| Sunday, 27th November 2022, 10:37 am

ജനഗണമന പോലും അറിയാത്തവരാണോ അയല്‍കൂട്ടത്തിലെ സ്ത്രീകള്‍? സെന്‍സില്ലാത്ത ഡയലോഗിനൊപ്പം ട്രാന്‍സ്‌ഫോബിക് കോമഡിയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Spoiler Alert
ഉണ്ണി മുകുന്ദന്‍ നായകനായ ഷെഫീക്കിന്റെ സന്തോഷം നവംബര്‍ 25നാണ് തിയേറ്ററുകളിലെത്തിയത്. അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രം ഒരു നാട്ടിന്‍പുറത്തുകാരനായ ചെറുപ്പക്കാരന്റെ നന്മ നിറഞ്ഞ ജീവിതമാണ് കാണിക്കുന്നത്. നാട്ടിന്‍പുറവും അവിടുത്തെ നാട്ടുകാരേയും തന്നെയാണ് ചിത്രത്തില്‍ കാണിച്ചുപോകുന്നത്.

ഫസ്റ്റ് ഹാഫില്‍ കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. എന്നാല്‍ കോമണ്‍സെന്‍സ് പോലും യൂസ് ചെയ്യാതെ കൂട്ടിച്ചേര്‍ത്ത ചില കോമഡി രംഗങ്ങള്‍ ചിത്രത്തിലുണ്ട്. രണ്ട് സ്ത്രീകളുടെ സംസാരമാണ് ഈ രംഗത്തില്‍ കാണിക്കുന്നത്. കഴിഞ്ഞ ദിവസം അയല്‍ക്കൂട്ടം തീരുന്നതിന് മുമ്പ് എന്തിനാണ് ഇറങ്ങിപ്പോയതെന്നാണ് ഒരു സ്ത്രീ ചോദിക്കുന്നത്. അവസാനം പാടുന്ന പാട്ട് എനിക്കറിയില്ല എന്നാണ് രണ്ടാമത്തെ സ്ത്രീ മറുപടി പറയുന്നത്. എടീ അത് പാട്ടല്ല, ദേശീയ ഗാനമാണ് എന്നാണ് ആദ്യത്തെ സ്ത്രീ അപ്പോള്‍ തിരുത്തിക്കൊടുക്കുന്നത്.

ഒരു കോമഡി രംഗമായിട്ടാണ് ഈ ഡയലോഗുകള്‍ പറയുന്നത് ചിത്രീകരിച്ചിരിക്കുന്നത്. ഇത് കേട്ടാല്‍ ഈ സ്ത്രീകള്‍ ഇന്ത്യയില്‍ തന്നെയല്ലേ ജീവിക്കുന്നത് എന്നേ പ്രേക്ഷകര്‍ ചിന്തിക്കുകയുള്ളൂ. എല്‍.പി. സ്‌കൂള്‍ മുതല്‍ തന്നെ ജനഗണമന കേട്ടാണ് കേരളത്തിലെ ജനങ്ങള്‍ വളരുന്നത്. സമ്പൂര്‍ണ സാക്ഷരതയുള്ള കേരളത്തില്‍ ഇവര്‍ സ്‌കൂളില്‍ പോവാതിരിക്കാന്‍ സാധ്യതയില്ല.

ഇനി പോവാതിരുന്നാല്‍ തന്നെ ദേശീയ ഗാനം നിത്യജീവിതത്തില്‍ എപ്പോഴെങ്കിലും കേള്‍ക്കുന്ന എത്രയോ സാഹചര്യങ്ങള്‍ ഉണ്ടാവുന്നുണ്ട്. ദേശീയ ഗാനത്തിന്റെ വരികള്‍ അറിയാത്ത, അത് കേള്‍ക്കുമ്പോള്‍ പോലും ദേശീയ ഗാനമാണെന്ന് തിരിച്ചറിയാത്ത ഇത്തരം കഥാപാത്രങ്ങളെ ഏത് സെന്‍സ് വെച്ചാണ് എഴുത്തുകാരന്‍ സൃഷ്ടിക്കുന്നത്.

ട്രാന്‍സ്‌ഫോബിക്കായ കോമഡിയും ചിത്രത്തിലുണ്ട്. അല്പം സ്‌ത്രൈണ ഭാവങ്ങളുള്ള ഒരു കഥാപാത്രം കല്യാണം വിളിക്കാന്‍ വരുമ്പോള്‍ നിനക്കും പെണ്ണ് കിട്ടിയോടാ എന്നാണ് പെണ്ണുകിട്ടാത്ത ബാലയുടെ കഥാപാത്രം അത്ഭുതത്തോടെ ചോദിക്കുന്നത്.

അങ്ങനെയുള്ള ചില സെന്‍സ്‌ലെസ് കോമഡികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കണ്ടിരിക്കാവുന്ന ഒരു ഫീല്‍ ഗുഡ് ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഷെഫീക്കായി ഉണ്ണി മുകുന്ദന്‍ പ്രകടനവും ചിത്രത്തിന് മുതല്‍ക്കൂട്ടാവുന്നുണ്ട്, പ്രത്യേകിച്ചും ഇമോഷണല്‍ രംഗങ്ങളില്‍. ബാലയുടെ തമിഴ് സ്ലാങ്ങിലുള്ള ഡയലോഗും കോമഡികളും അദ്ദേഹത്തിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ നിന്നും പുതുമയുള്ളതായിരുന്നു.

Content Highlight: senseless comedy in shefeekkinte santhosham

We use cookies to give you the best possible experience. Learn more