തിരുവനന്തപുരം: കേരളത്തിലെ ദലിത് ജീവിതം പശ്ചാത്തലമാക്കി ചിത്രീകരിച്ച മലയാളം സിനിമ പപ്പിലിയോ ബുദ്ധക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. മഹാത്മാഗാന്ധിയെ അവഹേളിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ബോര്‍ഡ് നടപടി. എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും സര്‍ക്കാര്‍ ഫാസിസത്തിന്റെ ഉദാഹരണവുമാണ് സെന്‍സര്‍ ബോര്‍ഡ് നടപടിയെന്ന് സംവിധായകന്‍ ജയന്‍ ചെയറിയാന്‍ പറഞ്ഞു. []
പിപ്പീലി ബുദ്ധ എന്ന ചിത്ര ശലഭത്തെക്കുറിച്ച് പഠിക്കാനെത്തുന്ന അമേരിക്കന്‍ സംഘം ആദിവാസികളും ദലിതരും അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് നേരിട്ടറിയുന്നു. പശ്ചിമ ഘട്ട മേഖലയിലെ ദളിത് പീഡനങ്ങളും ദളിത് മുന്നേറ്റങ്ങളും ചിത്രീകരിക്കുന്നതാണ് സിനിമ. കേരളത്തില്‍ അടുത്ത കാലത്തുണ്ടായ ദലിത് ആദിവാസി വിഷയങ്ങള്‍ സിനിമ പറയുന്നുണ്ട്. ചെങ്ങറ സമരവും ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ പോലീസ് അതിക്രമവും കണ്ണൂരിലെ ദലിത് ഓട്ടോ ഡ്രൈവര്‍ക്കുണ്ടായ അനുഭവവും സിനിമ ചിത്രീകരിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമയ്ക്ക് പ്രദര്‍ശനനാനുമതി തടയുന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് കത്തില്‍ വ്യക്തമാക്കുന്നു. ദലിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള പോലീസ് അതിക്രമങ്ങളുടെയും ദലിതരെ ജാതിപ്പേര്‍ വിളിച്ച് അവഹേളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിനിമയിലുണ്ടെന്നും അനുമതി നിഷേധിക്കാന്‍ കാരണമായി സെന്‍സര്‍ ബോര്‍ഡ് പറയുന്നുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ നടപടി ഫാസിസമാണെന്നും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും സംവിധായകന്‍ ജയന്‍ ചെറിയാന്‍ വ്യക്തമാക്കി. കലാപരമായ സൃഷ്ടിക്കെതിരെയുള്ള സെന്‍സര്‍ ബോര്‍ഡിന്റെ ഇത്തരം നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. സിനിമ മുന്നോട്ട് വെക്കുന്ന നഗ്‌ന സത്യങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. സെന്‍സര്‍ ബോര്‍ഡ് തടഞ്ഞതുകൊണ്ടുമാത്രം സിനിമ ഇല്ലാതാവില്ലെന്നും പുതിയ കാലത്ത് സിനിമ ജനങ്ങളിലെത്തിക്കുന്നതിന് വേറെയും മാര്‍ഗമുണ്ട്. സെന്‍സര്‍ ബോര്‍ഡ് നടപടിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് അടുത്ത കാലത്തായി ഉയര്‍ന്നുവന്ന ദലിത് രാഷ്ട്രീയത്തെ പ്രമേയമാക്കിയതാണ് സിനിമയ്ക്ക് അനുമതി നിഷേധിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തുന്നത്. കേരളത്തില്‍ പ്രചാരം നേടിവരുന്ന ബുദ്ധമത ആശയത്തെയും സിനിമ അടിസ്ഥാനമാക്കുന്നുണ്ട്.