| Thursday, 16th March 2023, 11:53 pm

400 വര്‍ഷം ശിക്ഷ വിധിച്ചു; 30 വര്‍ഷം ജയിലില്‍; ഒടുവില്‍ നിരപരാധിയായ 57കാരന് മോചനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ കവര്‍ച്ചാക്കേസില്‍ 400 വര്‍ഷം ശിക്ഷ ലഭിച്ച് തടവിലിരിക്കെ നിരപരാധിയാണെന്ന് തിരിച്ചറിഞ്ഞ് 57കാരന് മോചനം. 30 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്നതിനിടെ നടന്ന പുനരന്വേഷണത്തിലാണ് ജയിലിലടക്കപ്പെട്ട ഡിസ്‌നി ഹോംസിന് ജയിലില്‍ നിന്ന് മോചനം ലഭിക്കുന്നത്. ഇയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ജയിലില്‍ നിന്ന് വിട്ടയച്ചത്.

ആയുധം ധരിച്ച് കവര്‍ച്ച നടത്തിയെന്ന കുറ്റത്തിന് 1988ലാണ് സിഡ്‌നി ഹോംസ് ജയിലിലടക്കപ്പെടുന്നത്. മോഷണം നടത്തി പോകുന്ന സംഘത്തിന് രക്ഷപ്പെടാന്‍ അവസരമൊരുക്കിയ ഡ്രൈവര്‍ ആണെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ അന്ന് അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബര്‍ ആറിനാണ് സിഡ്‌നി ഹോംസ് അറസ്റ്റ് ചെയ്യപ്പെട്ടത്.

എന്നാല്‍ കവര്‍ച്ചാ കേസ് പുനരന്വേഷണത്തിന് സംസ്ഥാനം തീരുമാനിച്ചപ്പോഴാണ് സിഡ്‌നി ഹോംസ് നിരപരാധിയാണെന്ന് വ്യക്തമാകുന്നത്. 1989ല്‍ വിചാരണ പൂര്‍ത്തിയായതിന് പിന്നാലെ ഹോംസിനെ 400 വര്‍ഷം തടവ് ശിക്ഷ നല്‍കുകയായിരുന്നു. കടയ്ക്ക് പുറത്ത് വെച്ച് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി വനിതയെ കൊള്ളയടിച്ച സംഘത്തെ രക്ഷപ്പെടുത്താനായി വാഹനമോടിച്ചത് ഹോംസാണെന്ന സാക്ഷിമൊഴിയാണ് കേസില്‍ സിഡ്‌നി ഹോംസിനെ പ്രതിയാക്കിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതും. എന്നാല്‍ ജയിലിലായിട്ടും താന്‍ നിരപരാധിയാണെന്ന് തെളിയിക്കാനുള്ള ശ്രമങ്ങള്‍ സിഡ്‌നി തുടര്‍ന്ന് കൊണ്ടിരുന്നു.

2020 നവംബറില്‍ കുറ്റക്കാരനെന്ന് വിധിച്ചതില്‍ വീണ്ടും അന്വേഷണം വേണമെന്ന് സിഡ്‌നി ഹോംസ് ബ്രൊവാര്‍ഡ് കൗണ്ടി സ്‌റ്റേറ്റ് അറ്റോണി ഹരോള്‍ഡ് പ്രയോറിനോട് ആവശ്യപ്പെടുകയായിരുന്നു.

സാക്ഷി മൊഴിയല്ലാതെ മറ്റ് തെളിവുകളൊന്നും തന്നെ ഹോംസിനെതിരെ ഇല്ലാതിരുന്നതിനാല്‍ ആവശ്യം കോടതി അംഗീകരിച്ചു.

എന്നാല്‍ പുനരന്വേഷണത്തില്‍ ഹോംസിനെ തിരിച്ചറിഞ്ഞതില്‍ പിശക് പറ്റിയതായി കോടതി കണ്ടെത്തി. ഹോംസിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ രീതികള്‍ ശാസ്ത്രീയമല്ലെന്നും അതിനാല്‍ തന്നെ വിശ്വസനീയമല്ലെന്നും പുനരന്വേഷണത്തില്‍ കണ്ടെത്തിയതായി കോടതി പറഞ്ഞു.

ഹോംസിനെ കൊള്ളക്കാരനായി ചിത്രീകരിച്ചതില്‍ തെളിവുകളില്ലെന്ന് പ്രയോറും കൂട്ടിച്ചേര്‍ത്തു.

content highlight: sentenced to 400 years; 30 years in prison; Finally, the innocent 57-year-old was released

We use cookies to give you the best possible experience. Learn more