മലയാളത്തിലെ ഏറ്റവും അണ്ടര്‍റേറ്റഡായ ആക്ടറാണ് ഷറഫുദ്ദീനെന്ന് സെന്ന ഹെഗ്‌ഡേ. കോമഡി, വില്ലന്‍, അര്‍ബന്‍, നാടന്‍ റോളുകള്‍ അദ്ദേഹം മികച്ച രീതിയില്‍ ചെയ്യുമെന്നും മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ സെന്ന പറഞ്ഞു.
‘1744 വൈറ്റ് ഓള്‍ട്ടോയുടെ സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞപ്പോള്‍ വന്ന ഫസ്റ്റ് ചോയ്‌സ് ആയിരുന്നു ഷറഫ്. വേറെ ഒരാളെ പറ്റിയും ചിന്തിച്ചിട്ടില്ല. ഷറഫ് തിങ്കളാഴ്ച നിശ്ചയം കണ്ടിട്ടുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിനും ഞങ്ങളുടെയൊപ്പം വര്‍ക്ക് ചെയ്യണമെന്നുണ്ടായിരുന്നു.
എന്റെ അഭിപ്രായത്തില്‍ മലയാളത്തിലെ ഏറ്റവും ഇന്ററസ്റ്റിങ്ങായ, അണ്ടര്‍റേറ്റഡായ ആക്ടറാണ് ഷറഫ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം കാണിച്ച ഒരു റേഞ്ചുണ്ട്. കോമഡി ചെയ്യണേല്‍ കോമഡി ചെയ്യാം. നാടന്‍ പടമാണെങ്കില്‍ അത്. അര്‍ബന്‍, വില്ലന്‍, ഒരു കപ്ലീറ്റ് ആക്ടര്‍ എന്ന നിലയിലുള്ള സ്‌കില്ലുകള്‍ അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് ഷറഫ് ഒരു ഈസി ചോയ്‌സാണ്. അയാം എ ബിഗ് ഫാന്‍ ഓഫ് ഹിസ് വര്‍ക്ക്. ഷറഫ് നല്ല സഹകരണമായിരുന്നു. വളരെ നല്ല എക്‌സ്പീരിയന്‍സായിരുന്നു,’ സെന്ന പറഞ്ഞു.
ഷറഫുദ്ദീനെ കേന്ദ്രകഥാപാത്രമാക്കി സെന്ന സംവിധാനം ചെയ്ത 1744 വൈറ്റ് ആള്‍ട്ടോ റിലീസിനൊരുങ്ങുകയാണ്. വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍.ജെ. നില്‍ജ, രഞ്ജി കാങ്കോല്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
കബനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണം. ജനപ്രിയ മ്യൂസിക് ലേബലായ തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ സംഗീത അവകാശം സ്വന്തമാക്കിയത്.
Content Highlight: senna hegde says he is a big fan of sharafudheen’s work