| Tuesday, 11th September 2018, 7:45 pm

വന്‍കിട സാമ്പത്തിക തട്ടിപ്പുകാരെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു; രഘുറാം രാജന്റെ വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വന്‍കിട സാമ്പത്തിക തട്ടിപ്പുകാരെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് വിവരം നല്‍കിയിരുന്നതായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ നല്‍കിയ റിപ്പോര്‍ട്ടിലാണ് രഘുറാം രാജന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

വന്‍കിട തട്ടിപ്പുകാരെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ അതിന്‍മേല്‍ എന്തങ്കിലും നടപടി സ്വീകരിച്ചുവൊയെന്ന് അറിയില്ലെന്നും രഘുറാം രാജന്‍ പറഞ്ഞു.

മൊത്തം നിഷ്‌ക്രിയ ആസ്തിയുമായി താരതമ്യം ചെയ്താല്‍ തട്ടിപ്പ് തുക കുറവാണെങ്കിലും പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പ് വര്‍ധിച്ചു വരികയാണെന്നും രഘുറാം രാജന്‍ വ്യക്തമാക്കി. വന്‍കിട വായ്പാ തട്ടിപ്പുകള്‍ക്ക് ബാങ്കും സര്‍ക്കാരും ഒരുപോലെ ഉത്തരവാദികളാണെന്ന് രഘുറാം രാജന്‍ കൂട്ടിചേര്‍ത്തു.

ALSO READ: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു: ഞെട്ടിക്കുന്ന വിവരവുമായി ഹഫ് പോസ്റ്റ് ഇന്ത്യ

കടം തിരിച്ചു പിടിക്കല്‍ നടപടികള്‍ ശക്തമാക്കണമെന്നും, പൊതുമേഖലാ ബാങ്കുകള്‍ സര്‍ക്കാരില്‍ നിന്നും ആരോഗ്യകരമായ അകലം പാലിക്കണമെന്നും അദ്ദേഹം പറയുന്നു.

താന്‍ ഗവര്‍ണറായിരിക്കെ തട്ടിപ്പുകാരെ നിരീക്ഷിക്കുന്നതിന് ഒരു സെല്‍ രൂപീകരിച്ചിരുന്നു. അന്വേഷണ ഏജന്‍സികളെ സഹായിക്കുന്നതിനാണ് സെല്‍ രൂപീകരിച്ചത്. സെല്‍ ശേഖരിച്ച വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനേയും അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഈ വിഷയത്തില്‍ അടിയന്തര നടപടി ഉണ്ടാകണമെന്നും രഘുറാം രാജന്‍ തന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

കല്‍ക്കരിപ്പാടങ്ങളുടെ വിതരണത്തിലെ അപാകതകള്‍ മുതല്‍ അന്വേഷണം നേരിടേണ്ടി വരുമെന്ന ഭയം വരെ യു.പി.എ, എന്‍.ഡി.എ ഭരണകാലത്തെ കുറവുകളായി ഡോ. രാജന്‍ ചൂണ്ടിക്കാട്ടുന്നു.

ALSO READ: ജലന്ധര്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും; അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് അയക്കാന്‍ നീക്കം

സാമ്പത്തിക വളര്‍ച്ചയും മുരടിപ്പിലാണ്. ബാങ്കുകള്‍ അമിത ശുഭപ്രതീക്ഷ വെച്ചു പുലര്‍ത്തുന്നതും സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസമാകുന്നു.

അമിത ആത്മവിശ്വാസം പുലര്‍ത്തിയ ബാങ്കുകളാകട്ടെ വായ്പാ നടപടിക്രമങ്ങള്‍ പാലിച്ചുമില്ല. ബാങ്കിങ് മേഖലയിലെ കൃത്യമായ വിശകലനങ്ങള്‍ക്കും ആരും തയാറായിട്ടില്ല. പകരം എസ്.ബി.ഐ ക്യാപ്‌സ് , ഐ.ഡി.ബി.ഐ എന്നിവയെ അമിതമായി ആശ്രയിക്കുകയും ചെയ്തു.

ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെങ്കില്‍ മാത്രമേ നിഷ്‌ക്രിയാസ്തി കുറയ്ക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. നിഷ്‌ക്രിയ്‌സ്തി സംബന്ധിച്ച് ശക്തമായ മുന്നറിയിപ്പ് ആര്‍.ബി.ഐ ഗവര്‍ണ്ണറായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം നല്‍കിയിരുന്നു.

ALSO READ: നരേന്ദ്രമോദിയെ അവഹേളിച്ചെന്ന് ആരോപിച്ച് എ.ഐ.വൈ.എഫ് നേതാവിനെതിരെ ബി.ജെ.പിയുടെ പരാതി

നിഷ്‌ക്രിയാസ്തി പരിഹരിക്കാന്‍ പൊതുമേഖലാ ബാങ്കുകളുടെ ഭരണസംവിധാനവും, കിട്ടാക്കടം തിരിച്ചു പിടിക്കല്‍ നടപടികളും മെച്ചപ്പെടുത്തണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പൊതുമേഖലാ ബാങ്കുകളുടെ നടത്തിപ്പില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.

ലോണുകള്‍ നല്‍കുന്ന പ്രോജക്ടുകളെ കുറിച്ച ബാങ്കുകള്‍ വിശദമായി പഠിക്കണം. വായ്പ തിരിച്ചീടാക്കാനുള്ള നടപടികള്‍ ശക്തമാക്കണം. ബാങ്കുകളുടെ സ്വയംഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകരുത്, തുടങ്ങിയ നിര്‍ദ്ദേശങ്ങളും അദ്ദേഹം സമിതിക്ക് സമര്‍പ്പിച്ചു.

കിട്ടാക്കടപ്രശ്‌നം രൂക്ഷമാകാന്‍ സര്‍ക്കാരിന്റെ ഭരണ തീരുമാനങ്ങളുടെ താമസം കാരണമായിട്ടുണ്ടെന്ന് പാര്‍ലമെന്റ് പാനലിനെ അഭിസംബോധന ചെയ്യവേ രഘുറാം രാജന്‍ പറഞ്ഞു. നിഷ്‌ക്രിയ ആസ്തികളെ സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയുള്ള കൂടിയാലോചനയുടെ ഭാഗമായാണ് മുരളീ മനോഹര്‍ ജോഷി അധ്യക്ഷനായ പാര്‍ലമെന്ററി സമിതി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ട് തേടിയത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more