ജയ്പുര്‍: ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കേരളക്കരയ്ക്ക് ഇരട്ടി ആവേശമായിരുന്നു. ബാറ്റുകൊണ്ടും ബോളുകൊണ്ടും കേരളത്തെ ദേശീയ ക്രിക്കറ്റില്‍ അടയാളപ്പെടുത്തുന്ന രണ്ട് താരങ്ങള്‍ തമ്മിലുള്ള മത്സരം കൂടിയായിരുന്നു അത്.
രാജസ്ഥാനായി സഞ്ജു സാംസണും ഹൈദരാബാദിനായി ബേസില്‍ തമ്പിയും കളത്തിലിറങ്ങിയപ്പോള്‍ ഇരുവരും കളത്തില്‍ നേര്‍ക്കുനേര്‍ വരുമോയെന്നായിരുന്നു ആരാധകര്‍ ശ്രദ്ധയോടെ നോക്കിയിരുന്നത്. ഹൈദരാബാദിന്റെ ആദ്യ ഇന്നിങ്‌സിനു ശേഷം രാജസ്ഥാന്റെ ഇന്നിങ്സ് തുടങ്ങിയപ്പോള്‍ തന്നെ മലയാളികള്‍ കാത്തിരുന്ന മുഹൂര്‍ത്തമെത്തുകയും ചെയ്തു.
രാജസ്ഥാനു തുടക്കത്തില്‍ തന്നെ ഓപ്പണര്‍ രാഹുല്‍ ത്രിപാദിയെ നഷ്ടമായതോടെയാണ് സഞ്ജു ക്രീസിലെത്തുന്നത്. ഇതോടെ നാലാം ഓവര്‍ എറിയാന്‍ ബേസില്‍ എത്തിയപ്പോള്‍ ആരാധകര്‍ കാത്തിരുന്ന മലയാളിപ്പോരിനു കളമൊരുങ്ങുകയും ചെയ്തു. ആദ്യ പന്തില്‍ തന്നെ ബേസിലിനെ ബൗണ്ടറി കടത്തിയ സഞ്ജു അടുത്ത പന്ത് സിക്സിലേക്ക് പായിച്ച് മലയാളിപ്പോരിനു മാറ്റുകൂട്ടി.
അടുത്ത ബോള്‍ മിസ്സാക്കിയ സഞ്ജു നാലാം പന്തില്‍ വീണ്ടും ഫോറടിക്കുകയും ചെയ്തു. രഞ്ജിയില്‍ കേരളത്തിനായി ഒരുമിച്ചിറങ്ങുന്ന താരങ്ങള്‍ മുഖാമുഖം വന്നപ്പോള്‍ കരുത്തുകാട്ടിയത് സഞ്ജു തന്നെയായിരുന്നു. മത്സരത്തില്‍ 30 പന്തുകളില്‍ നിന്ന് 40 രണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.
അതേസമയം മത്സരത്തിന്റെ അവസാന ഓവറില്‍ ഹൈദരാബാദിനായി മികച്ച പ്രകടനമാണ് ബേസില്‍ പുറത്തെടുത്തത്. രാജസ്ഥാന് ജയിക്കാന്‍ 21 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ 10 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. മത്സരത്തില്‍ 11 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ വിജയം.