ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നടന്‍ ജയറാമും സെന്തില്‍ കൃഷ്ണയും.
അഭിമുഖത്തില്‍ അവതാരക ജയറാം എന്തെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നുമില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. ചിത്രത്തില്‍ മമ്മൂട്ടിയുണ്ടോ എന്ന കാര്യത്തെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം ചിത്രത്തില്‍ ഉണ്ടെങ്കില്‍ തന്നെ ആ കാര്യം പറയാതിരിക്കുന്നതല്ലേ നല്ലതെന്നും മമ്മൂട്ടിയുണ്ടോ ഇല്ലയോ എന്നറിയാതെ വന്ന് സിനിമ കാണണമെന്നും എന്തിനാണ് വെറുതെ കാര്യം പറഞ്ഞ് സസ്‌പെന്‍സ് കളയുന്നതെന്നും ജയറാം ചോദിച്ചു.
അവതാരക അതിന് ശേഷം സെന്തിലിന് നേരെ നോക്കിയതും താന്‍ മമ്മൂക്കയെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ തന്റെ നാലഞ്ച് ക്ലോസ് കട്ട് ചെയ്യുമെന്ന് സംവിധായകന്‍ മിഥുന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതികരണം. ഒപ്പം താരം ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിച്ചു.
‘എന്റെ നേരെ നോക്കണ്ട, ചോദിക്കുകയും വേണ്ട. ഞാന്‍ മമ്മൂക്കയെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ എന്റെ നാലഞ്ച് ക്ലോസ് കട്ട് ചെയ്യുമെന്ന് മിഥുന്‍ ചേട്ടന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ ഈ സിനിമയില്‍ ജയറാമേട്ടനെ പോലെ തന്നെ ഒരു പൊലീസുക്കാരനാണ്. ജയറാമേട്ടന്റെ കൂടെ തുടക്കം മുതല്‍ കേസ് അന്വേഷിക്കാന്‍ കൂടെ തന്നെയുണ്ട് ഞാന്‍.
ജയറാമേട്ടന്‍ പടത്തിന്റെ പ്രിവ്യൂ കണ്ട ശേഷം എന്നെ വന്നു കെട്ടിപിടിച്ചിരുന്നു. മിഥുന്‍ മാനുവല്‍ എന്ന വ്യക്തിയാണ് ഞാന്‍ ഈ സിനിമ തെരഞ്ഞെടുക്കാന്‍ കാരണമായത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ആകെ ത്രില്ല് തോന്നി. ഒറ്റയടിക്ക് ഇരുന്ന് അത് വായിച്ചു തീര്‍ത്തു. എന്റെ സിജോ എന്ന കഥാപാത്രം ചെറുതാണ് എന്നായിരുന്നു ആദ്യം പറഞ്ഞത്. പക്ഷേ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ അവസാനം വരെ ഉണ്ടായിരുന്നു,’ സെന്തില്‍ കൃഷ്ണ പറഞ്ഞു.
സെന്തിലിന്റെ കഥാപാത്രത്തെ കുറിച്ച് ജയറാമും സംസാരിച്ചു. സെന്തില്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നാകും ഈ ചിത്രത്തിലേതെന്നും ഒരു യഥാര്‍ത്ഥ പൊലീസുകാരന്‍ ആണെന്ന് നമുക്ക് തോന്നുമെന്നും താരം പറയുന്നു. ജനുവരി പതിനൊന്നിനാണ് അബ്രഹാം ഓസ്ലര്‍ തിയേറ്ററിലെത്തുന്നത്.
ജയറാമിനും സെന്തിലിനും പുറമെ ചിത്രത്തില്‍ അനശ്വര രാജനും അര്‍ജുന്‍ അശോകനും സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. ഇര്‍ഷാദ് എം. ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്.
Content Highlight: Senthil Krishna Talks About Abraham Ozler And Midhun Manuel Thomas