[share]
[] കേരളം ഏറെ ചര്‍ച്ച ചെയ്യുകയും വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത സോളാര്‍ കേസ് സിനിമയായപ്പോള്‍ സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് കട്ട് പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഈ സിനിമ ഒരു വിഭാഗത്തിനെതിരെ ഉപയോഗിക്കപ്പെടുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കേന്ദ്ര സെന്‍സര്‍ബോര്‍ഡിന്റെയും അനുമതി കൂടി വേണമെന്നാണ് സംസ്ഥാന സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്.
പക്ഷേ ഈ കടമ്പകള്‍ തീര്‍ത്തുവരുമ്പോഴേക്കും ഇവിടത്തെ തിരഞ്ഞെടുപ്പും കഴിയും. അങ്ങന തിരഞ്ഞെടുപ്പിന് മുന്‍പ് സോളാര്‍ സ്വപ്‌നത്തെ വെളിച്ചം കാണിയ്ക്കാമെന്ന അണിയറപ്രവര്‍ത്തകരുടെ ആഗ്രഹം തല്‍ക്കാലത്തേയ്ക്ക് പെട്ടിയ്ക്കകത്തായി. മാര്‍ ഇവാനിയോസ് കോളേജിലെ മലയാളം വിഭാഗം മേധാവിയും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ജോളി സഖറിയ, നടി മേനക, എഴുത്തുകാരി സുനിത, സംവിധായകന്‍ അരുണ്‍ പിള്ള, എഴുത്തുകാരനായ സുധീര്‍ പരമേശ്വരന്‍ എന്നിവരടങ്ങുന്ന സെന്‍സര്‍ബോര്‍ഡാണ് സോളാര്‍ സ്വപ്‌നം എന്ന സിനിമയ്ക്ക് അനുമതി നിഷേധിച്ചത്.
സോളാര്‍ തട്ടിപ്പ് കേസില മുഖ്യപ്രതി സരിത എസ്.നായര്‍ക്ക് പകരം ഹരിത നായരും ശാലുമേനോന് പകരം ഗായത്രി മേനോനുമൊക്കെയാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. രാജുജോസഫ് നിര്‍മ്മിച്ച് ജോയ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായ ഹരിതയെ അവതരിപ്പിക്കുന്നത് പൂജയാണ്. നര്‍ത്തകിയായ ഗായത്രിമേനോനായി തുഷാരയും ഹരിതയുടെ വക്കീലായി ദേവനുമാണ് വേഷമിട്ടിരിയ്ക്കുന്നത്. ഒപ്പം ഗായത്രിമേനോന്റെ ഐറ്റം ഡാന്‍സുമുണ്ട്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്റര്‍ബോര്‍ഡ് ശുപാര്‍ശ ചെയ്തിരിയ്ക്കുന്നത്.