മുംബൈ: കൊവിഡില്‍ വലയുന്ന രാജ്യത്തിന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ നേരിയ നേട്ടം. സെന്‍സെക്‌സ് 692.79 പോയിന്റ് നേട്ടത്തില്‍ 26,674.03 ലും നിഫ്റ്റി 190.80 പോയിന്റ് നേട്ടത്തില്‍ 7,801.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അഞ്ച് ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഓഹരിവിപണിയില്‍ ഉണ്ടായത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ നേരിട്ട വലിയ ഇടിവുകള്‍ക്ക് ശേഷം ആദ്യമായാണ് ഓഹരിവിപണി ആശ്വാസനേട്ടത്തിലേക്കെത്തുന്നത്. ബി.എസ്.ഇ മിഡ്ക്യാപ് സൂചിക 1.5 ശതമാനത്തോളം നേട്ടമുണ്ടാക്കിയെന്നതാണ് പ്രതീക്ഷ നല്‍കുന്ന മറ്റൊരു ഉയര്‍ച്ച.
നിഫ്റ്റി ബാങ്ക് സൂചിക 1.12 ശതമാനവും ഐ.ടി സൂചിക 6.13 ശതമാനവും ഉയര്‍ന്നു. ബി.എസ്.ഇയിലെ 927 കമ്പനികളും നേട്ടത്തിലായിരുന്നു. 1310 കമ്പനികള്‍ നഷ്ടം നേരിട്ടു.
ഓഹരി വിലയില്‍ 12 ശതമാനത്തിലേക്ക് ഉയര്‍ന്ന് ഇന്‍ഫോസിസാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഇന്‍ഫോസിസിന്റെ ഓഹരിയില്‍ ഉയര്‍ച്ചയുണ്ടായതാണ് നിഫ്റ്റിയെ തുണച്ചത്. അദാനി പോര്‍ട്ട്‌സ്, ബ്രിട്ടാനിയ, ബജാജ് ഫിനാന്‍സ്, മാരുതി സുസുകി തുടങ്ങിയ കമ്പനികളും നേട്ടം രേഖപ്പെടുത്തി. അതേസമയം, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ് ബാങ്ക് തുടങ്ങിയവ ഇന്ന് നഷ്ടം നേരിട്ടു.
ഒറ്റദിവസത്തെ ഏറ്റവും വലിയ നഷ്ടത്തിലായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് ധമനന്ത്രി സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചതോടെ വിപണിക്ക് ജീവന്‍ വെക്കുകയായിിരുന്നു.