ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ ജൂണ്‍ 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് സെഷന്‍സ് കോടതി. റിമാന്‍ഡില്‍ ആണെങ്കിലും മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ബാലാജിക്ക് ആശുപത്രിയില്‍ തുടരാമെന്ന് ചെന്നൈ പ്രിന്‍സിപ്പാള്‍ ഡിസ്ട്രിക്ട് ജഡ്ജി എസ്.അല്ലി അറിയിച്ചു.
2011-15 കാലയളവില്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ മെട്രോ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ നിയമനങ്ങള്‍ക്ക് കോഴ വാങ്ങിയെന്നാരോപിച്ചുള്ള കേസില്‍ ഇ.ഡി ഇന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ അറസ്റ്റിന് പിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന് ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം തളര്‍ന്നുവീഴുകയായിരുന്നു. അദ്ദേഹത്തിന് ബൈപ്പാസ് സര്‍ജറി നടത്തണമെന്ന് ആശുപത്രി അധികൃതര്‍ അറിച്ചിരുന്നു.
കഴിഞ്ഞ ദിവസം ബാലാജിയുടെ വീട്ടിലും സെക്രട്ടേറിയേറ്റിലെ ഓഫീസിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.
ഔദ്യോഗിക വസതിയും സഹോദരന്റെ വീടുമടക്കം 12 കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതിന് പിന്നാലെ സെക്രട്ടറിയേറ്റിലും പരിശോധനക്കെത്തുകയായിരുന്നു. ഇ.ഡി. സംഘം എത്തുന്ന സമയത്ത് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്ന് പേര്‍ മാത്രമേ ഓഫീസിലുണ്ടായിരുന്നുള്ളൂ.
നേരത്തെ ബാലാജിക്ക് ആദായ നികുതി വകുപ്പിന്റെ പരിശോധനയുമുണ്ടായിരുന്നു. ഐ.ടി. വകുപ്പിന്റെ റെയ്ഡിന്റെ സമയത്ത് തന്നെ രാഷ്ട്രീയ പ്രേരിത നീക്കങ്ങള്‍ നടക്കുന്നുവെന്ന് അന്ന് തന്നെ ഡി.എം.കെ ആരോപിച്ചിരുന്നു.
ജയലളിതയുടെ കീഴില്‍ മന്ത്രിയായിരുന്ന ബാലാജി അഴിമതി കേസില്‍ ആരോപണം നേരിട്ടിരുന്നു. പിന്നീട് ഡി.എം.കെയിലേക്ക് എത്തിയ ഇദ്ദേഹത്തിനെതിരെ പൊലീസ്, ഇ.ഡി അന്വേഷണം നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.
2016ല്‍ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന്‍ റാവുവിനെതിരെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്ര ഏജന്‍സികളുടെ പരിശോധന അവസാനം തമിഴ്‌നാട് സെക്രട്ടറിയേറ്റില്‍ നടന്നത്.
അതേസമയം, ബാലാജിയുടെ അറസ്റ്റില്‍ ഡി.എം.കെ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി രാഷ്ട്രീയ എതിരാളികളെ പിന്‍വാതിലിലൂടെ ഭീഷണിപ്പെടുത്തുകയാണെന്നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞത്.
കടുത്ത മനുഷ്യാവകാശലംഘനമാണ് നടക്കുന്നതെന്ന് ഡി.എം.കെ നേതാവ് ഇളങ്കോയും ബി.ജെ.പി വിരട്ടിയാല്‍ തങ്ങള്‍ പേടിക്കില്ലെന്ന് യുവജനക്ഷേമ- കായികവികസന മന്ത്രി ഉദയനിധി സ്റ്റാലിനും പറഞ്ഞു.
Content Highlight: Senthil balaji sent to judicial custody till june 28