍ഷവും ആശങ്കയും വര്‍ധിപ്പിച്ചുകൊണ്ട് ഒന്നും നേടാനില്ല.” എന്നായിരുന്നു ഇവര്‍ പറഞ്ഞത്.

നോര്‍ത്ത് സെന്റിനല്‍ ഐലന്റില്‍ വച്ച് നവംബര്‍ 17ന് മരണപ്പെട്ട അമേരിക്കന്‍ വംശജനായ ജോണ്‍ ചൗസിന്റെ ശരീരം ഇന്ത്യന്‍ നാവിക സേനയ്ക്കും പൊലീസിനും ഇതുവരെ കണ്ടത്താന്‍ സാധിച്ചിട്ടില്ല. നാവികസേനയും പൊലീസും ചേര്‍ന്ന് ദിവസങ്ങളായി തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും ഇതുവരെ തീരത്തടുക്കാന്‍ പോലും ഇവരെ കൊണ്ട് കഴിഞ്ഞിട്ടില്ല.

തീരപ്രദേശങ്ങളില്‍ അമ്പും വില്ലും കൊണ്ട് പ്രതിരോധം തീര്‍ത്തു നില്‍ക്കുന്ന ഗോത്ര വര്‍ഗ്ഗക്കാര്‍ക്കിടയിലേക്ക് കടന്ന് ചെല്ലുക എന്നത് ഉദ്യോഗസ്ഥര്‍ക്ക് അത്ര പെട്ടെന്ന് സാധ്യമാകുന്ന കാര്യമല്ല. മാത്രമല്ല ജോണിന്റെ മരണം കഴിഞ്ഞ് ഇത്രയും ദിവസം പിന്നിട്ട സാഹചര്യത്തില്‍ ശരീരം സമുദ്ര തീരത്ത് തന്നെ സംസ്‌ക്കരിച്ചിരിക്കാനോ, ഉപേക്ഷിച്ചിരിക്കാനോ ആണ് സാധ്യതയെന്നാണ് സേനാഗംങ്ങളുടെ നിഗമനം.

നോര്‍ത്ത് സെന്റിനല്‍ ഐലന്റിലെ ജനങ്ങളെ മതപരിവര്‍ത്തനം നടത്തുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ മിഷനറി പ്രവര്‍ത്തകരാണ് 26 വയസ്സുകാരനായ ജോണ്‍ ചൗസിനെ ഐലന്റിലേക്ക് അയക്കുന്നത്.

ആദ്യമായല്ല സെന്റിനല്‍ ഐലന്റിലെ ജനങ്ങള്‍ പുറത്തു നിന്നും അവര്‍ക്കിടയിലേക്ക് എത്തുന്ന മനുഷ്യരോട് ഈ രീതിയില്‍ അക്രമകാരികളായി പ്രതികരിക്കുന്നതെന്നാണ് അവരെ കുറിച്ച് പഠനം നടത്തുകയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത പങ്കജ് സക്കറിയ അടക്കമുള്ള നരവംശ ശാസ്ത്രജ്ഞരുടെ അഭിപ്രായം. ജോണിന്റെ ശരീരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പാഴ്ശ്രമങ്ങള്‍ മാത്രമാണെന്നും, അയാള്‍ക്കായുള്ള തിരച്ചില്‍ കൂടുതല്‍ മരണങ്ങളിലേക്കും പ്രശ്‌നങ്ങളിലേക്കും എത്തിക്കുമെന്നുമാണ് പങ്കജ് സക്കറിയയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ്.


സംഘപരിവാറുമായി അഡ്ജസ്റ്റ്‌മെന്റ് നടത്തിയത് ഞങ്ങളല്ല; ബാബറി കാലത്ത് നരസിംഹറാവുവാണ്; പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി


ഈ കഴിഞ്ഞ സംഭവത്തില്‍ സെന്റിനല്‍ ജനങ്ങളെ കുറ്റം പറയാനോ വേട്ടയാടാനോ ശിക്ഷിക്കാനോ ശ്രമിക്കുന്നതാണ് മണ്ടത്തരം. അവരെ സംബന്ധിച്ചിടത്തോളം അവരുടെ ലോകത്തിലേക്ക് കടന്നു വരുന്ന ഒരു മനുഷ്യനെയും സ്വീകരിക്കാന്‍ അവര്‍ തയ്യാറാവില്ല. കാരണം വര്‍ഷങ്ങളായി അവര്‍ പിന്തുടരുന്ന ജീവിത രീതി അത്തരത്തിലുള്ളതാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പങ്കജ് സക്കറിയയുടെ ആന്റമാന്‍ നിക്കോബാര്‍ എന്ന പുസ്തകത്തില്‍ പറയുന്ന കാര്യങ്ങളുമായി ചേര്‍ത്തു വായിച്ചാല്‍, അവര്‍ നിലവിലെ വ്യവസ്ഥിതിയോടും ഭരണ വര്‍ഗ്ഗത്തോടും പോരാടുന്നവരാണ്. അവരുടെ ഭൂമിയേയും സംസ്‌ക്കാരത്തേയും അതേപടി നിലനിര്‍ത്തുന്നതിന് വേണ്ടി മാത്രമാണ് അവര്‍ പോരടിക്കുന്നതും അക്രമകാരികള്‍ ആവുന്നതും. പൊതു സമൂഹവുമായി യാതൊരു തരത്തിലും ബന്ധപ്പെടാതെ തങ്ങളുടെ സംസ്‌ക്കാരത്തെയും ജീവിത രീതീയെയും മാത്രം ആശ്രയിച്ചും ഇഷ്ടപ്പെട്ടും ജീവിക്കുന്നവരാണ് സെനിറ്റല്‍ ജനത. അങ്ങനെ ഒരു വിഭാഗം മനുഷ്യര്‍ക്കിടയില്‍ മതത്തിനോ, മത പരിവര്‍ത്തനത്തിനോ മറ്റു മനുഷ്യര്‍ക്കോ പ്രസക്തിയില്ല. പുറത്തു നിന്നുമുള്ള ആരും അവര്‍ക്ക് അവരെ തകര്‍ക്കാന്‍ എത്തുന്നവരാണ്.

1850 കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ ഐലന്റ് പ്രദേശം കയ്യടക്കും മുമ്പ് 10 വ്യത്യസ്ത വിഭാഗങ്ങളിലായി 5000ല്‍ അധികം ഗോത്ര ജനത ഐലന്റില്‍ ഉണ്ടായിരുന്നു എന്നാണ് കണക്ക്. എന്നാല്‍ അധിനിവേശത്തിന് ശേഷം പുറത്തു നിന്നുമെത്തിയ ആളുകളുടെ സാമീപ്യവും പലവിധ രോഗങ്ങളും ഇവരെ ബാധിച്ചു. അതിനിവേശ ശക്തികളോടുള്ള ഏറ്റുമുട്ടലിലും ഇവര്‍ക്ക് നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു.


തൃപ്തി ദേശായിയെ തടഞ്ഞു, നിരോധിത മേഖലയില്‍ പ്രതിഷേധം സംഘടിപ്പിച്ചു; കെ. സുരേന്ദ്രനെതിരെ വീണ്ടും കേസ്


60000 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പാരമ്പര്യത്തെ ഇന്നും അതേപടി പിന്തുടരുന്നവരാണ് സെനറ്റില്‍ വിഭാഗം. പ്രാകൃത രീതിയില്‍ ജീവിക്കുന്നതും പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതുമാണ് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചരിത്രപരമായ തെളിവുകള്‍ മുന്‍നിര്‍ത്തി പരിശോധിച്ചാല്‍ മനുഷ്യ വിഭാഗത്തിലേക്ക് പരിണമിക്കപ്പെട്ട ആദ്യ ജനതയാണ് സെന്റിനല്‍ ഗോത്ര ജനത.

We use cookies to give you the best possible experience. Learn more