ഓഹരി വിപണിയില്‍ പ്രതീക്ഷയുടെ പച്ചക്കൊടി; കൊവിഡിലെ തകര്‍ച്ചയ്ക്ക് ശേഷം മൂന്നാംദിവസവും നേട്ടത്തില്‍
Share Market
ഓഹരി വിപണിയില്‍ പ്രതീക്ഷയുടെ പച്ചക്കൊടി; കൊവിഡിലെ തകര്‍ച്ചയ്ക്ക് ശേഷം മൂന്നാംദിവസവും നേട്ടത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th March 2020, 5:07 pm

മുംബൈ: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ഓഹരി വിപണികളില്‍ പ്രതീക്ഷ ഉയരുന്നു. കനത്ത തിരിച്ചടികള്‍ക്ക് ശേഷമുള്ള മൂന്നാം ദിവസവും ഓഹരി സൂചികകള്‍ മികച്ച നേട്ടത്തിലാണ് അവസാനിച്ചത്.

സെന്‍സെക്‌സ് 4.94 ശതമാനവും നിഫ്റ്റി 3.89 ശതമാനവും ഉയര്‍ന്നു. ബി.എസ്.ഇയിലെ 1,483 കമ്പനികള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 766 ഓഹരികള്‍ നഷ്ടത്തിലും 164 ഓഹരികള്‍ മാറ്റമൊന്നുമില്ലാതെയും അവസാനിച്ചു.

കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിപണിയില്‍ ഉയര്‍ച്ചയുണ്ടായത്. 1,70,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി മുഖേനയാണ് പാക്കേജ്. മൂന്ന് മാസത്തേക്ക് അഞ്ച് കിലോ വീതം അരിയോ ഗോതമ്പോ സൗജന്യമായി നല്‍കും. നിലവില്‍ ലഭിക്കുന്നത് കൂടാതെ 5 കിലോ ധാന്യം ലഭ്യമാക്കും. പലവ്യജ്ഞനങ്ങളും പയര്‍വര്‍ഗങ്ങളും ഒരു കിലോ വീതം മൂന്ന് മാസത്തേക്ക് സൗജന്യമായി നല്‍കും. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്കാണ് ആനുകൂല്യം ലഭ്യമാക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ