മുംബൈ: ബോംബൈ ഓഹരി സൂചികയായ ബി.എസ്.ഇ സെന്‍സെക്‌സിന് മുന്നേറ്റത്തോടെ തുടക്കം. ഏഷ്യന്‍ വിപണികളിലെ മെച്ചപ്പെട്ട മുന്നേറ്റത്തിന്റെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ ഓഹരിവിപണിയും ഉണര്‍ന്നത്.
വ്യാപാരം തുടങ്ങി അഞ്ചു മിനിറ്റിനകം 88.82 പോയിന്റ് ഉയര്‍ന്ന സൂചിക 17,487.80 എന്ന തലത്തിലാണ് വ്യാപാരം പുരോഗമിച്ചത്. ഇന്നലെ 31 പോയിന്റ് ഇടിവോടെയാണ് 30 ഓഹരികളുടെ ബി.എസ്.ഇ സൂചിക വ്യാപാരം അവസാനിച്ചത്.
50 മുന്‍നിര ഓഹരികളുടെ ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും മുന്നേറ്റത്തോടെയാണ് വ്യാപാരം തുടങ്ങിയത്. കണ്‍സ്യൂമര്‍ ഡൂറബിള്‍, റിയല്‍ട്ടി, ബാങ്കിങ് ഓഹരികളിലാണ് മുന്നേറ്റം കാര്യമായി പ്രകടമായത്.
നിഫ്റ്റി 21.10 പോയിന്റോടെ 5,299.70 എന്ന തലത്തിലാണ് വ്യാപാരം പുരോഗമിച്ചത്. ഏഷ്യന്‍ മേഖലയിലെ പ്രധാന ഓഹരിസൂചികകളിലൊന്നായ ഹോങ്കോങ് ഹാങ് സെന്‍ സൂചിക വ്യാപാരം തുടങ്ങിയ വേളയില്‍ 1.30 ശതമാനം ഉയര്‍ന്നപ്പോള്‍ ജപ്പാനിലെ നിക്കി 0.76 % ഉയര്‍ന്നു.