അന്താരാഷ്ട്ര വിമര്‍ശനത്തില്‍ കേന്ദ്രത്തിന് അടിതെറ്റുന്നു; സെലിബ്രിറ്റികള്‍ ഇതൊന്നും ഏറ്റെടുക്കുന്നത് ശരിയല്ലെന്ന് മുന്നറിയിപ്പ്
farmers protest
അന്താരാഷ്ട്ര വിമര്‍ശനത്തില്‍ കേന്ദ്രത്തിന് അടിതെറ്റുന്നു; സെലിബ്രിറ്റികള്‍ ഇതൊന്നും ഏറ്റെടുക്കുന്നത് ശരിയല്ലെന്ന് മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd February 2021, 1:55 pm

ന്യൂദല്‍ഹി: കര്‍ഷക സമരത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെ മുന്നറിയിപ്പുമായി കേന്ദ്രം. ഒരു ചെറിയ വിഭാഗം കര്‍ഷകര്‍ മാത്രമാണ് പ്രതിഷേധിക്കുന്നതെന്നും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ലാത്ത പ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ചും സെലിബ്രിറ്റികളുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം പറഞ്ഞു.

” ഈ പ്രതിഷേധം ഇന്ത്യയുടെ ജനാധിപത്യ ധാര്‍മ്മികതയുടെയും രാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തില്‍ കാണേണ്ടതാണെന്ന് ഞങ്ങള്‍ ഊന്നിപ്പറയുന്നു. ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ തിരക്കുകൂട്ടുന്നതിനുമുമ്പ് വസ്തുതകള്‍ കണ്ടെത്തണമെന്നും പ്രശ്‌നങ്ങളെക്കുറിച്ച് ശരിയായ ധാരണയുണ്ടാകണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,” വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയിലെ കര്‍ഷകരില്‍ വളരെ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് നിയമത്തില്‍ ആശങ്കയുള്ളതെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. പ്രതിഷേധിക്കുന്ന കര്‍ഷകരുടെ വികാരം മാനിച്ച് തങ്ങള്‍ നിയമം നടപ്പിലാക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെക്കാമെന്ന് പോലും പറഞ്ഞുവെന്നും കേന്ദ്രം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തിന് പിന്നാലെ പറഞ്ഞു. സെന്‍സേഷണലിസ്റ്റ് ഹാഷ് ടാഗുകളും കമന്റുകളും സെലിബ്രിറ്റികള്‍ ഏറ്റെടുക്കുന്നത് ഉത്തരവാദിത്തപരമല്ല എന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

കര്‍ഷക സമരത്തിന് പിന്തുണയുമായും കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ചും അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ശക്തമാകുന്നതിന് പിന്നാലെയാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിഷയത്തില്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതരായത്.

പോപ് ഗായികയായ റിഹാന, പരിസ്ഥി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് തുടങ്ങിയവര്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിനോടൊപ്പം തന്നെ ഇവര്‍ ഇന്റര്‍നെറ്റ് സസ്‌പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

സ്റ്റോപ്പ് കില്ലിങ്ങ് ഫാര്‍മേഴ്സ് എന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ പ്രതികരണവുമായി മീനാ ഹാരിസ് മുന്നോട്ട് വന്നത്.

”ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യം ഒരു മാസം മുന്‍പ് ആക്രമിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ആക്രമിക്കപ്പെടുകയാണ്.

ഇത് യാദൃശ്ചികമല്ല, ഇത് രണ്ടും ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇന്ത്യയിലെ കര്‍ഷകര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന ആക്രമണത്തേയും ഇന്റര്‍നെറ്റ് നിരോധനത്തേയും അപലപിക്കേണ്ടതാണ്,” മീനാ ഹാരിസ് ട്വീറ്റ് ചെയ്തു.
പ്രതിഷേധ സ്ഥലങ്ങളിലെ ഇന്റര്‍നെറ്റ് നിരോധനം നടപ്പാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെയായിരുന്നു ഗ്രെറ്റ തന്‍ബര്‍ഗും പോപ് ഗായിക റിഹാനയും രംഗത്തെത്തിയത്. ഏതു വിധേനെയും കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാരിനെ സമരത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്ന ഈ പിന്തുണ ആശങ്കപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം റിഹാനയും ഇന്റര്‍നെറ്റ് നിരോധനത്തെ കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചുകൊണ്ട് നമ്മള്‍ എന്തുകൊണ്ടാണ് ഇതേകുറിച്ച് സംസാരിക്കാത്തത് എന്ന് ട്വീറ്റ് ചെയ്തിരുന്നു.

മോദി സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ട് മാസത്തിലേറെയായി തെരുവില്‍ പ്രതിഷേധിക്കുകയാണ് കര്‍ഷകര്‍. ഇതുവരെയും കാര്‍ഷിക നിയങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് അന്തിമമായ ഒരു തീരുമാനം കേന്ദ്രം എടുത്തിട്ടില്ല.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ച സാഹചര്യത്തിലും തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകമായൊരു ബജറ്റ് നടത്തണമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണയുമായി പഞ്ചാബ് സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ദല്‍ഹി പൊലീസ് കേസ് ചുമത്തിയ കര്‍ഷകര്‍ക്ക് നിയമസഹായം വേഗത്തില്‍ നല്‍കാനുള്ള നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു. ഇതിനായി 70 അഭിഭാഷകരുടെ ഒരു സംഘത്തെ ദല്‍ഹിയില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ദല്‍ഹിയിലെ ട്രാക്ടര്‍ റാലിക്കിടെ കാണാതായ കര്‍ഷകരുടെ പ്രശ്നത്തില്‍ നേരിട്ട് ഇടപെടുമെന്നും ഈ വ്യക്തികള്‍ സുരക്ഷിതമായി വീട്ടിലെത്തുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹായത്തിനായി 112 എന്ന നമ്പറില്‍ വിളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: “Sensationalist”: Government As Foreign Celebs Back Farmers’ Protest